09 December Monday

പെണ്‍ചോരയൊലിക്കുന്ന കണ്ണാടി

വെബ് ഡെസ്‌ക്‌Updated: Sunday Oct 9, 2016

പലതും ആവര്‍ത്തിച്ചുതന്നെ പറയേണ്ടിവരും. ചരിത്രം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയും ഇരകള്‍ ഇരകളായി തുടരുകയും ചെയ്യുന്ന കാലത്ത് പറഞ്ഞത് പിന്നെയും പറയേണ്ടിവരുന്നുണ്ട്്.എക്കാലത്തും പെണ്‍ശരീരം ഇരയാവുകയും ആണ്‍കുസൃതികളുടെ കളിപ്പാട്ടമാവുകയും ചെയ്യുമ്പോള്‍, സദസ്സില്‍ വസ്ത്രമുരിഞ്ഞുപോയ പെണ്ണിന്റെ നിലവിളിമുതല്‍ നഗരത്തെരുവില്‍ പരസ്യമായി വലിച്ചിഴയ്ക്കപ്പെടുന്ന ശരീരംവരെ തുടര്‍ച്ചയായി ആവര്‍ത്തിക്കുമ്പോള്‍ ഭാഷയല്‍പ്പം മാറിയാലും പറയുന്ന കാര്യത്തിന് മാറ്റമുണ്ടാകില്ല. അല്ലെങ്കില്‍ പറഞ്ഞുകൊണ്ടേയിരിക്കുക എന്നതാണ് ശരി.

പെണ്‍ശരീരത്തിനുമുകളില്‍ ആണ്‍ശരീരത്തിന്റെ രാഷ്ട്രീയപ്രയോഗം എന്നും കീഴടക്കലിന്റേതാണ്. അല്ലെങ്കില്‍ ദുര്‍ബലയുടെ രക്ഷിതാവ് ചമയലാണ്. അതിന് ഒരുപാട് സിദ്ധാന്തങ്ങളും അവന്‍ ചമയ്ക്കുന്നു. മതത്തിന്റെ, സദാചാരത്തിന്റെ, വ്യവസ്ഥയുടെ, നാട്ടാചാരങ്ങളുടെ, ദൈവഹിതത്തിന്റെ എല്ലാ സിദ്ധാന്തങ്ങളിലും ഒടുവില്‍ അവള്‍ ഇരതന്നെയാകുന്നു.

പോണ്ടിച്ചേരിയിലെ ചിത്രകാരന്മാരുടെയും നാടകപ്രവര്‍ത്തകരുടെയും കൂട്ടായ്മയായ പ്രശസ്തസംഘം 'യാഴ് ആര്‍ട്ട് അക്കാദമി' അവരുടെ പുതിയ നാടകം 'സിവപ്പു കണ്ണാടി' (ചുവന്ന കണ്ണാടി)യിലൂടെ വരയ്ക്കുന്നത് ഈ ഇരയാക്കപ്പെടലിന്റെ ചിത്രങ്ങളാണ്.

അഞ്ച് രംഗങ്ങളിലായി അവതരിപ്പിക്കപ്പെടുന്ന നാടകത്തില്‍ ആദ്യരംഗം പ്രവേശകമാണ്. ഒരു പെണ്‍ ക്ളൌണും അന്ധഗായകനുമായി തുടങ്ങുന്ന രംഗം പിച്ചിച്ചീന്തപ്പെടുന്ന പെണ്ണിന്റെ വൈവിധ്യമുഖങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പുരുഷനോട്ടത്തിന്റെ, കാഴ്ചയുടെ, മാലിന്യത്തില്‍ മുങ്ങുന്ന മണ്ണാണ് സ്ത്രീശരീരമെന്ന് ഒരു പെണ്ണിലൂടെ ഒരായിരം പെണ്ണുങ്ങള്‍ വിളിച്ചുപറയുന്നു.  കണ്ണാടിയില്‍ പരക്കുന്ന രക്തത്തില്‍നിന്ന് പെണ്‍കുഞ്ഞിന്റെ ശരീരം ചിതറിവീഴുന്നു. പെണ്‍ക്ളൌണ്‍ കണ്ണാടിയില്‍നിന്ന് രക്തംപുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തുന്നു. സ്വന്തം തുടയിലൂടെ ഒഴുകിവരുന്ന രക്തത്തിന്റെ കാഴ്ചയോടെയാണ് രംഗം അടുത്തതിലേക്ക് പ്രവേശിക്കുന്നത്.

ജി ഗോപി

ജി ഗോപി

രണ്ടാംരംഗം പ്രണയമെന്ന മായികയന്ത്രംകൊണ്ടും മതവചനമെന്ന മഹാമതിലുകൊണ്ടും പെണ്ണിനെ എങ്ങനെ കീഴടക്കുന്നുവെന്ന ചിത്രമാണ്. രക്തത്തിന്റെ അശുദ്ധിയെ ആയുധമാക്കുകയും അതിനെ മന്ത്രമാക്കി പെണ്‍ശരീരത്തെ കീഴടക്കുകയും ചെയ്യുന്നു.

മൂന്നാംരംഗം വീടിനകത്തും പുറത്തും പെണ്ണിനെ പിന്തുടരുന്ന ക്യാമറക്കണ്ണുകളുടെ ചിത്രം വരച്ചുതുടങ്ങുന്നു. പ്രണയം, സ്നേഹം, വാത്സല്യം എല്ലാറ്റിലും ഒളിച്ചിരിക്കുന്ന കഴുകന്‍കണ്ണുണ്ടെന്ന് രംഗം സൂചിപ്പിക്കുന്നു. കുട്ടിക്കാലംമുതല്‍ നേരിടേണ്ടിവന്ന ലൈംഗികചൂഷണത്തെ അവള്‍ ഓര്‍ത്തെടുക്കുന്നു. ഒടുവില്‍ ശരീരം മറയ്ക്കാന്‍ മുടിയഴിച്ചിട്ട ദ്രൌപതിയെ ഓര്‍മിപ്പിച്ച് രംഗം ഒടുങ്ങുന്നു. നാലാംരംഗം മഹാഭാരതത്തിലെ ചില സന്ദര്‍ഭങ്ങളെ പെണ്‍കാഴ്ചയിലൂടെ കാണുന്നതാണ്. ദ്രൌപതിയുടെ വസ്ത്രമുരിയുമ്പോള്‍തലകുനിച്ചുനിന്ന പാണ്ഡവരെപ്പോലെയുള്ള ഭര്‍ത്താക്കന്മാരെ വേണ്ടെന്ന് വിളിച്ചുപറയുന്ന പെണ്ണ്, കര്‍ണന്റെ ജനനത്തില്‍ നിസ്സഹായയായ കുന്തി, പാഞ്ചാലിക്ക് വസ്ത്രം നല്‍കുന്നതിലൂടെ വസ്ത്രമാണ് പെണ്ണിന്റെ പരിശുദ്ധിയെന്ന് ലോകത്തെ പഠിപ്പിച്ച  കൃഷ്ണന്‍ ചോദ്യംചെയ്യപ്പെടുന്നു. ഒടുവില്‍ അവള്‍ സ്വന്തം വസ്ത്രമുരിഞ്ഞ് കൃഷ്ണന് തിരികെ നല്‍കുന്നു.

അവസാനരംഗത്തില്‍ മൂന്ന് ഗര്‍ഭിണികള്‍ പ്രത്യക്ഷപ്പെടുന്നു. ഒന്നാമത്തവള്‍ പുരോഹിതനാല്‍ ചൂഷണംചെയ്യപ്പെട്ടവള്‍, രണ്ടാമത്തവള്‍ ജഡ്ജിയാല്‍, മൂന്നാമത്തവള്‍ രാഷ്ട്രീയനേതാവിനാല്‍. ഒടുവില്‍ വേദിയില്‍ ഒരു പെണ്‍കുഞ്ഞ് പിറന്നു വീഴുന്നു. രക്തം ഒഴുകിപ്പരക്കുന്നു. രക്തവര്‍ണിതമായ കണ്ണാടി എല്ലാ രംഗങ്ങളിലുമെന്നപോലെ പ്രതീകമായി വര്‍ത്തിക്കുന്നു.
നാടകം ആദ്യന്തം കടുംവെളിച്ചത്തിന്റെ പിന്നണിയോടെ വേദിയില്‍ വരച്ചിടുന്ന പെയിന്റിങ്ങിന്റെ അനുഭവം സൃഷ്ടിക്കുന്നുണ്ടെങ്കിലും വിഷയത്തിന്റെ തീവ്രതയ്ക്കും തീക്ഷ്ണതയ്ക്കും ഇത് സഹായകമാകുന്നുണ്ട്. ഒപ്പം പുതിയ രംഗഭാഷയും അവതരിപ്പിക്കപ്പെടുന്നു. പ്രശസ്തചിത്രകാരനും നാടകപ്രവര്‍ത്തകനുമായ ജി ഗോപിയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. പി സൌമ്യ, ഡി അരുണശ്രീ, വി വിനീത, എന്‍ സി താര, പി അറോക്കിയ മേരി സ്റ്റെല്ല, ഇ ശുഭശ്രീ, ബാലസുബ്രമണ്യന്‍, എന്‍ അരുണേഷ്, ബാലമുരളീകൃഷ്ണന്‍ എന്നിവരാണ് അരങ്ങില്‍. സുതന്‍രാജ് ലൈറ്റും സുരേന്ദര്‍, പാര്‍ഥിപന്‍, ആനന്ദ് സമിതി എന്നിവര്‍ സംഗീതവും ഇ ഏഴിലരശന്‍ രംഗപാഠവും രംഗോപകരണങ്ങളും എസ് ധനസു ദൃശ്യങ്ങളും അറോക്കിയ മേരി സ്റ്റെല്ല രാഗിണി എന്നിവര്‍ വസ്ത്രാലങ്കാരവും ഒരുക്കി. ഗാഥ സജിയാണ് പാടിയിട്ടുള്ളത്.

ഴശൃശവെ.ിമശേസമ@ഴാമശഹ.രീാ

പ്രധാന വാർത്തകൾ
 Top