ലോകം പൊള്ളിപ്പിടഞ്ഞ ദിനങ്ങൾ


ഡോ. സംഗീത ചേനംപുല്ലി
Published on Aug 05, 2025, 11:18 PM | 4 min read
ചരിത്രം കണ്ട ഏറ്റവും ഹീനമായ മനുഷ്യക്കുരുതിയുടെ ദുഃഖപൂർണമായ ഓർമകൾക്ക് ഇന്ന് എൺപത് തികയുന്നു. പലസ്തീനിലും ഇറാനിലുമെല്ലാം ജനങ്ങൾ ആണവയുദ്ധഭീതിയുടെ മുൾമുനയിൽ നിൽക്കെയാണ് ഈ വർഷത്തെ ഹിരോഷിമ ദിനവും നാഗസാക്കി ദിനവും കടന്നുവരുന്നത്. “ദിവി സൂര്യ സഹസ്രസ്യ” ആയിരം സൂര്യന്മാർ ഉദിച്ച പ്രകാശംപോലെ എന്നാണ് ആദ്യ അണുബോംബ് പരീക്ഷണത്തെപ്പറ്റി അണുബോംബിന്റെ പിതാവായ റോബർട്ട് ഓപ്പൺഹൈമർ പ്രതികരിച്ചത്. ട്രിനിറ്റി എന്ന പരീക്ഷണത്തിൽ തെളിഞ്ഞത് ആയിരം സൂര്യന്മാരുടെ പ്രകാശമാണെങ്കിൽ പിന്നീട് ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകൾ വിടർത്തിയത് മരണത്തിന്റെ പതിനായിരക്കണക്കിന് അമാവാസികളായിരുന്നു. മനുഷ്യരാശി ശാസ്ത്രത്തെ സംശയത്തോടെ ശത്രുപക്ഷത്ത് നിർത്താൻ കാരണമായ ചരിത്രത്തിന്റെ ദാരുണമായ ഏടുകളായിരുന്നു ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് പരീക്ഷണങ്ങൾ.
പദാർഥത്തിന്റെ അടിസ്ഥാന കണികയ്ക്കുള്ളിലടങ്ങിയ ഊർജത്തെ സ്വതന്ത്രമാക്കി, അതിനെ നിയന്ത്രിച്ച് ഉപയോഗിക്കാൻ മനുഷ്യന് കഴിഞ്ഞു എന്നത് പ്രകൃതിക്കുമേൽ ശാസ്ത്രം നേടിയ വിജയമായിരുന്നു. അതേസമയം, അതുപയോഗിക്കപ്പെട്ടത് നിസ്സഹായരും നിഷ്കളങ്കരുമായ മനുഷ്യരെ ഈയാംപാറ്റകളെപ്പോലെ കരിച്ചുകളയാനായിരുന്നു എന്നത് മനുഷ്യ ധിഷണയുടെ ഏറ്റവും വലിയ ദുരന്തവുമായിരുന്നു. 1945 ആഗസ്ത് ആറിന് ഹിരോഷിമയിലും വെറും മൂന്ന് ദിവസങ്ങൾക്കുശേഷം ആഗസ്ത് ഒമ്പതിന് നാഗസാക്കിയിലുമായി മൂന്നര ലക്ഷത്തോളം പേരെ കൊന്നൊടുക്കുകയും അതിലും എത്രയോ ഇരട്ടി പേരുടെ ദുരിത ജീവിതത്തിന് കാരണമാകുകയും ചെയ്തു ഈ ആണവ വിസ്ഫോടനങ്ങൾ. ആണവ വികിരണമേറ്റ് അർബുദവും മറ്റ് രോഗങ്ങളും ബാധിച്ച മനുഷ്യർ ജാപ്പനീസ് ഭാഷയിൽ ഹിബാക്കുഷ എന്നാണ് അറിയപ്പെട്ടത്. വെള്ളത്തിലും ഭക്ഷണത്തിലും മുലപ്പാലിൽ വരെയും കലർന്ന അണുവികിരണങ്ങൾ അനന്തര തലമുറകളെപ്പോലും രോഗികളാക്കി.
പർവതസമാനമായ പുക കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽവരെ ഉയർന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. അന്തരീക്ഷ താപനില 4000 ഡിഗ്രിയിലേക്ക് ഉയർന്നു. പിന്നീട് പെയ്ത കറുത്ത മഴയിൽ ഇവയെല്ലാം സ്ഫോടനത്തിൽ മരിക്കാതെ ബാക്കിയായവർക്കു മേൽ പെയ്തിറങ്ങി
ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുമായിരുന്ന രണ്ടാം ലോകയുദ്ധത്തിൽ ആണവായുധങ്ങൾ ഉപയോഗിച്ചത് അമേരിക്കയുടെ അപ്രമാദിത്വം തെളിയിക്കാനും സോവിയറ്റ് യൂണിയൻ അടക്കമുള്ള ലോകരാഷ്ട്രങ്ങളെ ഭയപ്പെടുത്താനുമായിരുന്നു. പരീക്ഷണശാലയിൽ ചെറുജീവികളെ ഉപയോഗിക്കുന്നതിനെക്കാൾ ലാഘവത്തോടെയാണ് നിഷ്കളങ്കരും നിസ്സഹായരുമായ സാധാരണ മനുഷ്യർക്കുമേൽ ആണവായുധം പരീക്ഷിച്ചത്. എന്നിട്ടും അമേരിക്കയുടെ യുദ്ധക്കൊതിക്ക് തൃപ്തിയായില്ല. ഹിരോഷിമയിൽ വർഷിച്ച യുറേനിയം അധിഷ്ഠിത ബോംബിന്റെ നശീകരണശേഷി മനസ്സിലായ ശേഷമാണ് യാതൊരു കുറ്റബോധവുമില്ലാതെ നാഗസാക്കിയിൽ പ്ലൂട്ടോണിയം ബോംബ് പരീക്ഷിച്ചത്. രണ്ട് നഗരങ്ങളും തകർന്നടിഞ്ഞു. പർവതസമാനമായ പുക കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽവരെ ഉയർന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. അന്തരീക്ഷ താപനില 4000 ഡിഗ്രിയിലേക്ക് ഉയർന്നു. പിന്നീട് പെയ്ത കറുത്ത മഴയിൽ ഇവയെല്ലാം സ്ഫോടനത്തിൽ മരിക്കാതെ ബാക്കിയായവർക്കു മേൽ പെയ്തിറങ്ങി. അത് ബാക്കിയായ മനുഷ്യരെയും അവരുടെ അനന്തര തലമുറകളെയും അർബുദത്തിനും ജന്മവൈകല്യങ്ങൾക്കും ഇരകളാക്കി.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ശാസ്ത്ര ലോകത്ത് ഏറെ മുന്നേറ്റമുണ്ടായി. ദ്രവ്യത്തിന്റെ അടിസ്ഥാന കണികയായ ആറ്റത്തിന്റെ ഘടനയുടെ ചുരുളഴിഞ്ഞത് ഇക്കാലത്താണ്. ദ്രവ്യവും ഊർജവും സമാനമാണ് എന്നും ഇവ തമ്മിൽ പരസ്പരം രൂപമാറ്റം വരുത്താനാകും എന്നുമുള്ള കണ്ടെത്തൽ ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കി. അണുകേന്ദ്രത്തെ വിഭജിച്ച് ഊർജം ഉൽപ്പാദിപ്പിക്കാൻ കഴിയും എന്നത് നിർണായകമായ ഒരു കണ്ടെത്തലായിരുന്നു. ഓട്ടോഹാനും ഫ്രിസ് സ്ട്രാസ്മാനും ചേർന്ന് ന്യൂക്ലിയർ ഫിഷൻ കണ്ടെത്തുകയും ലിസ് മൈറ്റ്നറും ഓട്ടോ ഫ്രിഷും ചേർന്ന് സൈദ്ധാന്തികമായ വിശദീകരണം നൽകുകയും ചെയ്തു. ഊർജോൽപ്പാദനം എന്ന ക്രിയാത്മക ഉപയോഗത്തിനായി അണുശക്തി ഉപയോഗിച്ച് തുടങ്ങും മുൻപേ നശീകരണത്തിന് ഉപയോഗിക്കപ്പെട്ടു എന്നതാണ് ദുഃഖകരമായ വസ്തുത.
സമ്പുഷ്ട യുറേനിയം ഉപയോഗിച്ച് താരതമ്യേന ലളിതമായി പ്രവർത്തിപ്പിക്കാവുന്ന ബോംബിന് ലിറ്റിൽ ബോയ് എന്നും പ്ലൂട്ടോണിയം ഇന്ധനമായുള്ളതിന് ഫാറ്റ്മാൻ എന്നും പേര് നൽകി. ഇവയാണ് യഥാക്രമം ഹിരോഷിമയിലും നാഗസാക്കിയിലും ഉപയോഗിക്കപ്പെട്ടത്.
ന്യൂക്ലിയർ ഫിഷൻ കണ്ടുപിടിച്ചതും അതിന് സൈദ്ധാന്തിക വിശദീകരണം നൽകിയതും ജർമൻ ശാസ്ത്രജ്ഞരായിരുന്നു. എന്തും ചെയ്യാൻ മടിക്കാത്ത ഹിറ്റ്‌ലറുടെ നേതൃത്വത്തിലുളള ജർമനി ആണവായുധങ്ങൾ വികസിപ്പിച്ചേക്കും എന്ന് അവിടെനിന്ന് രക്ഷപ്പെട്ട ശാസ്ത്രജ്ഞരുടെയും പൊതുവേ ശാസ്ത്രസമൂഹത്തിന്റെയും ഭയമാണ് അണുബോംബ് വികസിപ്പിക്കുന്നതിൽ പങ്കാളികളാകാൻ മിക്ക ശാസ്ത്രജ്ഞരെയും പ്രേരിപ്പിച്ചത്. റോബർട്ട് ഓപ്പൺഹൈമറുടെ നേതൃത്വത്തിൽ മാൻഹാട്ടൻ പ്രോജക്ട് എന്ന പരീക്ഷണ പദ്ധതിയിലൂടെ രണ്ടിനം ബോംബുകൾ നിർമിക്കപ്പെട്ടു. സമ്പുഷ്ട യുറേനിയം ഉപയോഗിച്ച് താരതമ്യേന ലളിതമായി പ്രവർത്തിപ്പിക്കാവുന്ന ബോംബിന് ലിറ്റിൽ ബോയ് എന്നും പ്ലൂട്ടോണിയം ഇന്ധനമായുള്ളതിന് ഫാറ്റ്മാൻ എന്നും പേര് നൽകി. ഇവയാണ് യഥാക്രമം ഹിരോഷിമയിലും നാഗസാക്കിയിലും ഉപയോഗിക്കപ്പെട്ടത്. തുടർന്ന് ഒക്ടോബർ വരെയുള്ള കാലയളവിൽ പല സമയത്തായി വർഷിക്കാൻ ഒമ്പതോളം ബോംബുകൾ വേറെയും കരുതിയിരുന്നു.
എന്നാൽ അണുബോംബ് പരീക്ഷിക്കുന്ന ഘട്ടമായപ്പോഴേക്ക് ജർമനി പരാജയമറിഞ്ഞിരുന്നു. ജപ്പാനും കീഴടങ്ങലിന്റെ വക്കിൽ എത്തിയിരുന്നു. അണുസ്ഫോടനം നടത്തേണ്ട ഒരടിയന്തര സാഹചര്യവും ഉണ്ടായിരുന്നില്ല. അണുബോംബിന്റെ പ്രഹരശേഷി പരീക്ഷണത്തിന് ശേഷമാണ് പല ശാസ്ത്രജ്ഞരും തിരിച്ചറിഞ്ഞത്. ഐൻസ്റ്റീനെപ്പോലെ മറ്റ് പല ശാസ്ത്രജ്ഞരും ആദ്യ ഘട്ടത്തിൽ നൽകിയ പിന്തുണയിൽ പിന്നീട് പശ്ചാത്തപിച്ചിരുന്നു. ന്യൂക്ലിയർ ഫിഷനെ സൈദ്ധാന്തികമായി വിശദീകരിച്ച ലിസ് മൈറ്റ്നർ മാൻഹട്ടൻ പ്രോജക്‌ടിന്റെ ബ്രിട്ടീഷ് വിഭാഗത്തിൽ ചേരാനുള്ള ക്ഷണം നിരസിച്ചിരുന്നു. പ്രോജക്‌ടിന്റെ ഭാഗമായിരുന്ന ഭൗതിക ശാസ്ത്രജ്ഞൻ ജോസഫ് റോട്ബ്ലാറ്റ് പദ്ധതിയിൽ നിന്ന് പിന്മാറുകയും ചെയ്തു. മാൻഹട്ടൻ പ്രോജക്‌ടിൽ ഉൾപ്പെട്ട 70 ശാസ്ത്രജ്ഞർ അണുബോംബ് പ്രയോഗിക്കുന്നതിനെതിരെ ലിയോ സിലാർഡിന്റെ നേതൃത്വത്തിൽ ഒരു നിവേദനം തയ്യാറാക്കിയിരുന്നു. അണുബോംബ് പരീക്ഷണം നടത്തി അത് എതിർകക്ഷിയിൽപ്പെട്ട രാജ്യങ്ങളെ അറിയിക്കുകയും കീഴടങ്ങാൻ ആവശ്യപ്പെടുകയുമാണ് വേണ്ടതെന്നും എന്നിട്ടും യുദ്ധം തുടരുകയാണെങ്കിൽ മാത്രമേ അത് പ്രയോഗിക്കാവൂ എന്നുമായിരുന്നു ആ നിവേദനത്തിൽ ആവശ്യപ്പെട്ടത്. പിന്നീട് ഹിരോഷിമയിലും നാഗസാക്കിയിലും അത് പ്രയോഗിക്കുന്ന ഘട്ടമായപ്പോഴേക്ക് ശാസ്ത്രജ്ഞരുടെ കൈയിൽനിന്ന് അതിന്റെ അധികാരവും അവകാശവും ഭരണകൂടത്തിന്റെ കൈകളിലേക്ക് ചെന്ന് ചേർന്നിരുന്നു. തന്റെ തന്നെ നേതൃത്വത്തിൽ നിർമിച്ച സാങ്കേതികവിദ്യ ലോകത്തെ ആണവദുരന്തത്തിലേക്ക് തള്ളിവിടുമോ എന്ന ഭയമാണ് ഹൈഡ്രജൻ ബോംബ് നിർമാണത്തിന് എതിര് നിൽക്കാനും അണുബോംബ് നിർമാണത്തെപ്പറ്റിയുള്ള അറിവ് പങ്കുവയ്ക്കണം എന്നാവശ്യപ്പെടാനും ഓപ്പൺഹൈമറെ പ്രേരിപ്പിച്ചത്. എന്നാൽ ഈ പിന്നോട്ടുപോക്കുകൾ ഓപ്പൺഹൈമറുടെ കമ്യൂണിസ്റ്റ് അനുഭാവം കാരണമാണ് എന്ന് ഭരണകൂടം കരുതുകയും അദ്ദേഹത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുകയും പിൽക്കാലത്ത് വിചാരണ ചെയ്യുകയും ചെയ്തു.
ഹിരോഷിമയ്‌ക്ക് 70 വർഷത്തിനുശേഷം 2017 ൽ 122 രാജ്യങ്ങൾ ചേർന്ന് ആണവായുധ നിരോധന കരാറിൽ ഒപ്പുവച്ചു. അണുബോംബ് നിർമാണവും പരീക്ഷണവും എല്ലാം തടയുന്ന ഉടമ്പടിയായ ഇത് 2021 ൽ നിലവിൽ വന്നു
ഹിരോഷിമയും നാഗസാക്കിയും ലോകചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണത്തിനും ആണവായുധങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടികൾക്കുമെല്ലാം അത് കാരണമായി. ശാസ്ത്രം എങ്ങനെയാണ് സമൂഹത്തിൽ ഇടപെടേണ്ടത് എന്നും എന്താണ് ശാസ്ത്രജ്ഞന്റെ ധർമം എന്നുമുള്ള ചോദ്യങ്ങൾ ഉയർന്നു കേട്ടു. 1955 ലെ റസൽ ഐൻസ്റ്റീൻ മാനിഫെസ്റ്റോ അന്താരാഷ്ട്ര സമാധാനത്തിനായി ലോകത്തോട് ആഹ്വാനം ചെയ്തു. തുടർന്ന് ലോകസമാധാനത്തിനായുള്ള ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ പഗ്വാഷ് കോൺഫറൻസ് ബർട്രൻഡ് റസലിന്റെയും ജോസഫ് റോട്ബ്ലാറ്റിന്റെയും നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ടു. ഇപ്പോഴും അത് പ്രവർത്തനം തുടരുന്നു. ഹിരോഷിമയ്‌ക്ക് 70 വർഷത്തിനുശേഷം 2017 ൽ 122 രാജ്യങ്ങൾ ചേർന്ന് ആണവായുധ നിരോധന കരാറിൽ ഒപ്പുവച്ചു. അണുബോംബ് നിർമാണവും പരീക്ഷണവും എല്ലാം തടയുന്ന ഉടമ്പടിയായ ഇത് 2021 ൽ നിലവിൽ വന്നു. ശാസ്ത്രജ്ഞർ തങ്ങളുടെ കണ്ടെത്തലുകളുടെ ദൂരവ്യാപക ഫലങ്ങളെപ്പറ്റി സമൂഹോൻമുഖമായി ചിന്തിക്കേണ്ടതുണ്ടെന്നുകൂടി ഈ ദിനങ്ങൾ ഓർമിപ്പിക്കുന്നു. ചരിത്രത്തിന്റെ പിഴവുകളിൽനിന്ന് കരുതലിന്റെ പാഠങ്ങളുണ്ടാകട്ടെ, ഹിബാക്കുഷകളില്ലാത്ത ലോകം പുലരട്ടെ.
(പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജിൽ രസതന്ത്രം അധ്യാപികയും ശാസ്ത്രപ്രചാരകയുമാണ് ലേഖിക)














