Deshabhimani

Articles

കമലിന്റെ 40 വർഷങ്ങൾ

കമലിന്റെ 40 വർഷങ്ങൾ

kamal
കെ എ നിധിൻ നാഥ്‌

Published on Jun 28, 2026, 04:44 AM | 6 min read

ഇത്രയും കാലം നിൽക്കാൻ കഴിഞ്ഞു എന്നതുതന്നെയാണ്‌ വലിയ കാര്യം. സിനിമയിൽ എല്ലാക്കാലത്തും വലിയ മത്സരമാണ്‌. ഞാനൊക്കെ വന്ന കാലത്ത്‌ സിനിമയിൽ ഒരു തലമുറ എന്നുപറഞ്ഞാൽ 25 വർഷമാണ്‌. അഭിനേതാക്കൾ പിന്നെയും കുറേ കാലം നിൽക്കും. മുഖ്യധാരാ മലയാള സിനിമയുടെ ഒരു മൂന്നാം തലമുറയുടെ കാലത്താണ്‌ ഞാനൊക്കെ വരുന്നത്‌. സേതുമാധവൻ, എം കൃഷ്ണൻ നായരുടെ തലമുറ. അതിനുശേഷം കെ ജി ജോർജ്‌, ഭരതൻ അവരൊക്കെ. അതിനുശേഷമാണ്‌ എഴുപതുകളുടെ അവസാനമോ എൺപതുകളിലോ ഞാനടക്കമുള്ളവർ വരുന്നത്‌. സത്യൻ അന്തിക്കാട്‌, സിബി മലയിൽ, ശ്രീനിവാസൻ ഒക്കെ ഇ‍ൗ കാലത്താണ്‌ വരുന്നത്‌. ആ തലമുറ 25 വർഷം കഴിയുമ്പോൾ മാറേണ്ടതാണ്‌. അതിനുശേഷം വന്ന തലമുറ 10 വർഷത്തിലൊക്കെ മാറുന്ന സ്ഥിതിയുണ്ട്‌. ആ ഘട്ടത്തിൽ 40 വർഷം നിലനിൽക്കാനായി എന്നത്‌ വലിയ കാര്യമായാണ്‌ തോന്നുന്നത്‌.


വ്യത്യസ്‌ത ജോണറുകൾ


വ്യത്യസ്‌ത ജോണറുകളിലെ സിനിമകൾ തീരുമാനിച്ച്‌ ചെയ്‌തതല്ല. അടിപ്പടങ്ങൾ ചെയ്യാൻ പറ്റില്ല എന്ന തോന്നലുണ്ടായിരുന്നു. ഹോളിവുഡിലൊക്കെ കാണുന്നപോലെ സാങ്കേതികമായ പെർഫക്ഷനോടെ ചെയ്യാൻ പറ്റുന്ന സാഹചര്യവും അന്നുണ്ടായിരുന്നില്ല. അങ്ങനെ ആ ആക്ഷൻചിത്രങ്ങളിൽനിന്ന്‌ മാറി നടന്നു. ‘ഓർക്കാപ്പുറത്ത്‌’ മാത്രമാണ്‌ ആക്ഷനുള്ള സിനിമ. ‘വിഷ്‌ണുലോക’ത്തിൽ ആക്ഷനുണ്ടെങ്കിലും അതിൽ കഥയും ജീവിതവുമൊക്കെയുണ്ട്‌. ഓർക്കാപ്പുറത്ത്‌ ട്രഷർഹണ്ടും തമാശയുമൊക്കെയുള്ള ചിത്രമാണ്‌. ആദ്യ ചിത്രമായ മിഴിനീർപൂവുകൾ ജോൺപോളാണ്‌ തിരക്കഥ. അതിലൊരു നെഗറ്റീവ്‌ കഥാപാത്രമാണ്‌. നടന്ന സംഭവത്തിൽനിന്ന്‌ ആശയമെടുത്താണ്‌ സിനിമ ചെയ്‌തത്‌. ജീവിതം അടിച്ചുപൊളിച്ച്‌ ആസ്വദിച്ച്‌ നടക്കുന്ന ഒരു കഥാപാത്രമാണ്‌ റിച്ചാർഡ്‌. പക്ഷെ അതിനെ ഗ്ലോറിഫൈ ചെയ്യാൻ ശ്രമിച്ചിട്ടില്ല. അതിനുശേഷമാണ്‌ മോഹൻലാലും കുട്ടികളും എന്ന ആശയത്തിൽനിന്ന്‌ ‘ഉണ്ണികളെ ഒരു കഥപറയാം’ ചെയ്യുന്നത്‌. അതെനിക്ക്‌ വളരെ ഇഷ്ടപ്പെട്ട സിനിമയാണ്‌. ദൃശ്യങ്ങളും പാട്ടുകളുമെല്ലാം ചേർന്ന സിനിമയാണ്‌. അതുവരെയുണ്ടായിരുന്ന ദൃശ്യപരിചരണവുമല്ല. ചെറിയ രംഗങ്ങളാണുള്ളത്‌. അതിന്റെ തുടർച്ചയായാണ്‌ ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’. അത്‌ ഞാൻ തേടിപ്പോയതല്ല, എന്നെ തേടി വന്നതാണ്‌. ഫാസിൽ വിളിച്ചിട്ട്‌ അദ്ദേഹത്തിന്റെ കന്പനിക്കുവേണ്ടി അദ്ദേഹത്തിന്റെ തിരക്കഥയിൽ ഒരു സിനിമ ചെയ്യാൻ കഴിയുമോ എന്ന്‌ ചോദിക്കുകയായിരുന്നു. അത്‌ വലിയ അംഗീകാരമായാണ്‌ തോന്നിയത്‌. നായകനില്ലാത്ത സിനിമയാണ്‌. മലയാള സിനിമയിൽ നായക സങ്കൽപ്പം വേരുറപ്പിക്കുന്ന കാലം. മോഹൻലാൽ എന്റെ ആദ്യ രണ്ട്‌ സിനിമയിലും നായകനാണ്‌. മമ്മൂട്ടി നിറഞ്ഞുനിൽക്കുന്ന കാലമാണ്‌. ആ ഘട്ടത്തിലാണ്‌ ഇവരും രണ്ടാംനിര നായകരും ഇല്ലാത്ത ഒരു സിനിമ ചെയ്യുന്നത്‌. അതൊരു ക‍ൗതുകമായിരുന്നു പിന്നീട്‌ രഞ്ജിത്തുമായുള്ള സിനിമകൾ വന്നു. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, പ്രാദേശിക വാർത്തകൾ ഒക്കെ നാട്ടിൻപുറത്തെ കഥകൾ പറഞ്ഞു. അപ്പോഴേക്കും സത്യൻ അന്തിക്കാട്‌, ശ്രീനിവാസൻ സിനിമകളിലൂടെ സിനിമയ്‌ക്ക്‌ അത്തരമൊരു കഥാപരിസരം കൈവന്നു. ആ പരിസരത്തുനിന്ന്‌ ഒരുപാട്‌ സിനിമകൾ ഉണ്ടായി. അങ്ങനെയാണ്‌ മാറ്റങ്ങളുണ്ടാകുന്നത്‌. അല്ലാതെ ഒരു പടം കഴിയുമ്പോൾ ജോണർ മാറണം എന്ന്‌ തീരുമാനിച്ച്‌ ചെയ്‌തതല്ല.


പിന്തുടർന്നിട്ടില്ല


ഒരു സിനിമ കഴിഞ്ഞാൽ അതുപോലെയാകരുത്‌ എന്ന്‌ ആഗ്രഹിച്ചിരുന്നു. സാധാരണ നിലയിൽ ഹിറ്റ്‌ സിനിമയുണ്ടായാൽ അതുപോലെ സിനിമ ചെയ്യണമെന്ന്‌ പറഞ്ഞാണ്‌ എല്ലാവരും വരിക. ഞാനും ആ പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടുണ്ട്‌. ക്യാന്പസ്‌ സിനിമയുടെ സംവിധായകൻ എന്ന ബ്രാൻഡിങ്‌ ഉണ്ടായി. നിറം ചെയ്‌തുകഴിഞ്ഞപ്പോൾ അതുപോലത്തെ സിനിമ എന്ന ആവശ്യം ഉണ്ടായി. എന്നാൽ അടുത്ത സിനിമ മധുരനൊന്പരക്കാറ്റായിരുന്നു. വളരെ ഡാർക്കായിട്ടുള്ള സിനിമ. വളരെയധികം ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന നായകന്റെ കഥയാണ്‌. ആ സിനിമ സാന്പത്തികമായി വിജയമായിരുന്നില്ല.


​പ്രണയവുമായി ബന്ധപ്പെട്ട സിനിമകളാണ്‌ ഏറ്റവും കംഫർട്ടബളായി തോന്നിയത്‌. യാഥാസ്ഥിതിക പ്രണയം സിനിമകളിൽ ഉണ്ടായിട്ടില്ല എന്ന്‌ പറയുന്നില്ല. പക്ഷെ മനുഷ്യരുടെ ബന്ധവുമായി ബന്ധപ്പെട്ട പ്രണയമാണ്‌ കൂടുതൽ പറഞ്ഞിട്ടുള്ളത്‌. ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്‌’, ‘ഇ‍ൗ പുഴയും കടന്ന്‌’, ‘മേഘമൽഹാർ’ ഒക്കെ. മേഘമൽഹാറിലെ പ്രണയം വിവാഹശേഷമുള്ള പ്രണയമാണ്‌. ആ കാലത്ത്‌ പറയാത്തതായിരുന്നു അങ്ങനെയുള്ള പ്രണയം.


സ്ഥിരം എഴുത്തുകാരില്ല


​പ്രണയം പറയുമ്പോഴും വ്യത്യസ്‌തമാകാൻ ഒരു കാരണം സത്യൻ- അന്തിക്കാട്‌– ശ്രീനിവാസൻ, സിബി മലയിൽ– ലോഹിതദാസ്‌ എന്ന പോലെ എനിക്ക്‌ സ്ഥിരം എഴുത്തുകാരനുണ്ടായിരുന്നില്ല എന്നതാണ്‌. തിരക്കഥാകൃത്തുകളെ മാറി മാറി പരീക്ഷിച്ചു. അങ്ങനെ തിരക്കഥാകൃത്തിനെ ഒത്തുകിട്ടാതെ വരുമ്പോൾ ഞാൻ സ്വയം എഴുതി. രഞ്ജിത്‌, ടി എ റസാഖ്‌, രഘുനാഥ്‌ പലേരി, ശത്രുഘ്‌നൻ, ശ്രീനിവാസൻ അങ്ങനെ പലരും എഴുതിയിട്ടുണ്ട്‌. ഒരു പരിധിവരെ ഒരേ പോലെ ചെയ്‌തിട്ടുള്ളത്‌ പ്രണയം മാത്രമാണ്‌.


​ജീവിതത്തോട്‌ അടുത്ത്‌ നിൽക്കുന്ന ദുരന്തങ്ങൾ പ്രമേയമായ സിനിമകൾ ചെയ്‌തു. പെരുമഴക്കാലം, ഗദ്ദാമ എന്നിവ പ്രവാസികളുടെ ജീവിതത്തെക്കുറിച്ചാണ്‌ പറഞ്ഞത്‌. രണ്ടും സ്‌ത്രീകളെ മുൻനിർത്തി. അങ്ങനെ ചെയ്‌ത സിനിമകളിലെല്ലാം വ്യത്യസ്‌തതയ്‌ക്ക്‌ ശ്രമിച്ചിട്ടുണ്ട്‌.


അവരെ അടയാളപ്പെടുത്തി


കുരിപ്പുഴ ശ്രീകുമാറിന്റെ കവിതയിലാണ്‌ പി കെ റോസിയെക്കുറിച്ച്‌ കേട്ടത്‌. അപ്പോഴാണ്‌ വിനു എബ്രഹാമിന്റെ നഷ്ടനായിക എന്ന നോവൽ വരുന്നത്‌. അകമലിന്റെ 40 വർഷങ്ങൾ കമലിന്റെ 40 വർഷങ്ങൾ തിനിടയിൽ ജെ സി ഡാനിയേലിനെക്കുറിച്ച്‌ കിട്ടാവുന്നതെല്ലാം വായിക്കുകയും ചെയ്‌തിരുന്നു. പി കെ റോസിയുടെ കഥമാത്രം പറഞ്ഞാൽ ജെ സി ഡാനിയേൽ സൈഡ്‌ലൈൻ ചെയ്യപ്പെടും. നഷ്ടനായിക നോവലിൽ ഒരു അധ്യായത്തിൽ മാത്രമാണ്‌ ജെ സി ഡാനിയേലിനെക്കുറിച്ച്‌ പറയുന്നത്‌. അതിൽ സ്വന്തം സിനിമയുടെ റീൽ കത്തിപ്പോകുമ്പോൾ നിസ്സംഗനായി നോക്കിയിരിക്കേണ്ടി വരുന്ന മനുഷ്യന്റെ അവസ്ഥയുണ്ട്‌. അങ്ങനെയാണ്‌ ഞാൻ സെല്ലുലോയ്‌ഡ്‌ ചെയ്യുന്നത്‌. മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയേലിനുള്ള ആദരം കൂടിയായിട്ടാണ്‌ സിനിമ ചെയ്‌തത്‌. അതിനകത്ത്‌ പി കെ റോസിയെക്കുറിച്ചും അതിന്റെ രാഷ്‌ട്രീയവും പറയുകയാണ്‌ ചെയ്‌തത്‌. സിനിമ വന്നശേഷം വന്ന വിമർശം പി കെ റോസിയെ വിട്ടുകളഞ്ഞുവെന്നതാണ്‌. ഞാൻ റോസിയെ വിട്ടുകളഞ്ഞത്‌ തന്നെയാണ്‌. ഒരു ദളിത്‌ സ്‌ത്രീയെ നമ്മൾ ഓടിച്ചു വിട്ടു. പിന്നീട്‌ അവരുടെ ജീവിതം നമുക്ക്‌ അജ്ഞാതമാണ്‌. ഓടിപ്പോയ പി കെ റോസി തമിഴ്‌നാട്ടിൽ ജീവിച്ചു എന്നത്‌ കഥകളാണ്‌. അതിനെക്കുറിച്ച്‌ എനിക്ക്‌ അറിയില്ല. അറിയാത്ത കാര്യം പറയുന്നത്‌ ശരിയല്ല. അതിനാലാണ്‌ ‘പി കെ റോസിയെക്കുറിച്ച്‌ പിന്നീട്‌ ഒന്നും അറിയില്ല’ എന്ന്‌ ജെ സി ഡാനിയേലിനെക്കൊണ്ട്‌ സിനിമയിൽ പറയിപ്പിച്ചത്‌. സെല്ലുലോയ്‌ഡ്‌ വന്നശേഷം ജെ സി ഡാനിയേലിനെക്കുറിച്ചും പി കെ റോസിയെക്കുറിച്ചും സിനിമ കാണുന്ന എല്ലാവർക്കും അറിയാം. തമിഴ്‌നാട്ടിൽ പാ രഞ്ജിത്ത്‌ പി കെ റോസി ഫിലിം ഫെസ്റ്റിവൽ നടത്തുന്നുണ്ട്‌. ബയോപിക്ക്‌ എന്നതിനപ്പുറം ഇവരെ പരിചയപ്പെടുത്തേണ്ടതുണ്ട്‌ എന്നതുവച്ചാണ്‌ ചെയ്‌തത്‌.

വിദ്യാബാലന്റെ പിൻമാറ്റം


ആമിയിൽ എന്നെ സംബന്ധിച്ചുണ്ടായ ഏക പ്രശ്‌നം ഞാൻ തിരക്കഥ എഴുതിയതും സിനിമയുടെ പണികൾ തുടങ്ങിയതും വിദ്യാബാലനെ വച്ചാണ്‌. എന്നാൽ അവസാന നിമിഷത്തിൽ അവർ പിൻമാറി. അതിന്റെ രാഷ്‌ട്രീയം എല്ലാവർക്കും അറിയാമല്ലോ. അവർ തിരക്കഥ മുഴുവൻ പഠിച്ചിരുന്നു. സംഭാഷണങ്ങൾവരെ പഠിച്ചശേഷമാണ്‌ അതുവരെയില്ലാത്ത പ്രശ്‌നം ഉണ്ടായത്‌. അവർ പിൻമാറിയതിനു കാരണം രാഷ്‌ട്രീയം തന്നെയാണ്‌. അതിൽ ഉന്നതതലത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ട്‌. അവർ ഉത്തരേന്ത്യയിലാണ്‌. കമലാദാസ്‌ കമലാ സുരയ്യയായതാണ്‌ പ്രശ്‌നം. ഞാൻ കമാലുദ്ദീനാണെന്നതും ബിജെപിയുടെ ശത്രുപക്ഷത്തുള്ള ആളാണ്‌ എന്നതൊന്നുമല്ല പ്രശ്‌നം. അതൊക്കെ വിദ്യാബാലന്‌ പണ്ടേ അറിയാവുന്നതാണ്‌. അവർ പിൻമാറിയശേഷം എനിക്ക്‌ വേറെ വഴികളില്ല. സെറ്റ്‌ ഒക്കെ ഇട്ട്‌ കഴിഞ്ഞു. പിന്നെ അഭിനയിക്കാൻ കഴിയുന്ന പോപ്പുലറായ ഒരാൾ എന്ന നിലയിൽ മഞ്ജു വാര്യരിൽ എത്തുകയായിരുന്നു. കാഴ്‌ചയിൽ മാധവിക്കുട്ടിയായിട്ട്‌ ഒരു സാമ്യവുമില്ല എന്ന്‌ നമുക്ക്‌ അറിയാം. വിദ്യാബാലനിൽനിന്ന്‌ മഞ്ജു വാര്യരിലേക്ക്‌ എത്തിയത്‌ പ്രേക്ഷകർക്ക്‌ അംഗീകരിക്കാനായില്ല. പിന്നെ എന്റെ കഥ സിനിമയാക്കുന്നുവെന്നാണ്‌ പലരും ധരിച്ചത്‌. പക്ഷെ, എന്റെ കഥ എഴുതിയ മാധവിക്കുട്ടിയെക്കുറിച്ചാണ്‌ ഞാൻ സിനിമ ചെയ്‌തത്‌. എന്റെ കഥ ഫിക്ഷനാണെന്ന്‌ അവർ തന്നെ പറഞ്ഞിട്ടുണ്ട്‌. എന്റെ കഥയ്‌ക്കുശേഷം അവർക്ക്‌ ജീവിതമുണ്ടായിട്ടില്ലേ. പുരുഷനോട്ടത്തിലാണ്‌ സിനിമ എന്ന വിമർശമുണ്ടായി. അത്‌ ശരിയാണ്‌ പുരുഷൻ ചെയ്യുമ്പോൾ അങ്ങനെയല്ലേ ഉണ്ടാകു. സാന്പത്തികമായി വിജയിച്ചില്ല എന്നതും സത്യമാണ്‌. പക്ഷെ എനിക്ക്‌ അറിയാവുന്ന മാധവിക്കുട്ടി എന്ന വീക്ഷണത്തിൽ ഞാൻ സത്യസന്ധമായാണ്‌ സിനിമ ചെയ്‌തത്‌. മാധവിക്കുട്ടിയുടെ സഹോദരി സുലോചന നാലപ്പാട്ട്‌ അടക്കമുള്ള കുടുംബാംഗങ്ങൾ സിനിമ കണ്ടതാണ്‌. അവർക്ക്‌ തിരിച്ചറിയാൻ പറ്റാത്ത മാധവിക്കുട്ടിയായിരുന്നില്ല സ്‌ക്രീനിൽ.


താരമില്ലാത്ത താര സിനിമ


രാപ്പകൽ സിനിമ സംഭവിച്ചതിന്‌ ആദ്യം നന്ദി പറയേണ്ടത്‌ മമ്മൂട്ടിയോടാണ്‌. രാജമാണിക്യം കഴിഞ്ഞാണ്‌ രാപ്പകൽ വരുന്നത്‌. അതിനുശേഷമാണ്‌ കറുത്തപക്ഷികൾ ചെയ്‌തത്‌. അത്‌ മമ്മൂട്ടിക്ക്‌ എന്നിലുണ്ടായ വിശ്വാസമാകാം. കമൽ ചെയ്യേണ്ട കച്ചവട സിനിമകളല്ല എന്ന വിശ്വാസമായിരിക്കാം. അതുകൊണ്ട്‌ തന്നെ സിനിമയിൽ എനിക്ക്‌ മുഴുവൻ സ്വാതന്ത്ര്യവും തന്നിരുന്നു. രാപ്പകൽ റസാഖാണ്‌ എഴുതിയിരുന്നത്‌. അന്ന്‌ മമ്മൂട്ടിക്ക്‌ സ്‌ക്രീൻ ഏജ്‌ എന്ന സംഭവമുണ്ട്‌. അപ്പോൾ മമ്മൂട്ടി പറയുന്ന സ്‌ക്രീൻ ഏജ്‌ 40 വയസ്സാണ്‌ എന്നാണ്‌. നമ്മുടെ മനസ്സിലെ കൃഷ്ണൻ കുറച്ചുകൂടി പ്രായമുള്ള, അത്ര ഭംഗിയില്ലാത്ത ആളായിരുന്നു. അതിനാൽ അതിൽ കുറച്ച്‌ വിട്ടുവീഴ്‌ച ചെയ്‌തിട്ടുണ്ട്‌. പക്ഷെ കറുത്തപക്ഷികളിലെത്തിയപ്പോൾ അദ്ദേഹം തന്നെ അത്‌ ബ്രേക്ക്‌ ചെയ്യണമെന്ന്‌ പറഞ്ഞു. സിനിമയിൽ കാണുന്ന മേക്കപ്പ്‌ മമ്മൂട്ടി തന്നെ തീരുമാനിച്ചതാണ്‌.


​മോഹൻലാലിന്റെ ആദ്യകാലത്താണ്‌ ഞാൻ സിനിമകൾ ചെയ്‌തിട്ടുള്ളത്‌. പിന്നീടും രണ്ടു മൂന്ന്‌ ചർച്ചകൾ നടന്നിരുന്നു. പല കാരണങ്ങളാൽ നടക്കാതെ പോയതാണ്‌. ചക്രം ചിത്രീകരിച്ചു തുടങ്ങിയിരുന്നു. അതിനുശേഷം പിന്നീടും സിനിമകൾ ആലോചിച്ചു. പക്ഷെ കഥയിൽ ഒരു ധൈര്യം വന്നില്ല. അങ്ങനെ കുറച്ചുകാലങ്ങൾ പോയി. പിന്നീട്‌ മോഹൻലാൽ എനിക്ക്‌ കൈയെത്തി പിടിക്കുന്നതിന്‌ അപ്പുറത്തേക്ക്‌ പോയി. ഇനി ആ മോഹൻലാലിന്റെ ഇമേജ്‌ വച്ച്‌ സിനിമ ആലോചിക്കാനുള്ള ശേഷി എനിക്കില്ല എന്നതാണ്‌ സത്യം. പക്ഷെ സ‍ൗഹൃദവും സ്‌നേഹവും ഇപ്പോഴുമുണ്ട്‌.


എഐയും സിനിമയും


എഐയുടെ സങ്കേതം നമുക്ക്‌ നിഷേധിക്കാൻ പറ്റില്ല. പുതിയ കാലത്ത്‌ എഐ ജീവിതത്തിന്റെ ഭാഗമാണ്‌. അത്‌ സിനിമയിലും ഉണ്ടാകും എന്നതിൽ സംശയമില്ല. ഹോളിവുഡിലൊക്കെ കൃത്രിമത്വം വലിയ രീതിയിൽ വരും. യാഥാർഥ്യത്തോടുള്ളവ ഇല്ലാതെയാകും. എഐയിൽ എന്തും കാണിക്കാം. ആക്ഷൻ സിനിമയിൽ എന്തും ചെയ്യാം. അത്‌ കൃത്രിമത്വം വരുത്തുകയും സിനിമയുടെ ആത്മാവ്‌ നഷ്ടമാകുകയും ചെയ്യും. അതിനാലായിരിക്കാം ഹോളിവുഡിൽ എഐക്കെതിരെ വലിയ പ്രതിഷേധം ഉണ്ടായത്‌. നല്ല രീതിയിൽ എഐയെ ഉപയോഗിക്കാം എന്ന ആലോചനയിലാണ്‌ ഞാനൊരു ബയോപിക്കിനെക്കുറിച്ച്‌ ചിന്തിക്കുന്നത്‌. അത്‌ ഉടനെ സംഭവിക്കില്ല. എഐ ഉപയോഗിച്ച്‌ മരിച്ചുപോയവരെയൊക്കെ സ്‌ക്രീനിലേക്ക്‌ കൊണ്ടുവരാൻ കഴിയും. താരം അഭിനയിക്കുമ്പോൾ താരമായിട്ടാണല്ലോ കാണുന്നത്‌. ഉദാഹരണത്തിന്‌ ഇ എം എസിനെക്കുറിച്ചുള്ള സിനിമയിൽ ഇ എം എസിനെ തന്നെ കാണിക്കാമല്ലോ. അതിനു എഐ എന്ന സങ്കേതം ഉപയോഗിക്കുന്നതിൽ തെറ്റില്ല. അഭിനേതാവ്‌ ചെയ്യുന്നതിലും നന്നാകും. ഇപ്പോൾ ഒരു ചരിത്ര സിനിമ ചെയ്യണമെങ്കിൽ വലിയ ബജറ്റ്‌ ആവശ്യമാണ്‌. എഐ ഉപയോഗിച്ച്‌ ആ പരിമിതി മറികടക്കാൻ കഴിയുമെന്ന സാധ്യതയാണ്‌ ഞാൻ കാണുന്നത്‌.


രാഷ്‌ട്രീയ ജാഗ്രത


‘തന്പുരാൻ സിനിമകൾ’ ചെയ്‌തിട്ടില്ല. വരിക്കാശേരി മന കാണിച്ചപ്പോഴും അവിടെ ജോലി ചെയ്‌തിരുന്നയാളുടെ കഥപറയാനാണ്‌ ശ്രമിച്ചത്‌. ഇന്ന്‌ തിരിഞ്ഞുനോക്കുമ്പോൾ തന്പുരാൻ സിനിമകൾ ചെയ്യാതെ പോയത്‌ കാലത്തോട് കാണിച്ച നീതിയായിട്ടാണ്‌ തോന്നുന്നത്‌. പി എൻ മേനോനൊപ്പമാണ്‌ സിനിമാ ജീവിതം തുടങ്ങിയത്‌. കെ എസ്‌ സേതുമാധവൻ, ഭരതൻ തുടങ്ങിയവരുടെ സ്‌കൂളാണ്‌. അതിന്റെ തുടർച്ചയായി ലെനിൻ രാജേന്ദ്രനൊപ്പം പ്രവർത്തിച്ചു. അവരൊന്നും രാഷ്‌ട്രീയ ജാഗ്രതയില്ലാത്ത സിനിമകൾ ചെയ്‌തിട്ടില്ല. ആ പേര്‌ നിലനിർത്തേണ്ട ഉത്തരവാദിത്വംകൂടി എനിക്കുണ്ട്‌.


​ഐഎഫ്‌എഫ്‌കെയിൽ ദേശീയഗാന വിവാദമുണ്ടായപ്പോൾ തിയറ്ററിൽനിന്ന്‌ പ്രതിനിധികളെ അറസ്റ്റ്‌ ചെയ്യാൻ പറ്റില്ല എന്ന്‌ പറഞ്ഞത്‌ രാഷ്‌ട്രീയ നിലപാടിന്റെ ഭാഗമായിട്ടാണ്‌. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിൽ മേള നടക്കുമ്പോൾ തിയറ്ററിനകത്തുനിന്ന്‌ അറസ്റ്റ്‌ ചെയ്യുന്നത്‌ അനുവദിക്കാനാകില്ല. ഒരു കോളേജിൽ പൊലീസ്‌ കയറി അറസ്റ്റ്‌ ചെയ്യാൻ ശ്രമിക്കുമ്പോൾ ഉത്തരവാദിത്വപ്പെട്ട പ്രിൻസിപ്പൽ അതിനെ എതിർക്കില്ലേ. അതുതന്നെയാണ്‌ ഞാനും ചെയ്‌തത്‌. പക്ഷെ അത്‌ എന്നെ രാജ്യദ്രോഹിയാക്കി. ഞാൻ ദേശീയഗാനത്തിന്‌ എതിരാണെന്ന്‌ വരുത്തിത്തീർക്കാൻ ശ്രമിച്ചു.


കമൽ കമാലുദ്ദീനായി


ദേശീയഗാന വിഷയത്തിനുശേഷമാണ്‌ എന്റെ പേര്‌ കമൽ അല്ല കമാലുദ്ദീനാണെന്ന ചർച്ചകൾ നടന്നത്‌. എനിക്ക്‌ തോന്നുന്നത്‌ ആ രാഷ്‌ട്രീയം അക്കാദമി ഭരണസമിതിയുടെ മുഴുവനായിരുന്നു. ചില നിലപാടുകൾ നമ്മൾ ഉയർത്തിപ്പിടിക്കണം. പറയേണ്ട സ്ഥലത്ത്‌ പറയണം. അവിടെ മിണ്ടാതെ ഇരുന്നിട്ട്‌ കാര്യമില്ല. ഞാൻ ചെയർമാനായിരുന്ന കാലത്ത്‌ ഡോക്യുമെന്ററി ഫെസ്റ്റിവലിൽ ആനന്ദ്‌ പട്‌വർധന്റെ സിനിമ കളിക്കാൻ പറ്റില്ലെന്ന്‌ കേന്ദ്ര സർക്കാർ പറഞ്ഞപ്പോൾ അക്കാദമി കോടതിയിൽ പോയി. പ്രതിഷേധം നടന്നപ്പോൾ ഞാനും അതിന്റെ ഭാഗമായി ഇറങ്ങിനിന്ന്‌ മുദ്രാവാക്യം വിളിച്ചു. അവിടെ ഞാൻ ചെയർമാൻ എന്ന സ്ഥാനം നോക്കിയില്ല. അത്‌ അനീതിയാണെന്ന്‌ തോന്നി. അത്തരം നിലപാട്‌ എല്ലാക്കാലത്തും എടുത്തിട്ടുണ്ട്‌.


അമ്മാവൻ അഡ്വ. അഷറഫ്‌ പടിയത്താണ്‌ എന്നെ സിനിമയിൽ കൊണ്ടുവന്നത്‌. അദ്ദേഹമാണ്‌ കമൽ എന്ന പേരിട്ടത്‌. ഇ‍ൗ വിഷയത്തിനുശേഷവും എനിക്ക്‌ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. സംഘപരിവാർ അത്‌ ഏറ്റെടുത്തപ്പോൾ അതിനോട്‌ ആഭിമുഖ്യമുള്ള ചില സിനിമാക്കാരാണ്‌ എനിക്കെതിരെ സംസാരിച്ചത്‌. അവരോട്‌ എനിക്ക്‌ ഇപ്പോഴും സഹതാപം മാത്രമേയുള്ളു.




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home