25 March Saturday

അതിര്‍ത്തിയിലെ ശത്രു

കെ ഗിരീഷ്Updated: Sunday Aug 14, 2016

അതിരില്‍ ആരാണ് അജ്ഞാതശത്രു. സംശയത്തിന്റേയും പകയുടെയും മൂര്‍ദ്ധന്യത്തില്‍ കൂടെയുള്ളവനെത്തന്നെ തന്നെ വേട്ടയാടുന്നതാണോ പോരാട്ടം. സ്നേഹം സാധ്യമല്ലാത്ത ഒരിടമാണോ അതിര്‍ത്തികള്‍. ചോദ്യങ്ങള്‍ ഉയരും. കാരണം എല്ലാ അതിരുകളെയും മറികടന്നാണ് മനസ്സ് സഞ്ചരിക്കുക. പകയും വിദ്വേഷവും പുകയുന്ന അതിര്‍ത്തികളുടെ അപ്പുറത്തും ഇപ്പുറത്തും സ്നേഹം ജ്വലിക്കുന്ന മനസ്സുകളുണ്ട്. അവക്കെന്താണ് സംഭവിക്കുക.

ലോകത്തെ മുഴുവന്‍ അതിരുകളാല്‍ വേര്‍തിരിച്ചും അതിനപ്പുറത്തെ മനുഷ്യരെ അതിരിനനുസരിച്ച് ജീവിക്കാനും ചിന്തിക്കാനും പ്രേരിപ്പിച്ചുമുള്ള ലോകവ്യവസ്ഥയെ എന്താണ് വിളിക്കേണ്ടത്. മനസ്സ്, അതങ്ങനെ പറക്കും പ്രണയത്തിന്റെ, സ്നേഹത്തിന്റെ ലോകത്തില്‍. എല്ലാ അതിരുകളെയും ഭേദിച്ചുള്ള ആ യാത്രയേക്കൂടി തടയുകയാണ് മനുഷ്യന്‍ തീര്‍ക്കുന്ന ഭൌതിക അതിര്‍ത്തികള്‍.അതിര്‍ത്തികളില്ലാത്ത ലോകത്ത് അതിര്‍ത്തികളുണ്ടാക്കി അതിന് കാവലിരിക്കുന്ന വിഢിത്തത്തെ പരോക്ഷമായി പരിഹസിക്കുകയാണ് മെഡിക്കല്‍ കോളേജ് എന്‍. ജി. ഒ. ആര്‍ട്സിന്റെ നാടകം റെഡ് അലര്‍ട്ട്. ഭൌതിക അതിര്‍ത്തിക്കൊപ്പം ഓരോ മനസ്സുകളിലും  അതിര്‍ത്തികള്‍ രൂപം കൊള്ളുന്നത് എങ്ങനെയെന്ന് നാടകം കാണിച്ചു തരുന്നു.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന രണ്ട് ഭടന്‍മാരാണ് നാടകത്തിലെ പ്രധാനകഥാപാത്രങ്ങള്‍.ഒരാള്‍ മധവയസ്കന്‍, ഇയാള്‍ക്ക് വിവാഹം കഴിക്കാറായ മകളുണ്ട്. മറ്റെയാള്‍ യുവാവ.് വിവാഹം കഴിഞ്ഞ് മൂന്നേ മൂന്നു ദിവസം ഭാര്യയോടൊപ്പംകഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കേണ്ടിവന്ന ഹതഭാഗ്യന്‍. പ്രദേശത്ത് ഇറങ്ങിയ അജ്ഞാതജീവിയാണ് റെഡ് അലര്‍ട്ടിന് കാരണം. രണ്ടുപേരും തലകുത്തിമറിഞ്ഞിട്ടും ജീവിയുടെ  ഒരു വിവരവും ലഭിക്കുന്നില്ല. മേലുദ്യോഗസ്ഥന്‍ നിരന്തരം ചെലുത്തുന്ന സമ്മര്‍ദ്ദം രണ്ടുപേരെയും വല്ലാത്ത മാനസികാവസ്ഥയിലെത്തിക്കുന്നു.  ഭീഷണികള്‍ക്കൊടുവില്‍ അജ്ഞാതജീവിയുടെ കാഷ്ഠം മേലുദ്യോഗസ്ഥന്‍ തന്നെ തെളിവായി നിരത്തുന്നു. അതു തന്റേതുതന്നെയല്ലേ എന്ന് മധ്യവയസ്കന്  തോന്നുന്നു. യുവാവ് ഇയാളെ സംശയിക്കുന്നു. സംശയം മുറുകി ഒരു നിമിഷത്തില്‍ അജ്ഞാതജീവിയെന്നുറപ്പിച്ച് യുവാവ് മധ്യവയസ്കനെ വെടിവെച്ചു കൊല്ലുന്നു.

ഈ സംഘര്‍ഷങ്ങള്‍ക്കിടയില്‍ രണ്ടു കാവല്‍ക്കാരുടേയും സ്വപ്നങ്ങളില്‍ കടന്നുവരുന്ന ഭാര്യ, മകള്‍ എന്നിവര്‍ വല്ലാത്ത വൈകാരികതയാണ് നാടകത്തിലുണ്ടാക്കുന്നത്. അതിര് , അതിരിലെ ശത്രു, വെടിവെപ്പ്, മരണം എല്ലാം എത്ര നിരര്‍ഥകമെന്ന് ചൂണ്ടിക്കാണിക്കുന്ന നാടകത്തിലെ വൈകാരികതയ്ക്ക് ചേരുന്നതായി വെളിച്ചവും സംഗീതവും. രാധാകൃഷ്ണന്‍ പേരാമ്പ്രയുടെ രചനയില്‍ എ ശാന്തകുമാറാണ് നാടകം സംവിധാനം ചെയ്തത്.

കബനി, രാജീവ് അമേയത്ത്, കുമാര്‍ പാലത്ത്, രഘൂത്തമന്‍ എന്നിവരാണ് രംഗത്ത്. പശ്ചാത്തല സംഗീതം എം എം രാഗേഷ് പാലാഴി. സംഗീത നിര്‍വഹണം: വിനോദ് നിസരി. ചമയം, രംഗവിതാനം: അബി ജെ ദാസ്, പ്രകാശസംവിധാനം: മുരളി കിനാലൂര്‍. വസ്ത്രാലങ്കാരം: ദിനേശന്‍ ചേളന്നൂര്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top