03 February Friday

ചുവര്‍ചിത്രങ്ങളുടെ തറവാട്ടമ്മ

എം എസ് അശോകന്‍Updated: Sunday Jul 2, 2017

ചുമര്‍ചിത്രരചനാ രംഗത്തെ ആദ്യ വനിതാ സാന്നിധ്യമായ തിരുവനന്തപുരം ശ്രീകാര്യം ചെക്കാലമുക്കില്‍ ശ്യാമളകുമാരി എന്ന അറുപത്തിരണ്ടുകാരിയുടെ ചിത്രകലാ ജീവിതത്തിന് നാല്‍പ്പതാണ്ട് പ്രായമാകുന്നു. പരമ്പരാഗത ചുമര്‍ചിത്രരചനയിലും മറ്റു മാധ്യമസാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള ചുമര്‍ചിത്രശൈലിയിലുള്ള അലങ്കാരരചനകളിലും ഇപ്പോഴും സജീവമായി തുടരുന്ന ശ്യാമളകുമാരിയുടെ കലാജീവിതം സ്ത്രീപക്ഷ രചനാജീവിതത്തിന്റെ മാതൃകകൂടിയാണ്.

പത്താംക്ളസ് പഠനത്തിനുശേഷം ഫൈനാര്‍ട്സ് ഡിപ്ളോമ നേടിയ ശ്യാമളകുമാരി ചിത്രകലാ അധ്യാപികയായി കുറച്ചുകാലം പ്രവര്‍ത്തിച്ചു. ചിത്രകാരന്‍കൂടിയായ ജി അഴിക്കോടി (ജി ഭാര്‍ഗവന്‍) നെ വിവാഹം കഴിച്ച അവര്‍ ശ്രീകാര്യത്തെ അദ്ദേഹത്തിന്റെ മ്യൂറല്‍ ചിത്രരചന പരിശീലിപ്പിക്കുന്ന സ്കൂള്‍ ഓഫ് ഫൈനാര്‍ട്സിലാണ് ചുമര്‍ചിത്രരചനാ സങ്കേതങ്ങള്‍ അഭ്യസിച്ചത്. തുടര്‍ന്ന് നിരവധി ചുമര്‍ചിത്രങ്ങള്‍ രചിച്ച് ഈ രംഗത്ത് സജീവമായെങ്കിലും രണ്ടായിരാമാണ്ടില്‍ തിരുവനന്തപുരത്ത് ടൂറിസംവാരാഘോഷത്തോട് അനുബന്ധിച്ച് നടന്ന ചുമര്‍ചിത്ര ശില്‍പ്പശാലയിലൂടെയാണ് ശ്യാമളകുമാരി ശ്രദ്ധേയയായത്. തുടര്‍ന്ന് അന്താരാഷ്ട്ര അനിമേഷന്‍ സെമിനാറിന്റെ ഭാഗമായി ടെക്നോപര്‍ക്കിലും ബാംബൂ കോണ്‍ഗ്രസിനോടനുബന്ധിച്ച് ഡല്‍ഹിയിലും നടന്ന പ്രദര്‍ശനങ്ങളില്‍ ശ്യാമളകുമാരിയുടെ രചനകള്‍ ശ്രദ്ധനേടി. ക്ഷേത്രചുമരുകളില്‍ വരയ്ക്കുന്ന ചിത്രങ്ങളായതിനാല്‍ പരമ്പരാഗത ചുമര്‍ചിത്രരചനയിലേക്ക് സ്ത്രീകള്‍ അധികമൊന്നും കടന്നുവന്നിരുന്നില്ലെന്ന് ചുമര്‍ചിത്രകാരന്‍കൂടിയായ ജി അഴിക്കോട് പറഞ്ഞു.

ഈ സാഹചര്യത്തില്‍ ക്യാന്‍വാസിലും പ്ളൈവുഡിലും മണ്‍ഭരണികളിലുമൊക്കെയാണ് ആദ്യകാലത്ത് രചന നടത്തിക്കൊണ്ടിരുന്നത്. പിന്നീടാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോടനുബന്ധിച്ചുള്ള നവരാത്രി മണ്ഡപത്തില്‍ ശ്യാമളകുമാരിക്ക് ചിത്രരചന നടത്താന്‍ അവസരം കിട്ടിയത്. കുടുംബക്ഷേത്രത്തിലെ ചുമരില്‍ ശ്യാമളകുമാരി വരച്ച സുന്ദരയക്ഷി എന്ന ചിത്രം ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ കാണാനിടയായതാണ് അതിന് അവസരം തുറന്നത്. അന്നപൂര്‍ണേശ്വരി, ഐശ്വര്യ ഗണപതി എന്നിവയാണ് നവരാത്രിമണ്ഡപത്തില്‍ വരച്ചത്. തഞ്ചാവൂര്‍ ആസ്ഥാനമായ ദക്ഷിണമേഖലാ സാംസ്കാരികകേന്ദ്രത്തിലെ മണ്ഡപത്തിനുള്ളില്‍ മഹാഭാരതകഥ ചിത്രീകരിക്കാന്‍ ജി അഴിക്കോടിനൊപ്പം ശ്യാമളകുമാരിയുമുണ്ടായിരുന്നു. ഇവരുടെ മകന്‍ ബിജുവും ചിത്രകാരനാണ്. ചുമര്‍ചിത്രങ്ങളുടെ പരമ്പരാഗത രചനാരീതിക്കൊപ്പം പുത്തന്‍ പരീക്ഷണങ്ങളും ആ സങ്കേതത്തിലൂടെ നടത്തുന്നതില്‍ ശ്രദ്ധേയനാണ് ബിജു.

പരമ്പരാഗത ചിത്രരചനാവഴികളില്‍നിന്ന് മാറിനടന്നതുകൂടിയാണ് ഈ വനിതാ ചിത്രകാരിയെ ഏറെ ശ്രദ്ധേയയാക്കുന്നത്. വയനാട്ടിലെ പ്രശസ്തമായ ഉറവ്, മുളയും ഈറ്റയുംപോലുള്ള പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ക്ക് മൂല്യവര്‍ധന നല്‍കുംവിധം അവയില്‍ ചുമര്‍ചിത്ര അലങ്കാരങ്ങളും രൂപങ്ങളും വരച്ചുചേര്‍ക്കുന്നതിന്, ശ്യാമളകുമാരിയുടെ നേതൃത്വത്തില്‍ അവിടത്തെ കലാകാരന്മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. പ്രകൃതിദത്ത വര്‍ണങ്ങള്‍ വേപ്പ് പശയില്‍ ചാലിച്ച് ഇയാമ്പുല്‍ തൂലികകൊണ്ട് എഴുതുന്ന പരമ്പരാഗത രചനാരീതിക്കു പകരം കാലത്തിനും ആവശ്യത്തിനും ഇണങ്ങുന്ന രചനാശൈലിയും സങ്കേതവുമാണ് അവിടെ പരീക്ഷിച്ചത്. ചുമര്‍ചിത്ര മാതൃകകള്‍ വരച്ചുചേര്‍ത്ത മുളയുല്‍പ്പന്നങ്ങള്‍ക്ക് ഇപ്പോഴും മാര്‍ക്കറ്റില്‍ ആവശ്യക്കാരേറെയാണ്. തുണിത്തരങ്ങളിലും ചുമര്‍ചിത്ര ശൈലി വിജയകരമായി പരീക്ഷിച്ചു.

2007 മുതല്‍ കുടുംബശ്രീ കൂട്ടായ്മയുടെ ഭാഗമായും തന്റെ കലയെ അവര്‍ അവതരിപ്പിച്ചു. ചുമര്‍ചിത്രങ്ങളെ അവലംബിച്ച് തയ്യാറാക്കിയ ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീയിലൂടെ ആവശ്യക്കാരിലേക്കെത്തിയത് തനിക്ക് പുതിയ കാഴ്ചപ്പാടും വഴിയും തുറന്നുതന്നതായി ശ്യാമളകുമാരി പറയുന്നു. ബംഗ്ളാദേശില്‍ സാര്‍ക് മേളയിലും ശ്യാമള രൂപകല്‍പ്പനചെയ്ത കരകൌശല ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ സ്വദേശത്തും നിരവധി വിദേശരാജ്യങ്ങളിലും ശ്യാമളയുടെ ചുമര്‍ചിത്രങ്ങള്‍ വില്‍ക്കുകയും സ്ഥിരമായി പ്രദര്‍ശിപ്പിക്കുകയും ചെയ്തുവരുന്നു. ഈ അറുപത്തിരണ്ടാം വയസ്സിലും പതര്‍ച്ചയില്ലാത്ത കൈയും കാഴ്ചയും സൂക്ഷിച്ച് തിരുവനന്തപുരത്തെ വീട്ടില്‍ രചനകള്‍ക്കിടയില്‍ തിരക്കിലാണ് ചുമര്‍ചിത്രങ്ങളുടെ ഈ തറവാട്ടമ്മ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top