27 July Saturday

വിളറിയ ജീവിതങ്ങള്‍ ആളികത്തുന്ന കാലമുണ്ട്

കെ ഗിരീഷ്Updated: Sunday Mar 12, 2017

ചില നാടകങ്ങളെക്കുറിച്ച് പറയാതെപോകാനാവില്ല. വിശേഷിച്ച് സമകാലീനസാമൂഹ്യാന്തരീക്ഷത്തില്‍. അന്തരാഷ്ട്ര നാടകോത്സവത്തില്‍ (ഇറ്റ്ഫോക്കില്‍) ഉണ്ടായ അത്തരത്തിലുള്ള ഒരു കാഴ്ചയാണ്് മറാഠി നാടകമായ തല്വ (ഭൂരഹിതകര്‍ഷകന്‍).  ജാതീയതയും ബ്രാഹ്മണമേധാവിത്വവും അതിന്റെ ഒതുക്കിവച്ച കാളരൂപം പുറത്തെടുത്ത് ഉറയാന്‍ തുടങ്ങുന്ന കാലത്താണ്്്— തല്വ അവതരിപ്പിക്കുന്നത് എന്നതാണ് പ്രാധാന്യം.  തല്വ പറഞ്ഞത് മഹാരാഷ്ട്രയിലെ ദളിതുകള്‍, ‘ഭൂമിയില്ലാ കര്‍ഷകര്‍ കടന്നുവന്ന വഴിയാണ്. അത് ഇപ്പോഴും കടന്നുപോകുന്ന വഴികൂടിയാണ്. മഹാരാഷ്ട്രയിലെ ചന്ദര്‍പുര്‍ ലോക്ജാഗ്രതി എന്ന ദളിത്-ഇടത് ആക്ടിവിസ്റ്റുകളുടെ സംഘമാണ് നാടകം അവതരിപ്പിച്ചത്..

ചരിത്രത്തിലുടനീളം, ഇപ്പോഴും ജാതീയതയുടെ ദുരിതങ്ങള്‍ പേറുന്നവരാണ് മഹാരാഷ്ട്രയിലെ ദളിതുകള്‍. ബാബാ സാഹേബ് അംബേദ്കറും മഹാത്മാ ഫൂലേയും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സമരങ്ങളുടെയും വെല്ലുവിളികളുടെയും ബലത്തില്‍ അവര്‍ തലയുയര്‍ത്തിയപ്പോഴും  ഗ്രാമങ്ങള്‍ ഇപ്പോഴും വെന്തുനീറുന്നുണ്ട്. അതുകൊണ്ടാണ് സംഘടിതമായ ദളിത്, ഇടത്പ്രതിരോധപ്രസ്ഥാനങ്ങള്‍ മഹാരാഷ്ട്രയില്‍ സജീവമാകുന്നത്. കലാലോകത്ത് വിശേഷിച്ച് നാടകലോകത്ത് അത് തീവ്രവുമാണ്.

മറാഠി നാടകവേദിക്ക് വലിയ ചരിത്രമാണുള്ളത്. എക്കാലത്തും ഏറ്റവും കരുത്തുള്ള പ്രമേയങ്ങള്‍കൊണ്ട്— ഇന്ത്യന്‍ നാടകവേദിയെ അമ്പരപ്പിച്ചിട്ടുള്ളതാണ് മറാഠി നാടകവേദി. അതില്‍ എപ്പോഴും കീഴാളജീവിതം അതിന്റെ തീക്ഷ്ണതയോടെ കത്തിനില്‍ക്കാറുണ്ട് എന്നതുതന്നെയാണ് കാരണം. തങ്ങളുടെ കലാരൂപങ്ങളുടെ കരുത്തിനെയും ഊര്‍ജത്തെയും ആത്മവിശ്വാസത്തോടെ എടുത്തുപ്രയോഗിക്കുന്ന അപൂര്‍വം നാടകവേദികളിലൊന്നുകൂടിയാണത്.

തല്വ മൂന്നു തലമുറ മുമ്പുള്ള കര്‍ഷകജീവിതമാണ് പറയുന്നത്. —സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ ദാരിദ്യ്രവും അസ്പൃശ്യതയും മൂലം വലയുന്ന ബലിറാമിന്റെയും സുഭദ്രയുടെയും കഥയാണ് തല്വ. പട്ടിണിക്കും കഷ്ടപ്പാടിനുമൊപ്പം നേരിടേണ്ടത് ദുരാചാരങ്ങളെയും സാമൂഹിക ഉച്ചനീചത്വങ്ങളെയുമാണ്.  ഒരുവശത്ത് കുടുംബത്തിന് ഒരു നേരത്തെ ‘ഭക്ഷണത്തിനുവേണ്ടി കഷ്ടപ്പെടുന്ന തല്വകള്‍, മറുവശത്ത് എല്ലാ മേഖലയിലും നടക്കുന്ന അതിക്രമങ്ങള്‍. സാധാരണക്കാരനായ മനുഷ്യന്‍ മരണമാണഭികാമ്യം എന്ന് കരുതിപ്പോകുന്ന ജീവിതപരിസരങ്ങള്‍. നാട്ടിലെ തീരാദുരിതത്തില്‍നിന്ന് രക്ഷനേടാന്‍ നഗരത്തിലേക്ക് കുടിയേറുന്ന ബലിറാമുമാര്‍. ഒടുവില്‍ ‘ഭാര്യയോടുപിണങ്ങി നാടുപേക്ഷിച്ചുപോയ ബലിറാമിന്റെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ ഗ്രാമത്തിലേക്ക് പോകാന്‍ സുഭദ്രക്ക് മനസ്സുണ്ടായില്ല. കാരണം നഗരത്തില്‍ ഒരുദിനം പണിക്ക് പോയില്ലെങ്കില്‍ പിന്നെ ഒരാഴ്ച പണിയില്ല. അച്ഛന്റെ ജഡം കാണാനെത്തുന്ന മക്കളാകട്ടെ അവിടെനിന്ന് ‘ഭക്ഷണം കഴിക്കുന്നുമില്ല. ബുദ്ധമതത്തിലെ ഒരാചാരമാണത്. ഹിന്ദുമതത്തെ നിഷേധിച്ച് ബുദ്ധമതത്തിലേക്ക് കുടിയേറുന്ന ദളിതുകളെ നാടകം ഒരൊറ്റസംഭവംകൊണ്ട് പറഞ്ഞുവയ്ക്കുന്നു. ഒപ്പം വിദ്യയാണ് അവസാനത്തെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമെന്ന അംബേദ്കര്‍ ദര്‍ശനം നാടകം അതീവഹൃദ്യതയോടെ പറയുന്നുമുണ്ട്.

എല്ലാറ്റിനുമുപരി ജാതീയതയുടെയും പട്ടിണിയുടെയും സമസ്ത ദുരിതങ്ങളും പേറേണ്ടിവരുന്നത് ആത്യന്തികമായി സുഭദ്രമാരാണെന്നും നാടകം സൂചിപ്പിക്കുന്നു.
നാടകത്തിന്റെ മൊത്തം നിറം വിളറിയതാണ്. നാടകാശയത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നതില്‍ ഈ നിറം വഹിച്ച പങ്ക് വലുതാണ്. അതോടൊപ്പം സാങ്കേതികതയുടെ തള്ളിക്കേറ്റമില്ലാതെ അഭിനേതാക്കളുടെ കരുത്തില്‍ വികസിപ്പിച്ചെടുത്തിരിക്കയാണ് നാടകം. അങ്ങിങ്ങ് മറാഠി സംഗീതത്തിന്റെ ശീലുകളും ഉപയോഗിച്ചിരിക്കുന്നു.
നാടകരചനയും സംവിധാനവും സംഗീത ടിപ്ളേയാണ് നിര്‍വഹിച്ചിരിക്കുന്നത്. സംഗീതവും ആലാപനവും നിര്‍മാണവും അനിരുദ്ധ വാന്‍കര്‍, ശബ്ദം: ലക്ഷ്മി റാവത്ത്, ഗണേഷ് കാലേ, രംഗോപകരണം: കുനാല്‍ ഗജ്ബാറേ,  കോസ്റ്റ്യും: നയനാറാണി സോനാവനെ, സെറ്റ്, ലൈറ്റ്: പ്രസന്ന ഡി എന്നിവരാണ് നിര്‍വഹിച്ചത്. ഇരുപതോളം നടീനടന്മാര്‍ വേഷമിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top