02 April Sunday

അധികാരത്തിന്റെ അതിരുകള്‍

കെ ഗിരീഷ്Updated: Sunday Jun 11, 2017
ഭരണത്തിന്റെ മുഖമുദ്ര അതിനുകീഴിലെ ജനതയുടെ ജീവിതമാണ്. ആ ജീവിതത്തിന്റെ ആഹ്ളാദങ്ങളും വിലാപങ്ങളുംതന്നെയാണ് രാജ്യത്തിന്റെ നില നിശ്ചയിക്കുന്നത്. അധികാരം അതിന്റെ പരിധികള്‍ വിടുകയും ജനജീവിതത്തിനുമേല്‍ അഗ്നി കോരിയിടുകയുംചെയ്യുന്ന നാട്ടില്‍ വിലാപങ്ങളും മരണത്തിന്റെ കാലടിയൊച്ചകളും കേള്‍ക്കാനാകും. അതിനുശേഷം കലാപത്തിന്റെ ആയുധങ്ങള്‍ കൂട്ടിമുട്ടുന്ന ശബ്ദങ്ങളും.  
 
അതിരുവിട്ട അപ്രമാദിത്വവും അധികാരദുര്‍വിനിയോഗവും ഒരു രാജ്യത്തിന്റെ മുഖമുദ്രയാകുന്നിടത്ത് തകര്‍ത്തെറിയപ്പെടുന്നത് ഒരു ജനതയുടെ ജീവിതം മാത്രമല്ല, തലമുറകളുടെ സ്വപ്നങ്ങളു പ്രതീക്ഷകളുംകൂടിയാണ്. അരാജകവാദികള്‍ക്ക് രാജ്യഭരണം പകുത്തുനല്‍കി അന്യദേശങ്ങളില്‍ വിരുന്നുണ്ടുനടക്കുന്ന ഭരണാധിപന്മാര്‍ കഥകളിലേതുമാത്രമല്ല.  വര്‍ത്തമാനകാലത്തിന്റെ നേര്‍ക്കാഴ്ചയുമാണ്. ഒരുരാജ്യത്തിന്റെ സമ്പത്ത് മുക്കാലും പടയ്ക്കും പടക്കോപ്പിനുമായി സ്വരൂപിച്ചുവയ്ക്കുകയും അതനുഭവിക്കേണ്ട ജനതയ്ക്കുമേല്‍ കടുത്ത ഭാരം ഇറക്കിവയ്ക്കുകയുംചെയ്യുന്ന അഭിനവ ഖലീഫമാര്‍ പഴങ്കഥമാത്രമാകുന്നില്ല.
 
ജനം, സമൂഹം, ഭരണകൂടം എന്ന സംഹിതകളെ ശരിയായ അര്‍ഥത്തില്‍ പരിഗണിക്കാതെപോകുന്നത് അവ ഉള്‍ക്കൊള്ളുന്ന രാഷ്ട്രത്തിന്റ ഭാവിയെ തകര്‍ത്തെറിയുമെന്നതില്‍ തര്‍ക്കമില്ല. ഇതുതന്നെയാണ് പെരുമണ്ണ യുവജന കലാസമിതിയുടെ ഒറ്റദിവസത്തെ സുല്‍ത്താന്‍ എന്ന നാടകം പറയാതെപറയുന്നത്. 
 
ഗിരീഷ് കളത്തില്‍

ഗിരീഷ് കളത്തില്‍

സാധാരണ കുടുംബത്തിലെ അംഗമായ ഹസ്സനും അവന്റെ ഉമ്മയും അതിഥികളെ വിരുന്നൂട്ടുന്നത് ഒന്നും പ്രതീക്ഷിച്ചുകൊണ്ടല്ല, അതവര്‍ക്കൊന്നും നേടിക്കൊടുക്കുന്നുമില്ല, പക്ഷേ പലരുമായുള്ള കൂടിക്കാഴ്ച, സൌഹൃദം അതവര്‍ ആഗ്രഹിക്കുന്നു. വേഷപ്രച്ഛന്നനായി അവരുടെ വീട്ടില്‍ വിരുന്നിനെത്തുന്ന ഖലീഫ വിരുന്നിന് പ്രത്യുപകാരംചെയ്യാന്‍ വാശി പിടിക്കുന്നു. ഹസ്സന്റെ ഉള്ളിലെ ആഗ്രഹമെന്തെന്നറിയിക്കാന്‍ അയാള്‍ ഹസ്സനെയും ഉമ്മയെയും നിര്‍ബന്ധിക്കുന്നു. ഒരിക്കലും നടക്കാനിടയില്ലാത്തതാണെങ്കിലും ഒരു ദിവസത്തേക്ക് സുല്‍ത്താനായിരിക്കണമെന്ന ഹസ്സന്റെ ആഗ്രഹം ഉമ്മയില്‍നിന്ന് ഖലീഫ അറിയുന്നു. കിറുക്കന്‍ ഹസ്സന്റെ ആഗ്രഹം നിറവേറ്റിക്കൊടുക്കാന്‍ ഖലീഫ നിശ്ചയിക്കുന്നു. ഒരു സ്വപ്നത്തിലെന്നോണം അയാള്‍ ഖലീഫയായി വാഴിക്കപ്പെടുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് നാടകത്തിന്റെ കഥാസാരം. പ്രജകള്‍ക്കല്ല ഭരണാധികാരികള്‍ക്കാണ് കിറുക്കെന്ന് ഹസ്സന്‍ സ്ഥാപിച്ചെടുക്കുന്നിടത്താണ് നാടകം അവസാനിക്കുന്നത്.
 
അറേബ്യന്‍ നാടോടിക്കഥയുടെ അന്തരീക്ഷം വാരിനിറച്ച രംഗവിതാനവും വേഷവിധാനവും പൂര്‍ണമായും സമൃദ്ധകാഴ്ചയൊരുക്കുന്നുണ്ട്. രംഗോപകരണങ്ങളുടെ കാര്യത്തിലും നാടകമാവശ്യപ്പെടുന്ന സംസ്കാരം കാത്തുവയ്ക്കാനായത് ശ്രദ്ധേയമാണ്. 
 
നാടകരചന, സംവിധാനം: ഗിരീഷ് കളത്തില്‍, ദീപവിതാനം, സഹസംവിധാനം: കെഎംസി പെരുമണ്ണ, കോറിയോഗ്രഫി: കെ ടി റീമ, ചമയം: പി എം വി, വസ്ത്രാലങ്കാരം: ഗിരീഷ് കുട്ടന്‍, സംഗീതം: വിനോദ് നിസരി, രംഗകല: സത്യന്‍ പാറമ്മല്‍, ശ്യാംദാസ്. സലിം, പര്‍വീസ് അലി, രാജന്‍ മുണ്ടുപാലം, രതീഷ്, സത്യന്‍പാറമ്മല്‍, സുധീഷ് കരുവാലില്‍, രമേഷ് പി കെ, രാമകൃഷ്ണന്‍, നവീന, രമ, മേഘ എന്നിവരാണ് അഭിനേതാക്കള്‍.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top