23 February Sunday

തീപിടിച്ച കവിതകള്‍ പൊള്ളുന്ന കാഴ്ചകള്‍

കെ ഗിരീഷ്Updated: Sunday Oct 30, 2016

'പൊയട്രി പെര്‍ഫോമന്‍സി'ല്‍നിന്ന്

പാറകളിലെവിടെയും ഒരു നീരുറവപോലും അവശേഷിക്കുന്നില്ല. പാറക്കെട്ടുകളെ ചുറ്റിപ്പോകുന്ന പൊടിനിറഞ്ഞ പാത. ഇല്ല ജലമില്ല ഒരു തുള്ളിപോലും. അല്‍പ്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ യാത്ര നിര്‍ത്തി നമുക്ക് ദാഹം തീര്‍ക്കാമായിരുന്നു. ടി എസ് എലിയട്ട് തന്റെ കവിതയില്‍ പറഞ്ഞുനിര്‍ത്തിയ എല്ലാ ഉറവകളും വറ്റിപ്പോയ, വരണ്ടുണങ്ങിയ ഈ പാറക്കെട്ടുകള്‍ ഒരുവേള അരാഷ്ട്രീയതയുടെ മരുഭൂവാകുന്ന ക്യാമ്പസുകളോട് ചേര്‍ത്തുവായിക്കാം. സര്‍ഗാത്മകതയുടെ നീരുറവകളൊന്നും അവശേഷിക്കാത്ത പാറക്കെട്ടുകളായി മാറുകയാണ് അവ. ഒരു ഭൂമിയെത്തന്നെ സൃഷ്ടിക്കുന്നതിന് വിത്തിട്ട പച്ചത്തുരുത്തുകളായിരുന്നു ക്യാമ്പസുകള്‍. എല്ലാ നീരുറവകളും പച്ചപ്പൊടിപ്പുകളും അസ്തമിച്ച, ഒരു പൂമരം പോലും പൂത്തുലയാന്‍ ഇടമില്ലാത്ത  വരള്‍ച്ചകളിലേക്ക് അവ മാറ്റപ്പെടുമ്പോള്‍ ലോകത്തിനുമുഴുവന്‍ വരാനിരിക്കുന്ന വലിയൊരു ഉഷ്ണകാലത്തിന്റെ സൂചനയാണ് ലഭിക്കുന്നത്.

ഇവിടെയായിരുന്നു സര്‍ഗാത്മകതയുടെ ചാറ്റല്‍മഴകളും പ്രതിരോധ പ്രതിഷേധങ്ങളുടെ വന്മഴകളും ഉടലെടുത്തത്, ഇവിടെയാണ് ലോകം മാറ്റത്തിന്റെ ചില കുഴല്‍വിളികള്‍ക്കു കാതോര്‍ത്തത്, ഇന്നിപ്പോള്‍ നിരാശയുടെ, വേദനയുടെ മൃതദേഹങ്ങള്‍ക്കുമുകളില്‍ വട്ടമിടുന്ന കഴുകന്‍ ചിറകടിയൊച്ച മാത്രമാകുകയാണ് ക്യാമ്പസിന്റെ സംഗീതം. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ തിയറ്റര്‍ ക്ളബ് അവതരിപ്പിച്ച പോയട്രി പെര്‍ഫോമന്‍സ് മരണം കൂടുകൂട്ടുന്ന ജീവന്‍ ചോര്‍ന്നുപോകുന്ന ക്യാമ്പസുകളുടെ ആകുലതകളാണ്. 13 കവിതകളുടെ രംഗാവിഷ്കാരമായിരുന്നു പോയട്രി പെര്‍ഫോമന്‍സ്. ആരംഭിച്ചത് എലിയറ്റിന്റെ 'വാട്ട് ഈസ് തണ്ടര്‍ സെഡ്' എന്ന കവിതയോടെയാണ്. തുടര്‍ന്ന് എലിയറ്റിന്റെതന്നെ 'ബറിയല്‍ ഓഫ് ദി ഡെഡ്', ഒക്ടോവിയപാസിന്റെ 'സൂര്യശില', സീസ്സര്‍ വയഹോവിന്റെ 'ബന്ധനം', നിക്കൊളാസ് ഗീയേന്റെ 'അധ്യായങ്ങള്‍ക്ക് നടുവില്‍' തുടങ്ങി വില്യം ബ്ളേക്ക്, അശോക് ബാജ്പെയ്, കേദാര്‍നാഥ് മിശ്ര, ഭൂമില്‍, നിസ്സാര്‍ ഖബാനി, മദന്‍ലാല്‍ ചതുര്‍വേദി തുടങ്ങിയ പ്രശസ്തരുടെ രചനകളാണ് വേദിയില്‍ ദൃശ്യങ്ങളായത്.

ഓരോവരിയും സഞ്ചരിച്ചത് സമകാലീനജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ക്യാമ്പസ് ജീവിതത്തിന്റെയും ഉള്ളറകളിലൂടെയാണ്. ലോകയുദ്ധങ്ങള്‍, വിയറ്റ്നാം, ക്യൂബ, ഇന്ത്യാവിഭജനം, ഗുജറാത്ത് വംശഹത്യ തുടങ്ങി സമകാലീനചരിത്രം ഒട്ടൊക്കെ ഈ രംഗാവതരണത്തില്‍ തെളിയുന്നു.

ഞാനെന്ന ശരീരത്തെ ഉപേക്ഷിക്കുകയും നമ്മളും ഞങ്ങളും എന്ന ശരീരത്തിലേക്ക് പ്രവേശിക്കുകയുംചെയ്തു ഓരോ രംഗചിത്രവും. ഒപ്പം നമ്മളില്‍നിന്ന് എങ്ങനെ ഞങ്ങളും നിങ്ങളുമായെന്നും എന്റെ അസ്തിത്വത്തെ, വര്‍ഗത്തെ നിങ്ങളെങ്ങനെ വെറുക്കാന്‍ തുടങ്ങിയെന്നുമുള്ള അന്വേഷണത്തിന്റെ പാഠവുമാണിത്.

ഡോ. രോഷ്നി സ്വപ്ന

ഡോ. രോഷ്നി സ്വപ്ന

ഇന്ത്യന്‍ ക്യാമ്പസ് പുതിയ പ്രതിരോധങ്ങളുടെയും ദര്‍ശനങ്ങളുടെയും വിളകള്‍ പൊട്ടി മുളയ്ക്കുന്ന പണിയിടങ്ങളായി മാറുന്നതിന്റെ സൂചനയും അവതരണം നല്‍കുന്നു. പ്രതീക്ഷകളുടെ ചില 'വെള്ളരിപ്പാടങ്ങള്‍' അവശേഷിക്കുകയോ പുതുതായി രൂപം കൊള്ളുകയോ ചെയ്യുമ്പോള്‍ നിഷ്ക്രിയമായ കാഴ്ചകളല്ല വേണ്ടതെന്നും ചില വിത്തുകള്‍ നമ്മളും വിതയ്ക്കേണ്ടതുണ്ടെന്നും അരങ്ങ് പറഞ്ഞുതരുന്നു, കേരളത്തിന്റെ ക്യാമ്പസ് പ്രതീക്ഷകളോട്. എന്റെ ജീവിതം മറ്റെന്തോ ആണ,് പാടാനറിയാത്ത കിളികളുടെകൂടെ ഞാനെങ്ങനെ ജീവിക്കുമെന്ന് കേദാര്‍നാഥ് വിഷമിക്കുമ്പോള്‍, ഇപ്പോഴും ജീവനോടെയിരിക്കുന്നുവെന്ന് കാണുന്നതാണ് ഏറെ സന്തോഷമെന്ന് ഭുമിലും പറയുന്നു, ഇങ്ങനെ പ്രതിരോധ പ്രതിഷേധങ്ങളുടെയും പ്രതീക്ഷകളുടെയും ശബ്ദങ്ങള്‍ വെമുലമാരുടെ ആത്മഹത്യാപ്രഖ്യാപനങ്ങള്‍ക്കിടയിലും ഉയരുന്നു.

പരസ്പരം ബന്ധിതമായി കവിതകളും അവയുടെ ദൃശ്യങ്ങളും കടന്നുവരുന്നു. കവിതകള്‍ സംഭാഷണങ്ങളായാണ് അവതരിക്കപ്പെടുന്നത്. ചലനത്തിന്റെയും അഭിനയത്തിന്റെയും മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം വെളിച്ചത്തിന്റെ സുന്ദരവിന്യാസവും  അവശ്യം രംഗപടവും ചേര്‍ന്നതോടെ പോയട്രി പെര്‍ഫോമന്‍സ് ഉജ്വല രംഗകാവ്യമായി. സര്‍വകലാശാലയിലെ അസി. പ്രൊഫസറും കവയിത്രിയുമായ ഡോ. രോഷ്നി സ്വപ്നയാണ് ഈ രംഗാവതരണം ചിട്ടപ്പെടുത്തിയത്. വെളിച്ചവും സംഗീതവും വി പി അനീഷ്, ജിതിന്‍ എന്നിവര്‍ കൈകാര്യംചെയ്തു. സുധീഷ് മോഹന്‍. അനില്‍ വെള്ളമേല്‍, ഗായത്രി, ആതിര, റിന്‍സി, ഹരിത, അഭിജിത് എന്നിവരാണ് അരങ്ങില്‍.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top