24 October Thursday

മാസ്റ്റർ 
ക്രാഫ്‌റ്റ്‌സ്‌മാൻ

കെ ബി വേണുUpdated: Monday Sep 25, 2023

മലയാള സിനിമ വിപ്ലവകരമായ മാറ്റത്തിലേക്ക്‌ പ്രവേശിച്ച ദശകത്തിലെ പ്രതിഭാശാലികളായ സംവിധായകരിൽ മുൻനിരയിലുണ്ടായി കെ ജി ജോർജ്‌. 1976ൽ ഇറങ്ങിയ ‘സ്വപ്‌നാടനം' ആ ദിശാമാറ്റത്തെ അടയാളപ്പെടുത്തി. സിനിമയ്‌ക്ക്‌ പുതിയ ഭാഷയും ഭാവുകത്വവും നൽകിയ അടൂർ ഗോപാലകൃഷ്‌ണൻ (സ്വയംവരം), ജി അരവിന്ദൻ (ഉത്തരായനം) എന്നിവരോടൊപ്പമാണ്‌ ജോർജ്‌ വന്നത്‌. ഭരതനും പത്മരാജനും ചേർന്നൊരുക്കിയ ‘പ്രയാണം' അക്കാലത്തിന്റെ സംഭാവന.
മലയാള സിനിമ കണ്ടിട്ടില്ലാത്തവിധം സ്വപ്‌നങ്ങളെയും ഭ്രമാത്മക ബിംബങ്ങളെയും കൊരുത്ത ചലച്ചിത്രമായിരുന്നു ജോർജിന്റെ സ്വപ്‌നാടനം. സിനിമയോടും അതിന്റെ രൂപഭാവങ്ങളോടുമുള്ള നൂതന സമീപനവും നടീനടന്മാരുടെ സ്വാഭാവിക അഭിനയരീതിയുംകൊണ്ട്‌ അത്‌ വ്യതിരിക്തമായി. നായകനായ ഡോ. മോഹൻദാസ് അരവിന്ദന്റെ ഉത്തരായനത്തിലെയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. റാണി ചന്ദ്ര, സോമൻ, മല്ലിക സുകുമാരൻ എന്നിവരും അഭിനേതാക്കൾ. കാലങ്ങൾക്കുശേഷവും പുതുമയോടെ നിലനിന്ന ചിത്രം.

ആ വർഷത്തെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും സോമനും മല്ലികയ്ക്കും മികച്ച സഹനടനും സഹനടിക്കുമുള്ള സംസ്ഥാന അംഗീകാരവും ലഭിച്ചു. അക്കാലത്തെ ന്യൂജൻ സിനിമയായി സ്വപ്‌നാടനം. തുടർന്ന്‌, ജോർജ്‌ സംവിധാനംചെയ്ത ‘വ്യാമോഹം' (1977) ശ്രദ്ധിക്കപ്പെട്ടില്ല. ആ ചിത്രത്തിലാണ് ഇളയരാജ ആദ്യം മലയാളത്തിലെത്തുന്നത്. ‘മണ്ണ്', ‘ഇനി അവൾ ഉറങ്ങട്ടെ', ‘ഓണപ്പുടവ' എന്നിവയും അതേ ഗണത്തിൽപ്പെട്ടവ. എന്നാൽ, പത്മരാജന്റെ തിരക്കഥയിൽ സംവിധാനംചെയ്‌ത ഒരേയൊരു സിനിമ ‘രാപ്പാടികളുടെ ഗാഥ' വിജയമായി. എഴുപതുകളിൽ യുവാക്കളെ പിടികൂടിയ മയക്കുമരുന്ന്‌ ഉപയോഗവും മാനസികപ്രശ്‌നങ്ങളുമായിരുന്നു സോമനും വിധുബാലയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ അതിലെ പ്രമേയം. തുടർന്ന്‌ ‘ഉൾക്കടൽ' ജോർജിന്റെ ഭാവുകത്വപരിണാമം കൃത്യമായി അടയാളപ്പെടുത്തി. ജോർജ് ഓണക്കൂറിന്റെ നോവൽ അടിസ്ഥാനമാക്കിയ അത്‌ (1979) മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ ക്യാമ്പസ് സിനിമയായി.  ചിത്രം ചെറുപ്പക്കാർക്കിടയിൽ വലിയ ചലനമുണ്ടാക്കി.

കുള്ളനെ നായകനാക്കി ജോർജ്‌ ചെയ്‌ത ‘മേള' (രഘു)യും വ്യത്യസ്‌തത പുലർത്തി. മമ്മൂട്ടി ആദ്യമായി പ്രധാന വേഷത്തിലെത്തിയ ചിത്രം. അതിലെ നായകതുല്യമായ വേഷമാണ്‌ മമ്മൂട്ടിയെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്‌. പിന്നീട്‌ പി ജെ ആന്റണിയുടെ ‘ഒരു ഗ്രാമത്തിന്റെ ആത്മാവ്' നോവൽ അടിസ്ഥാനമാക്കിയ ‘കോലങ്ങൾ'. തുടർന്ന്‌ നാടക കലാകാരന്മാരുടെ ജീവിതകഥ ത്രില്ലർ ഫോർമാറ്റിൽ പറഞ്ഞ ‘യവനിക' ചലച്ചിത്ര വിദ്യാർഥികൾക്കുള്ള പാഠപുസ്‌തകം. സിനിമയ്ക്കുള്ളിലെ സിനിമയായ ‘ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്' ഒരു അഭിനേത്രിയുടെ പടിപടിയായുള്ള തകർച്ച പറയുന്നു. സമ്പൂർണ രാഷ്‌ട്രീയ സിനിമയെന്ന്‌ വിശേഷിപ്പിക്കാവുന്ന ‘ഇരകൾ', പകരം മറ്റൊന്നു പറയാനില്ലാത്ത തരത്തിൽ കാരിക്കേച്ചർ രൂപത്തിൽ സൃഷ്ടിച്ച ‘പഞ്ചവടിപ്പാലം', സി വി ബാലകൃഷ്ണന്റെ നോവൽ അവലംബമാക്കിയ ‘മറ്റൊരാൾ', മലയാള സിനിമയിലുണ്ടായ  മികച്ച സ്ത്രീപക്ഷ സിനിമകളിലൊന്നെന്ന്‌ പറയാവുന്ന ‘ആദാമിന്റെ വാരിയെല്ല്'  ഇവയെല്ലാം ജോർജ് സ്വീകരിച്ച പ്രമേയവൈവിധ്യം വ്യക്തമാക്കും. ഒരിക്കലും സ്വയം ആവർത്തിച്ചിട്ടില്ലാത്ത ചലച്ചിത്രകാരൻ.

കൃതഹസ്തനായ തിരക്കഥാകൃത്തു കൂടിയാണ് ജോർജ്‌. സ്വയമെഴുതിയവയിലും സഹകരിച്ചെഴുതിയവയിലും അവസാന കൈയൊപ്പ് തന്റേതായിരുന്നെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇരകളുടെയും കോലങ്ങളുടെയും സ്‌ക്രിപ്റ്റുകൾ ആ മേഖലയിൽ ജോർജിനുള്ള മികവ് കാണിക്കുന്നു. സിനിമ എന്ന മാധ്യമത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ആഴത്തിൽ പരിജ്ഞാനമുണ്ടായിരുന്ന സംവിധായകൻ.  സിനിമ താരാധിപത്യത്തിനു വഴിമാറിയ തൊണ്ണൂറുകളുടെ അവസാനത്തിലാണ് ജോർജ് സജീവ ചലച്ചിത്ര ജീവിതം അവസാനിപ്പിച്ചത്. താരങ്ങളുടെ അടുത്തുചെന്ന്‌ ഡേറ്റിന്‌ അപേക്ഷിക്കേണ്ട അവസ്ഥ വന്നു. സിനിമ സംവിധായകന്റെ കലയല്ലാതെ മാറിയ കാലത്ത് ഇനി വേണ്ടെന്ന്‌ തീരുമാനിച്ചു. സ്വന്തം ക്രാഫ്റ്റ്സ്‌മാൻഷിപ്പിൽനിന്ന് അകന്നുനിൽക്കുന്ന ഒരു സിനിമയും ഉണ്ടാകാതിരുന്നതും അതുകൊണ്ട്‌ (ഒത്തുതീർപ്പ് ചെയ്യേണ്ടിവന്നെന്ന് സമ്മതിക്കുന്ന ഒന്ന്‌ ‘ഇലവങ്കോടുദേശ'മാണ്).

ഒരു സിനിമ ചെയ്യാൻ പോകുമ്പോൾ മനസ്സിൽ നിറയെ സ്വപ്‌നങ്ങളാണ്, അതിന്റെ ഇമേജുകളാണ്. ലൊക്കേഷനുകളിൽ പോയി അവ ഷൂട്ട് ചെയ്‌താൽമാത്രം മതി എന്നാണ് ജോർജ് പറയാറുണ്ടായിരുന്നത്. തനിക്കൊപ്പം സഹകരിക്കുന്ന നടീനടന്മാരുടെ കഴിവുകൾ പരമാവധി ഉപയോഗിച്ചിരുന്ന സംവിധായകൻകൂടിയായിരുന്നു അദ്ദേഹം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top