23 March Thursday

തിരക്കില്‍ അലിയാത്ത വര്‍ണ വിചാരങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 21, 2016

നിറങ്ങളോടും ചിത്രങ്ങളോടുമുള്ള കമ്പമാണ് ഈ കലാകാരിയെ നിര്‍മിച്ചതെന്നു പറയാം. കുട്ടിക്കാലംമുതല്‍ക്കേ ചിത്രരചനയില്‍ താല്‍പ്പര്യമുള്ള സന്ധ്യ ബിജു എന്ന യുവചിത്രകാരി മറ്റു പലരെയുംപോലെ ജീവിതസാഹചര്യങ്ങളുടെ മാറ്റത്തിനൊപ്പം കലാഭിരുചിയെ കൈവിടുകയായിരുന്നില്ല. ഇടുക്കി ജില്ലയിലെ കൊച്ചുമലയോരഗ്രാമമായ തോപ്രാംകുടിയില്‍നിന്ന് കൊച്ചിയെന്ന മഹാനഗരത്തിലേക്ക് ചേക്കേറിയപ്പോള്‍ അവിടത്തെ സാഹചര്യങ്ങളും സാധ്യതകളും തന്നിലെ പ്രതിഭയെ പോഷിപ്പിക്കാനും പുതിയ മേഖലകളിലേക്ക് വളരാനും പ്രയോജനപ്പെടുത്തുകയായിരുന്നു. ദര്‍ബാര്‍ഹാള്‍ കലാകേന്ദ്രത്തില്‍ നടക്കുന്ന അവരുടെ ആദ്യത്തെ ഏകാംഗ ചിത്രപ്രദര്‍ശനത്തിലെ രചനകള്‍ അത് സാക്ഷ്യപ്പെടുത്തുന്നു.

തോപ്രാംകുടിയുടെ പ്രകൃതിയും കാഴ്ചകളുംതന്നെയാണ് സന്ധ്യയുടെ ചിത്രങ്ങളിലെ അടിയൊഴുക്ക്. അവയില്‍ അന്തര്‍ലീനമായ വിശ്രാന്തിയും നന്മകളും സന്ധ്യ രചനയ്ക്കായി തെരഞ്ഞെടുക്കുന്നവയിലെല്ലാം അറിഞ്ഞോ അറിയാതെയോ കഥാപാത്രമാകുന്നു. കാഴ്ചകളെ സുഖദമാക്കുംവിധം വര്‍ണങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും ഏച്ചുകെട്ടില്ലാതെ അവയുടെ പാരസ്പര്യം ഒരുക്കുന്നതിലും സന്ധ്യയുടെ മിടുക്ക് പ്രകടം. കുട്ടിക്കാലംമുതല്‍ ഒപ്പമുള്ള രചനാവാസനയെ സ്വന്തമായ അഭ്യസനത്തിലൂടെയാണ് സന്ധ്യ പോഷിപ്പിച്ചത്. തോപ്രാംകുടിയുടെ പ്രകൃതിയും ചുറ്റുപാടുമുള്ള ജീവിതങ്ങളും അതിനാവശ്യമായ വകയൊരുക്കി. ജലച്ചായത്തിലായിരുന്നു തുടക്കം. രചന കൂടുതല്‍ ഗൌരവം ആവശ്യപ്പെട്ടപ്പോള്‍ ഇതര മാധ്യമങ്ങളും പരിശീലിച്ചു. അതും സ്വന്തമയിത്തന്നെ. എണ്ണച്ചായവും അക്രിലിക്കും പേനയും ചായപ്പെന്‍സിലുമൊക്കെ സന്ധ്യക്ക് നന്നായി വഴങ്ങുന്നു. കണ്‍മുന്നില്‍ കാണുന്നതെല്ലാം വരച്ചിരുന്നതില്‍നിന്ന് ഭാവനയുടെയും പ്രമേയക്കരുത്തിന്റെയും കാമ്പുള്ള ചിത്രങ്ങളിലേക്ക് രചന വളര്‍ന്നു. വരച്ചതെല്ലാം സൂക്ഷിച്ചുവയ്ക്കുന്നതായിരുന്നു പതിവ്. നഗരത്തിലേക്ക് കൂടുമാറിയത് ജീവിതത്തിലും വരയിലും മാറ്റമുണ്ടാക്കി എന്ന് സന്ധ്യ പറയുന്നു. നഗരത്തിലെ ഗ്യാലറികളില്‍ പതിവായി ചിത്രപ്രദര്‍ശനങ്ങള്‍ കാണാന്‍ കഴിഞ്ഞതും രചനയിലും വീക്ഷണത്തിലും മാറ്റമുണ്ടാക്കി.

പത്തുവര്‍ഷംമുമ്പ് അക്കൌണ്ടന്റ് ജോലിക്കാണ് കൊച്ചിയിലെത്തിയത്. കൊച്ചിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലിചെയ്യുന്ന ചങ്ങനാശേരിസ്വദേശി ബിജുവുമായുള്ള വിവാഹശേഷം കൊച്ചിയില്‍ സ്ഥിരതാമസമായി. രചനയില്‍ ബിജുവിന്റെ നിരന്തര പ്രോത്സാഹനവും പിന്തുണയുമുണ്ട്. ഇതിനിടെ ചുമര്‍ചിത്രങ്ങളുടെ രചന പ്രത്യേകം അഭ്യസിച്ചു. സാരിയിലും തുണിത്തരങ്ങളിലും ഇത്തരം ചിത്രങ്ങള്‍ വരയ്ക്കുന്നു. നഗരത്തില്‍ മ്യൂറല്‍ ചിത്രങ്ങള്‍ ആലേഖനംചെയ്ത ഡിസൈനര്‍ വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.

സ്കൂള്‍വിദ്യര്‍ഥികളായ മക്കള്‍ മിഥിലയുടെയും മിലന്റെയും പഠനകാര്യങ്ങളും വീട്ടമ്മ എന്ന നിലയിലുള്ള മറ്റ് കുടുംബാവശ്യങ്ങളും നിറവേറ്റുന്നതോടൊപ്പമാണ് സന്ധ്യ ചിത്രരചനയ്ക്ക് സമയം കണ്ടെത്തുന്നത്. ഏകാംഗചിത്രപ്രദര്‍ശനത്തിന് ചിത്രമൊരുക്കുന്ന ജോലികള്‍ ഒരുവര്‍ഷത്തിലേറെയായി ചെയ്തുവരികയായിരുന്നു. ഇതോടൊപ്പം തന്റെ രചനകള്‍ക്കുമാത്രമായി വെബ്സൈറ്റും തയ്യാറാക്കി. ബിജുവിന്റെ ഓഫീസിന്റെ ഭാഗമായി ഓഫീസ് സംവിധാനവും വൈകാതെ തയ്യാറാകും. നഗരത്തിലെ സാധ്യതകളില്‍ ചിത്രങ്ങള്‍ക്ക് ആസ്വാദകരെയും ആവശ്യക്കാരെയും കണ്ടെത്തുകയാണ് ലക്ഷ്യം.

msasokms@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top