''നാടകം എനിക്ക് ജീവിതമാണ്. സിനിമ ഉപജീവനമാണ്. ഉപജീവനം ഉണ്ടെങ്കിലേ ജീവിതമുള്ളൂ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഇങ്ങനെ പറയുമ്പോള്‍ സിനിമയെ ചെറുതായി കാണുന്നു എന്നു വിചാരിക്കേണ്ടതില്ല. പുതിയ കാലത്തിന്റെ കലാരൂപമാണ് സിനിമ. അത് ശക്തമായ ഒരായുധമാണ്. അതിനെ ആ രീതിയില്‍ ഫലപ്രദമായി ഉപയോഗിക്കുന്ന സംവിധായകരും സിനിമാപ്രവര്‍ത്തകരും നമുക്കുണ്ട്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം എന്റെ മീഡിയം നാടകമാണ് '' നാടകപ്രവര്‍ത്തകനും നടനുമായ അലന്‍സിയര്‍ നയം വ്യക്തമാക്കുന്നു... ദേശാഭിമാനി വാരികയില്‍നിന്ന്.... അഭിമുഖം തയ്യാറാക്കിയത് രാജേഷ് ചിറപ്പാട്/രാജേഷ് കെ എരുമേലി
മലയാള സിനിമയില്‍ ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയമായ വേഷങ്ങളിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനംപിടിച്ച നടനാണ് അലന്‍സിയര്‍ ലെ ലോപ്പസ്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും നാടകമാണ് തന്റെ ജീവിതമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സാമൂഹിക പ്രശ്നങ്ങളോട് ഒറ്റയ്ക്ക് നാടകം കളിച്ച് പ്രതികരിക്കുവാന്‍ അദ്ദേഹത്തിന് ഇന്നും മടിയില്ല. തന്റെ നാടക- സിനിമാ ജീവിതത്തെക്കുറിച്ച് അലന്‍സിയര്‍ സംസാരിക്കുന്നു.
? പലരും സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞാല്‍ നാടകത്തെ കൈയൊഴിയുന്നതായി കാണാം. പക്ഷേ, താങ്കള്‍ നാടകത്തെ അങ്ങനെ കൈവിടാന്‍ തയ്യാറാവുന്നില്ല. ഇത്രമേല്‍ സ്നേഹിക്കുവാന്‍ താങ്കള്‍ക്ക് നാടകം എന്താണ് നല്‍കിയത്.
= നാടകം എനിക്ക് ജീവിതമാണ്. സിനിമ എനിക്ക് ഉപജീവനമാണ്. ഉപജീവനം ഉണ്ടെങ്കിലേ ജീവിതമുള്ളൂ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഇങ്ങനെ പറയുമ്പോള്‍ സിനിമയെ ചെറുതായി കാണുന്നു എന്നു വിചാരിക്കേണ്ടതില്ല. പുതിയ കാലത്തിന്റെ കലാരൂപമാണ് സനിമ. അത് ശക്തമായ ഒരായുധമാണ്. അതിനെ ആ രീതിയില്‍ ഫലപ്രദമായി ഉപയോഗിക്കുന്ന സംവിധായകരും സിനിമാപ്രവര്‍ത്തകരും നമുക്കുണ്ട്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം എന്റെ മീഡിയം നാടകമാണ്.
? സിനിമയില്‍നിന്ന് വ്യത്യസ്തമായി എന്ത് മേന്മയാണ് താങ്കള്‍ക്ക് നാടകത്തില്‍ കണ്ടെത്താന്‍ കഴിയുന്നത്.
= ഒരു നടന്‍ എന്ന നിലയില്‍ എനിക്ക് സത്യസന്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്നത് നാടകത്തിലൂടെയാണെന്ന് വിശ്വസിക്കുന്നു. സമൂഹത്തോട് നേരിട്ട് സംവദിക്കാന്‍ കഴിയുന്ന കലാരൂപം നാടകം തന്നെയാണ്. സംഘടിതമായ ഒരു നാടകപ്രവര്‍ത്തനം എന്നതിന് എന്നെ സംബന്ധിച്ചിടത്തോളം നിരവധി പരിമിതികളുണ്ട്. അത് മറികടക്കാന്‍ വേണ്ടിയാണ് ഞാന്‍ ഒറ്റയാള്‍ നാടകങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലെങ്കിലും നാടകത്തിന് ഇത്രയാളുകള്‍ വേണമെന്ന് നിയതമായ നിയമങ്ങളൊന്നുമില്ലല്ലോ. എന്റെ നാട്ടിന്‍പുറത്തുള്ള പള്ളിയിലെ ധ്യാനം നടക്കുമ്പോള്‍ ആ ചടങ്ങിനിടയില്‍ ഞാന്‍ നാടകം ചെയ്തിട്ടുണ്ട്. അത് വളരെ പ്രതീകാത്മകമായിരുന്നു. ആര്‍ക്കും ഇത് മനസിലാവണമെന്നില്ല. അത്തരം നാടകം കളിച്ചതിന് പള്ളി എനിക്ക് ശിക്ഷ തന്നിട്ടുണ്ട്. ഇവിടത്തെ പാവങ്ങളുടെ പൈസ വാങ്ങിയിട്ട് ധ്യാനഗുരു ഇവിടെയുള്ളവര്‍ മുഴുവന്‍ പാപികളാണെന്നു പറയുമ്പോള്‍ ഞാന്‍ ഒരു ചൂലുമെടുത്ത് ധ്യാനസ്ഥലത്തേക്ക് പോയിനിന്നു. ചൂല് പ്രതീകാത്മകമാണ് ഇവിടെ.
? കമലിനെതിരായി സംഘപരിവാറിന്റെ ചില നീക്കങ്ങള്‍ വന്നപ്പോഴായിരുന്നു താങ്കള്‍ കാസര്‍കോട്ട് ഇത്തരത്തില്‍ ഒരു ഒറ്റയാള്‍ നാടകം അവതരിപ്പിക്കുന്നത്. സിനിമാനടന്‍ എന്ന പരിവേഷത്തില്‍ നില്‍ക്കുമ്പോഴാണത്. കമല്‍ എന്ന വ്യക്തിയോടുള്ള ഇഷ്ടവും താല്‍പ്പര്യവും അതിനു പിന്നിലുണ്ടായിരുന്നോ.
= ഞാനത് പൊളിറ്റിക്കലായി ചെയ്തതായിരുന്നു. കമലിനോട് തര്‍ക്കിക്കുകയും കമലിന്റെ സിനിമയില്‍ വേഷം വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോവുകയും ചെയ്ത ആളാണ് ഞാന്‍. ഇതിനൊക്കെ ഒരുപാട് കാലം മുമ്പാണത്. ഞാന്‍ ഒരാളോടും വേഷം ചോദിച്ചു പോയിട്ടില്ല. അത് എന്റെ അഹങ്കാരം കൊണ്ടല്ല, ഭയം
കൊണ്ടാണ്. എനിക്ക് സിനിമ പാകമാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. അല്ലെങ്കില്‍ എന്റെ അപകര്‍ഷതാബോധമായിരിക്കാം.
? പക്ഷേ, താങ്കള്‍ക്ക് ആദ്യംതന്നെ നല്ല റോളുകള്‍ ധാരാളമായി ലഭിച്ചിട്ടുണ്ട്.. അതൊക്കെ ഇങ്ങോട്ട് തേടിവന്നതായിരുന്നോ.
= അല്ല. എന്റെ സുഹൃത്തുക്കളുടെ സിനിമകളിലാണ് ഞാന്‍ കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. രാജീവ് രവിയുടെ സിനിമയിലേക്കൊക്കെ എത്തുന്നത് അവരൊക്കെ എന്റെ സുഹൃത്തുക്കള്‍ ആയതുകൊണ്ടാണ്.
? കമലുമായി എന്തായിരുന്നു പ്രശ്നം.
= “ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന സിനിമ കണ്ടതിനുശേഷം സുഹൃത്തായ സന്തോഷ് ഏച്ചിക്കാനം എന്നെ വിളിച്ചു.
കമല്‍ ഒരു പടം ചെയ്യുന്നുണ്ട്. പഴയ നാടകക്കാരെക്കുറിച്ചുള്ള സിനിമയാണ്. അതില്‍ നിങ്ങള്‍ക്ക് ഒരു വേഷമുണ്ട്. അതുകൊണ്ട് കമലിന്റെ അസോസിയേറ്റിനെ വിളിച്ച് കമലിനെ പോയി കാണണമെന്ന് സന്തോഷ് എന്നോട് പറഞ്ഞു. ഞാന്‍ കമലിനെ കാണാന്‍ മടിച്ചു. എറണാകുളത്ത് പോയാണ് കാണേണ്ടത്. എന്റെ കൈയില്‍ കാശൊന്നുമില്ല. ഒരു സുഹൃത്ത് ഡോ. ബിനിയുടെ കാറിലാണ് കമലിനെ കാണാന്‍ പോയത്. ബിനി എന്നെ എങ്ങനെയെങ്കിലും സിനിമയില്‍ കയറ്റി നന്നാക്കണമെന്ന് പറഞ്ഞുനടക്കുന്ന ആളാണ്. ഞങ്ങള്‍ എറണാകുളത്ത് കമലിന്റെ ഫ്ളാറ്റില്‍ എത്തി. കമലിനെ കാണാമെന്നു പറയുന്ന സമയം നീണ്ടുനീണ്ടുപോയി. കമല്‍ അറിഞ്ഞിട്ടാണോ എന്നെ വിളിച്ചിരിക്കുന്നതെന്ന് ഞാന്‍ സംശയിച്ചു. അവസാനം വൈകുന്നേരമായപ്പോള്‍ ഞാന്‍ തീരുമാനിച്ചു കമലിനെ കണ്ട് രണ്ട് വര്‍ത്തമാനം പറഞ്ഞിട്ടേ ഇനി പോകുന്നുള്ളൂ. അങ്ങനെ അദ്ദേഹത്തിന്റെ മുറിയിലേക്ക് ചോദിക്കാതെ കയറിച്ചെന്നു. കമല്‍ കണ്ടപാടെ ആരാണെന്ന് ചോദിച്ചു. ഞാന്‍ പേരു പറഞ്ഞു. സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവിയുടെ സിനിമ കണ്ടിട്ട് നിങ്ങളുടെ പടത്തില്‍ എനിക്ക് ഒരു വേഷമുണ്ടെന്ന് അസോസിയേറ്റ് അറിയിച്ചിട്ടാണ് ഞാന്‍ വന്നത്. നിങ്ങള്‍ എന്നോട് ചോദിക്കുന്നു ആരാണെന്ന്. സിനിമയുടെ ഏറ്റവും വലിയ പ്രശ്നം ഇതാണ്. ഈ ഭയംകൊണ്ടാണ് ഞാന്‍ ആരോടും വേഷം ചേദിക്കാതിരുന്നത്. അങ്ങനെ അവിടെ നിന്നിറങ്ങി. കമലുമായി ചില തര്‍ക്കങ്ങള്‍ നടന്നു. ഒരുപക്ഷേ, കമല്‍ ഞാന്‍ ചെല്ലുന്ന വിവരം അറിഞ്ഞിട്ടുപോലുമുണ്ടാവില്ല. ഈ സംഭവം ഞാന്‍ കെ ആര്‍ മനോജിനോട് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു, നിങ്ങളുടെ സിനിമാജീവിതം അത്ര സുഖകരമാവില്ലെന്ന്.
? കാസര്‍കോട് പോലുള്ള ഒരു സ്ഥലത്ത് ഒറ്റയ്ക്ക് നാടകം കളിക്കാന്‍ തെരുവിലേക്കിറങ്ങുന്നു. തിരുവനന്തപുരത്തുകാരനായ താങ്കള്‍ക്ക് കാസര്‍കോടിനെക്കുറിച്ച് ശരിക്കും അറിയാമായിരുന്നോ. കാസര്‍കോട് തെരഞ്ഞടുത്തത് എന്തുകൊണ്ടാണ്.
= “തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഞാന്‍ അന്ന് അവിടെയുണ്ട്. അതുകൊണ്ടാണ് കാസര്‍കേ—ാട് തെരഞ്ഞെടുത്തത്. കാസര്‍കോട് വളരെ അപകടം പിടിച്ച സ്ഥലമാണെന്ന് പലരും എന്നോട് പറഞ്ഞു. നാടകത്തിന് സാങ്കേതിക സഹായങ്ങള്‍ ആവശ്യമായി വന്നപ്പോള്‍ എഴുത്തുകാരന്‍ പി വി ഷാജികുമാറിനെയാണ് ആദ്യം ഫോണില്‍ വിളിച്ചത്. ഷാജി അപ്പോള്‍ ജോലി സംബന്ധമായി കൊല്ലത്തായിരുന്നു. ഷാജി പറഞ്ഞതനുസരിച്ച് ഷാജിയുടെ ഭാര്യ മനീഷയോട് എനിക്ക് കുറച്ച് പ്രോപ്പര്‍ട്ടി വേണമെന്ന് ആവശ്യപ്പെട്ടു. എനിക്ക് പിന്തുണയുമായി നിന്നത് മനീഷയും എസ്എഫ്ഐയിലെ ചില വിദ്യാര്‍ഥികളുമാണ്. കമല്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന ബിജെപി നേതാവിന്റെ പ്രസ്താവനകളും വാര്‍ത്തകളും കേട്ടപ്പോള്‍ത്തന്നെ വല്ലാതെ പ്രകോപിതനായി. ഇയാളാരാണ് കമലിനെ പാകിസ്ഥാനിലേക്ക് വിടാന്‍. നാടുകടത്തുക എന്നത് രാജഭരണകാലത്തെ ഏര്‍പ്പാടാണ്. ജനാധിപത്യ രാജ്യത്തില്‍ നിന്നിട്ട് പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞാല്‍ അത് വകവച്ചുകൊടുക്കേണ്ട കാര്യമില്ല. ആളുകളെ നാടുകടത്താനുള്ള അധികാരം സംഘികള്‍ക്ക് ആരാണ് കൊടുത്തത്. രാജ്യത്തോടുള്ള ഒരാളുടെ കൂറ് അവരാണോ നിശ്ചയിക്കുന്നത്. അത് കേട്ടപ്പോള്‍ എനിക്ക് തോന്നി ഇതിനെതിരായി ഒരു പ്രതിഷേധനാടകം ചെയ്യണമെന്ന്.
മനീഷ എന്നോട് പറഞ്ഞു, ഇത് ബിജെപിയുടെ മേഖലയാണ്. കൈവെട്ടിക്കളയും കാല്‍വെട്ടിക്കളയും എന്നൊക്കെ. അതുകൊണ്ട് ശ്രദ്ധിക്കണമെന്ന്. ഞാന്‍ പറഞ്ഞു. അവര്‍ക്കിതൊന്നും മനസ്സിലാകില്ല. അത്ര ബുദ്ധിയുള്ളവരാരെങ്കിലും സംഘികളാകുമോ. അങ്ങനെയാണ് ഈയൊരു പരിപാടി ആരംഭിച്ചത്. തല്ലുകിട്ടുമെന്ന് പലരും പറഞ്ഞു. ഞാന്‍ പറഞ്ഞു, എനിക്ക് നല്ല തല്ലിന്റെ കുറവുണ്ടെന്ന്. നാടകം കളിച്ചു നടക്കുന്നതിന് പണ്ട് അച്ഛന്‍ എന്നെ തല്ലുമായിരുന്നു. അതുമാത്രം പോരാ, എനിക്ക് നാട്ടുകാരുടെ തല്ലുകൂടി കിട്ടണം. അങ്ങനെയാണ് ആ സ്ഥലത്തേക്ക് ഇറങ്ങുന്നത്. എങ്ങനെയാണ് ആളുകള്‍ ഇതിനോട് പ്രതികരിക്കുക എന്നൊന്നും പറയാന്‍ കഴിയില്ല. ചിലപ്പോള്‍ ഈ നാടകം പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നേക്കാം.
? എന്തൊക്കെ തയാറെടുപ്പുകളാണ് നാടകത്തിനുവേണ്ടി നടത്തിയത്.
= എന്റെ കൈയിലുള്ളത് ഒരു ഐഡിയ മാത്രമാണ്. കാസര്‍കോട് ബസ്സ്റ്റാന്റില്‍ നിന്ന് അമേരിക്കയിലേക്കോ പോര്‍ച്ചുഗലിലേക്കോ എന്റെ പേരുവച്ചിട്ട് ഒരു ബസ് പോകുന്നുണ്ടോ, അവിടേക്ക് ഞാന്‍ എന്റെ പേരിന്റെ കാരണത്താല്‍ നാടുവിടാന്‍ പോകുന്നു. അതിനാണ് ഞാന്‍ ബസ്സ്റ്റാന്റിലെത്തിയത്. ഇതാണ് ആശയം. ആദ്യത്തെ ബസ്സിന് ഞാന്‍ കൈകാണിച്ചു. ബസ് നിര്‍ത്തി. ഞാന്‍ ഡ്രൈവറോട് ചോദിച്ചു. “ഈ ബസ് അമേരിക്കയിലേക്ക് പോകുമോ’. അയാള്‍ അന്തംവിട്ടു. കാസര്‍കോട്ടുള്ള ഏതോ സ്ഥലത്തേക്ക് പോകുന്ന ബസ്സാണെന്ന് പറഞ്ഞു. അടുത്ത ബസ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഞാന്‍ അതിനുള്ളിലേക്ക് ചാടിക്കയറി. കണ്ടക്ടറോട് ചോദിച്ചു. “പോര്‍ച്ചുഗലിലേക്ക് ഒരു ടിക്കറ്റ് തരൂ’. ഞാന്‍ കിതക്കുകയാണ്. ഉടുപ്പൊന്നുമിട്ടിട്ടില്ല. ഒരു കൈലി മാത്രം ഉടുത്തിട്ടുണ്ട്. പിന്നൊരുഭാണ്ഡവും. വായില്‍ പീപ്പിയും കൈയില്‍ ഒരു കിലുക്കിയുമുണ്ട്.
? പീപ്പിയും കിലുക്കിയുമൊക്കെ കുട്ടികളുടെ കളിപ്പാട്ടമല്ലേ, അത് എന്തിനാണ്.
= അത് ആള്‍ക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കാനാണ്. കണ്ടക്ടര്‍ വിചാരിച്ചു ഞാന്‍ ഭ്രാന്തനാണെന്ന്. അല്ലെങ്കില്‍ കള്ളുകുടിയന്‍. അയാള്‍ എന്നെ ഇറക്കിവിടാന്‍ നോക്കി. അപ്പോഴേക്കും ആള്‍ക്കാരൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങി. ബസ്സിലിരുന്ന ചെറുപ്പക്കാര്‍ക്കൊക്കെ എന്നെ മനസ്സിലായി. “മഹേഷിന്റെ പ്രതികാര’ത്തിലെ ആര്‍ടിസ്റ്റ് ബേബിയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. “”അതെ, ഞാന്‍ ബേബിച്ചന്‍ തന്നെ. ഈ ബസ് അമേരിക്കയിലേക്ക് ഞാന്‍ ഹൈജാക്ക് ചെയ്യുന്നു. അമേരിക്കയിലേക്ക് വരാന്‍ തയാറുള്ളവര്‍ കൈപൊക്കൂ’’. ഞാന്‍ പറഞ്ഞു. ബസ്സിലിരുന്നൊരു മാമന്‍ ചോദിച്ചു. “”സത്യത്തില്‍ ഞങ്ങളെ അമേരിക്കക്ക് കൊണ്ടു പോകുമോ’’- ബസ്സിലിരുന്ന ചെറുപ്പക്കാര്‍, ഞങ്ങളും അമേരിക്കയിലേക്കുണ്ടെന്ന് വിളിച്ചുപറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു. “”വരുന്നില്ല’’. ഞാന്‍ ആ ബസ്സില്‍നിന്നിറങ്ങി. “”ആരെന്ത് പറഞ്ഞാലും ജനിച്ച മണ്ണില്‍ നിന്നും ഞാന്‍ അമേരിക്കയിലേക്കില്ല, നിങ്ങള്‍ പൊയ്ക്കോളൂ. ഇത് എന്റെ മണ്ണാണ്. എന്റെ പേര് അലന്‍സിയര്‍ ലെ ലോപ്പസ് എന്നാണ്’’.
“”എന്നെ ഇവിടെനിന്നു നാടുകടത്തിക്കളയാമെന്നുതീരുമാനിച്ചാല്‍ അത് നടപ്പില്ല. അത് ഒരു രാഷ്ട്രീയ കക്ഷിക്കും നടപ്പാക്കാന്‍ കഴിയുകയില്ല. കൊന്നുകളയാം. ഈ മണ്ണിലിട്ടുതന്നെ വെട്ടിക്കൊല്ലണം’’. ഇതിനിടയില്‍ ഒരാള്‍ എന്റെ അടുത്തേക്ക് നടന്നുവന്നു. ഒരു ഓട്ടോ ഡ്രൈവറാണ്. കണ്ടപ്പോഴേ ആളൊരു സംഘിയാണെന്നു മനസ്സിലായി. കൈയില്‍ ചരടൊക്കെ കെട്ടിയിട്ടുണ്ട്. അടി കിട്ടുമെന്ന് ഏതാണ്ട് ഉറപ്പായി. അയാള്‍ ഇങ്ങനെ അടുത്തുവന്നപ്പോഴേക്കും എനിക്ക് മനസ്സിലായി പണി പാളിയെന്ന്. വന്ന വരവിന് ഞാന്‍ അയാളെ കെട്ടിപ്പിടിച്ചു ഒരു—മ്മ കൊടുത്തു. “”സഹോദരാ, അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ഒരാളെ നാടുകടത്തിക്കളയുന്നത് തെറ്റോ ശരിയോ? നിങ്ങള്‍തന്നെ ഒന്ന് ആലോചിച്ചുനോക്ക്’’. അയാള്‍ വന്ന കാര്യം തന്നെ മറന്നുപോയി. മനുഷ്യര്‍ തമ്മില്‍ സ്നേഹിക്കുകയും ആശ്ളേഷിക്കുകയും ചെയ്താല്‍ തീരാവുന്നതേയുള്ളൂ ഇവിടത്തെ പ്രശ്നങ്ങള്‍.
? വിഷ്വല്‍ മീഡിയെയൊക്കെ അറിയിച്ചിരുന്നോ.
= തീര്‍ച്ചയായും വളരെ പ്രീ പ്ളാന്‍ഡായിരുന്നു. പണ്ട് സെക്രട്ടറിയേറ്റിനുമുന്നില്‍ ഇതുപോലൊരു സമരം നടത്തിയപ്പോള്‍ ഒരു പത്രം പോലും റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നില്ല. ഞാന്‍ സിനിമാക്കാരനായതുകൊണ്ടാണ് ഇപ്പോള്‍ ഇത് ശ്രദ്ധിക്കപ്പെട്ടത്. ചര്‍ച്ചയാക്കണം ഇതെന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. സംഘപരിവാറിന്റെ അജണ്ട പൊളിക്കണം എന്ന ലക്ഷ്യം തന്നെയായിരുന്നു ഇതിന്റെ പിന്നില്‍.
? നാടകത്തിലേക്ക് എത്തുന്നത് എന്നു മുതല്‍ക്കാണ്.
= കുട്ടിക്കാലം മുതലേ നാടകം എന്നെ പിടികൂടി. അല്ലെങ്കില്‍ ഞാന്‍ നാടകത്തെ പിടികൂടി. എന്റെ നാടിന്റെ ഒരു സംസ്കാരമാണ് അത്തരത്തില്‍ എന്നെ രൂപപ്പെടുത്തിയത്. കടലോര മനുഷ്യരുടെ ജീവിതമാണ് എന്റെ സംസ്കാരത്തിന്റെ അടിത്തറ. ഞങ്ങള്‍ക്ക് ഇവിടെ ഒരു ലൈബ്രറിയുണ്ട്. സ്വാതന്ത്യ്രസമര കാലഘട്ടത്തിലുണ്ടായ വായനശാലയാണത്. ഇവിടെ നിന്ന് സിങ്കപ്പൂരിലേക്ക് ജോലിതേടിപ്പോയ അന്നത്തെ ചെറുപ്പക്കാര്‍ക്ക് സ്വാതന്ത്യ്രസമരത്തില്‍ ഗാന്ധിജിയോടല്ല, സുഭാഷ് ചന്ദ്രബോസിനോടായിരുന്നു താല്‍പ്പര്യം. അവരാണ് ഈ ഗ്രന്ഥശാല ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെയാണ് ജയ്ഹിന്ദ് എന്ന പേര് വന്നത്. ഇവിടെ തീരപ്രദേശത്ത് പള്ളികളും മഠങ്ങളുമൊക്കെ ധാരാളം ഉള്ളതിനാല്‍ വായനശാലകള്‍ക്കെല്ലാം വിശുദ്ധന്മാരുടെ പേരാണ് ഇട്ടിരിക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഈ പേര്. ഈ ജയ്ഹിന്ദ് വായനശാലയില്‍ നിന്നാണ് നാടകപുസ്തകങ്ങളൊക്കെ എടുത്ത് വായിക്കുന്നത്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് വായനശാലയില്‍ മെമ്പറാണെന്നു പറയുന്നത് വലിയ അഭിമാനമാണ്.
ഇവിടെ ഒരു നാടക മത്സരമുണ്ടായിരുന്നു. ലെയോണ്‍ ലോപ്പസ് മെമ്മോറിയല്‍ നാടക മത്സരം. അത് എന്റെ അപ്പൂപ്പന്റെ സ്മരാണാര്‍ഥമാണ് നടത്തപ്പെട്ടിരുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മത്സരമാണ്. ഒരു ഗ്രാമം മുഴുവന്‍ നാടകം കാണാന്‍ ഒത്തുകൂടും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുവരുന്ന സമിതിക്കാരാണ് നാടകങ്ങള്‍ അവതരിപ്പിക്കുന്നത്. ആ ഏഴുദിവസവും ടിക്കറ്റെടുത്താണ് ആളുകള്‍ നാടകം കാണുന്നത്.
ഇത്തരത്തില്‍ നാടകത്തിന്റേതായ ഒരു പരിസരം അന്ന് ഇവിടെയുണ്ടായിരുന്നു. നല്ല നാടകക്കാരും ഫുട്ബോള്‍ കളിക്കാരും ഉണ്ടായിരുന്ന മണ്ണാണിത്. ഇവരെല്ലാം പിന്നീട് പിഎസ്സി ടെസ്റ്റ് എഴുതി സര്‍ക്കാര്‍ ജോലി നേടി. ചിലര്‍ ഗള്‍ഫിലേക്ക് പോയി.

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ നിന്ന്
? അഭിനേതാവ് എന്നതിനപ്പുറം നാടകത്തിന്റെ രചന, സംവിധാനം തുടങ്ങിയ മേഖലകളില്‍ ഇടപെട്ടിരുന്നോ.
= തീര്‍ച്ചയായും. അന്ന് ഞങ്ങള്‍ കുട്ടികള്‍ക്ക് നേതാജി തിയേറ്റര്‍ എന്നൊരു നാടകസംഘം ഉണ്ടായിരുന്നു. കുട്ടികള്‍ തന്നെയാണ് നാടകങ്ങള്‍ അവതരിപ്പിക്കുന്നത്. നേതാജിയുടെ ജന്മദിനത്തിന് സ്റ്റേജ് കെട്ടി സി എല്‍ ജോസിന്റെ നാടകം ഞങ്ങള്‍ അവതരിപ്പിച്ചു. വായനശാലയില്‍ നിന്നാണ് അദ്ദേഹത്തിന്റെ നാടക പുസ്തകമെടുത്തത്.
? നാടകത്തെ ഗൌരവമായി സമീപിക്കുന്നത് എന്നു മുതലാണ്.
= ഡിഗ്രിക്ക് പഠിക്കാന്‍ യൂണിവേഴ്സിറ്റി കോളെജില്‍ എത്തുമ്പോഴാണ് നാടകം ഗൌരവത്തോടെ സമീപിക്കേണ്ട ഒന്നാണെന്ന് മനസ്സിലായത്. നരേന്ദ്രപ്രസാദ് സാര്‍, വി പി ശിവകുമാര്‍ സാര്‍, ഡി വിനയചന്ദ്രന്‍ മാഷ് എന്നിവരൊക്കെ അന്ന് അവിടെയുണ്ടായിരുന്നു. നാടകം വെറുതെ കളിച്ചുനടക്കേണ്ടതല്ലെന്നും നാടകത്തിന് മറ്റുചില അവതരണ രീതികളും ശൈലികളുമുണ്ടെന്നും അവിടെനിന്നും മനസ്സിലായി. അന്ന് യൂണിവേഴ്സിറ്റികോളെജില്‍ ഒരു ക്യാമ്പസ് തിയേറ്ററുണ്ടായിരുന്നു. അന്‍വര്‍ അലി, പി കെ രാജശേഖരന്‍, വിനയന്‍, വാള്‍ട്ടര്‍, എസ് ജനാര്‍ദനന്‍, ജോബി, ടി എ ലാല്‍, മഹേഷ് പഞ്ചു, സന്തോഷ് എന്നിവരുടെ സംഘത്തിലാണ് ഞാന്‍ ചെന്നുപ്പെട്ടത്. ബിഎ പൊളിറ്റിക്സ് പഠിക്കാനാണ് അവിടെ പോയത്. പക്ഷേ, പഠിച്ചത് നാടകമായിരുന്നു.
? നാടകത്തോട് അത്രമാത്രം താല്‍പ്പര്യമുണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് സ്കൂള്‍ ഓഫ് ഡ്രാമ പോലുള്ള സ്ഥാപനത്തില്‍ ചേര്‍ന്നു പഠിച്ചില്ല.
= എനിക്ക് സ്കൂള്‍ ഓഫ് ഡ്രാമയില്‍ പോയി നാടകം പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരു കാരണവശാലും വീട്ടിലെ അന്തരീക്ഷം അതിന് അനുവദിച്ചില്ല. നാടകം സുരക്ഷിതമായ ജീവിതം തരില്ലെന്ന് വീട്ടുകാര്‍ കരുതി. പക്ഷേ, ഞാന്‍ എത്തപ്പെട്ടത്, തിരുവനന്തപുരത്തെ നാടക സംഘങ്ങളുടെ ഇടയിലായിരുന്നു. സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുന്നതിനെക്കാള്‍ അനുഭവപാഠങ്ങള്‍ അവിടെ നിന്നും ലഭിച്ചു. കോളെജിലെ ക്യാമ്പസ് തിയറ്ററിന് നരേന്ദ്രപ്രസാദ് സാറിന്റെ നേതൃത്വമുണ്ടായിരുന്നു. അതുപോലെ രഘുസാറിന്റെ നാടകസംഘവുമായി ഞാന്‍ ബന്ധപ്പെട്ടു. അത് സ്ട്രീറ്റ് പ്ളേയായിരുന്നു, ഫിസിക്കല്‍ തിയേറ്റര്‍. ആക്ടറുടെ മാധ്യമം ശരീരമാണെന്ന് എന്നെ പഠിപ്പിച്ചത് രഘുസാറായിരുന്നു. ഞാന്‍ ഗുരുതുല്യനായി കാണുന്ന സി പി കൃഷ്ണകുമാര്‍ ‘ഭരതഗൃഹം എന്ന പേരില്‍ പൂജപ്പുര കേന്ദ്രീകരിച്ച് ഒരു നാടക സമിതിയുണ്ടാക്കിയിരുന്നു. അവിടെയാണ് മാക്ബത്തും മത്തവിലാസവുമൊക്കെ അരങ്ങേറുന്നത്. ഞാന്‍ അതിലൊക്കെ അഭിനയിച്ചു. സി പി കൃഷ്ണകുമാര്‍ നാടകത്തെക്കുറിച്ചുള്ള ഗൌരവതരമായ ചിന്തകള്‍ എനിക്ക് നല്‍കി. കൂടാതെ പി കെ വേണുക്കുട്ടന്‍ സാറിന്റെ നേതൃത്വത്തിലുള്ള സുവര്‍ണരേഖയിലും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കാവാലത്തിന്റെ സോപാനം എന്ന നാടക സമിതിയില്‍ ചേര്‍ന്നു. തനതു നാടകവേദിയെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞത് അവിടെ നിന്നാണ്.
അങ്ങനെ പലതരം നാടകരൂപങ്ങളിലൂടെയും എനിക്ക് സഞ്ചരിക്കാന്‍ കഴിഞ്ഞു. സ്കൂള്‍ ഓഫ് ഡ്രാമയില്‍ പോയാല്‍ ഈ അനുഭവം ലഭിക്കണമെന്നില്ല. പലതരത്തിലുള്ള നാടകവീക്ഷണങ്ങള്‍, ശൈലികള്‍ ഇവയിലൂടെയൊക്കെ കടന്നുപോകാന്‍ കഴിഞ്ഞു എന്നതാണ് നാടകവുമായി ബന്ധപ്പെട്ട് എനിക്ക് ലഭിച്ച ഭാഗ്യം. വീട്ടില്‍ നിന്ന് ബസ്സില്‍ കയറി കോളെജിലെത്തിയാല്‍ ക്ളാസിലേക്കല്ല പോകുന്നത്, ക്യാമ്പസ് തിയേറ്ററിന്റെ റിഹേഴ്സല്‍ ക്യാമ്പിലേക്കാണ്. എപ്പോഴെങ്കിലും ക്ളാസില്‍ കയറിയാല്‍ അതുകഴിഞ്ഞ് അടുത്ത ഓട്ടം പൂജപ്പുരയിലുള്ള നാടക സമിതിയിലേക്കാണ്. കണ്‍സഷന്‍ ടിക്കറ്റിനുള്ള പൈസയേ കൈയിലുണ്ടാകൂ. അതുകൊണ്ട് കോളെജില്‍ നിന്നും പൂജപ്പുര വരെ ഓടിയും നടന്നുമാണ് പോകുന്നത്. ഇങ്ങനെ ഓടിയും നടന്നുമാണ് കാവാലത്തിന്റെയും സിപിയുടെയും നാടകക്യാമ്പില്‍ പോകുന്നത്. ആ ഊര്‍ജം എനിക്ക് നാടകം തന്നു.
? രാഷ്ട്രീയ പ്രസ്ഥാനത്തോടൊപ്പംതന്നെ നാടകത്തിന് വലിയൊരു ഉണര്‍വുണ്ടായിരുന്ന കാലഘട്ടമായിരുന്നല്ലോ അത്. ക്യാമ്പസിനുള്ളിലും പുറത്തും നാടകത്തോടൊപ്പം ഒരു രാഷ്ട്രീയജീവിതം കൂടി ഉണ്ടായിരുന്നോ.
= ക്യാമ്പസിനകത്തും പുറത്തും ഈ പറഞ്ഞ തരത്തിലുള്ള നാടകജീവിതം തുടരുകയായിരുന്നു ഞാന്‍. യൂണിവേഴ്സിറ്റി കോളെജില്‍ എസ്എഫ്ഐക്ക് അപ്രമാദിത്വമുള്ള കാലമായിരുന്നു അത്. പക്ഷേ, ഞാന്‍ എസ്എഫ്ഐ അംഗമായിരുന്നില്ല. ആകെ ചെയ്ത ഒരു കാര്യം ഞങ്ങള്‍ “അമ്മമരം’ എന്നുവിളിച്ചിരുന്ന ഒരു മഹാഗണി മരം മുറിക്കുന്നതിനെതിരെയുള്ള സമരമായിരുന്നു. മരം മുറിക്കാന്‍ ആളെത്തിയപ്പോള്‍ ഞങ്ങള്‍- അന്‍വര്‍ അലി, സുധീര്‍ പരമേശ്വര്‍, പി കെ രാജശേഖരന്‍- എല്ലാം ചേര്‍ന്ന് ആ മരത്തെ കെട്ടിപ്പിടിച്ചുനിന്നു. അതായിരുന്നു ക്യാമ്പസില്‍ ഞാന്‍ ആകെ പങ്കെടുത്ത രാഷ്ട്രീയ സമരം. പിന്നീട് അതുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലൂടെ, ജോബിയെ കൈവണ്ടിലിരുത്തി കോമാളി വേഷത്തില്‍ വലിച്ചോണ്ടുപോയി. അതായിരുന്നു ക്യാമ്പസിലെ എന്റെ നാടക- രാഷ്ട്രീയ ഇടപെടല്‍.
? വീട്ടിലെ അന്തരീക്ഷം എന്തായിരുന്നു. മാതാപിതാക്കള്‍ ഇടതുപക്ഷത്തോടു ആഭിമുഖ്യമുള്ളവരായിരുന്നോ.
= ഒരിക്കലുമല്ല. കോണ്‍ഗ്രസ് അനുഭാവമുള്ള കുടുംബമായിരുന്നു എന്റേത്. ഞങ്ങള്‍ താമസിച്ചിരുന്നത് ക്രിസ്ത്യാനികള്‍ക്ക് മുന്‍തൂക്കമുള്ള സ്ഥലത്തായിരുന്നല്ലോ. കമ്യൂണിസ്റ്റുകാര്‍ അവിടെ കൊടികെട്ടാന്‍ തുടങ്ങുന്ന കാലമാണത്. എന്റെ അച്ഛനായിരുന്നു ഏറ്റവും വലിയ ചുവപ്പുവിരുദ്ധന്‍. ജങ്ഷനിലോ പള്ളിമുക്കിലോ ചുവപ്പുകൊടി കണ്ടാല്‍ അച്ഛന്‍ അത് പൊട്ടിച്ചുകളയും. അവിടത്തെ കമ്യൂണിസ്റ്റുകാര്‍ക്ക് പേടിയായിരുന്നു അച്ഛനെ. ആ അച്ഛനുമായി തര്‍ക്കിച്ചാണ് ഞാന്‍ ഇടതുപക്ഷ അനുഭാവിയാകുന്നത്. മാനവികത എന്ന് പറയുന്നത് കോണ്‍ഗ്രസുകാരെക്കാള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ചില കാര്യങ്ങളില്‍ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും .
? അക്കാലത്ത് പ്രൊഫഷണല്‍ നാടകവും അമേച്വര്‍ നാടകവും സജീവമായിരുന്നല്ലേ.
= നിലവിലെ കൊമേഴ്സല്‍ നാടകസങ്കല്‍പ്പത്തോട് അനിഷ്ടം ഉള്ള ആളാണ് ഞാന്‍. ഒരു വര്‍ഷം ഒരു കൊമേഴ്സല്‍ നാടകസംഘത്തില്‍ അഭിനയിച്ചു. കല്യാണമൊക്കെ കഴിഞ്ഞ് ഒരു കുട്ടിയൊക്കെ ആയപ്പോള്‍ ഉപജീവനത്തിനുവേണ്ടിയായിരുന്നു അത്. ഒരു വര്‍ഷം മാത്രമേ ഞാന്‍ അവിടെ തുടര്‍ന്നുള്ളൂ. പഠിച്ച നാടക രീതികളൊന്നുമായിരുന്നില്ല എനിക്ക് അവിടെ ചെയ്യേണ്ടിയിരുന്നത്. ഒരു നടന്‍ എന്ന നിലയില്‍ ഏറ്റവും വേദനാജനകമായ കാലഘട്ടമായിരുന്നു അത്. ഓരോതവണ സ്റ്റേജില്‍ കയറുമ്പോഴും ഞാന്‍ പഠിച്ചതില്‍ നിന്നും അറിഞ്ഞതില്‍ നിന്നും വിരുദ്ധമായ കാര്യങ്ങളാണല്ലോ ചെയ്യുന്നതെന്ന കുറ്റബോധം ഉണ്ടായിരുന്നു.
? മറ്റൊരു തൊഴിലിലേക്ക് പോകാതിരിക്കുന്നത് എന്തുകൊണ്ട്. നാടകത്തോടുള്ള ഇഷ്ടം കൊണ്ടാണോ.
= എനിക്കറിയാവുന്ന പണി അഭിനയമാണെന്ന് വിശ്വസിക്കുന്നു. പിഎസ്സി ടെസ്റ്റ് എഴുതാന്‍ പോലും താല്‍പ്പര്യമുണ്ടായിരുന്നില്ല. വീട്ടുകാരുടെ നിര്‍ബന്ധംമൂലം കണ്ടക്ടര്‍ ടെസ്റ്റ് എഴുതാന്‍ പോയി. അത് കിട്ടരുതേ എന്ന് പ്രാര്‍ഥിച്ചുകൊണ്ടാണ് പരീക്ഷ എഴുതിയത്. അതാണ് ആദ്യവും അവസാനവുമായി എഴുതിയ പിഎസ്സി ടെസ്റ്റ്. അന്ന് സിനിമ എന്നത് സ്വപ്നത്തില്‍ പോലുമില്ലായിരുന്നു. നാടകം അഭിനയിക്കുക എന്നതിനപ്പുറം മറ്റൊരു ചിന്തയുമില്ലായിരുന്നു. എന്നാല്‍ വിഷ്വല്‍ മീഡിയ കോര്‍പ്പറേറ്റീവ് സൊസൈറ്റി എന്ന പേരില്‍ പി ഗോവിന്ദപിള്ള, വി കെ ജോസഫ്, ചന്ദ്രസേനന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘടന രൂപീകരിച്ചു. നല്ല സിനിമകളും ഡോക്യുമെന്ററികളും ചെയ്യുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. അതില്‍ ചേര്‍ന്ന് കുറച്ചുകാലം പ്രവര്‍ത്തിച്ചു.
? ഉയര്‍ന്ന നിലയിലുള്ള സാമൂഹികബോധവും രാഷ്ട്രീയ ബോധവും സിനിമയിലെ ഒരു നടനോ സൂപ്പര്‍ താരത്തിനോ ഉണ്ടാകുന്നില്ല. പക്ഷേ, താങ്കള്‍ അതില്‍ നിന്ന് വ്യത്യസ്തനാണ്. ഇത് നാടകത്തില്‍ നിന്ന് വരുന്നതുകൊണ്ടാവാം. സ്വയം എങ്ങനെ വിലയിരുത്തുന്നു.
= തീര്‍ച്ചയായും നാടകമെന്നത് മണ്ണില്‍ വേരുള്ളതാണ്. അതൊരു നക്ഷത്രമല്ല. സിനിമയുടെ ആകാശത്ത് താരമായി മിന്നിനില്‍ക്കുന്നതുപോലെയല്ല അത്. എന്റെ വിയര്‍പ്പും
ഗന്ധവും വിജയവും പരാജയവും നാടകത്തിലെ വേദിയില്‍ നിന്ന് പ്രേക്ഷകര്‍ നേരിട്ടറിയുന്നു. സിനിമയെന്നത് ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ക്യാമറയ്ക്കും ലെന്‍സുകള്‍ക്കും മുന്നിലാണ് പെര്‍ഫോം ചെയ്യപ്പെടുന്നത്. പ്രേക്ഷകന് മുന്നിലെ സ്ക്രീനില്‍ അഭിനേതാവിന്റെ വലിപ്പം പോലും സത്യസന്ധമല്ല. വെള്ളിവെളിച്ചത്തില്‍ ഷൂട്ട് ചെയ്യുകയും ഇരുട്ടത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് സിനിമ. അതുകൊണ്ടാണ് സിനിമാതാരങ്ങള്‍ ഉണ്ടാകുന്നത്. സ്ക്രീനിന് മുന്നിലുള്ള പ്രേക്ഷകനുമായി നടന്‍ നേരിട്ട് സംവദിക്കുന്നില്ല. എന്നാല്‍ നാടകത്തില്‍ അങ്ങനെ അല്ല. അതാണ് സിനിമയും നാടകവും തമ്മിലുള്ള വ്യത്യാസം.
? സൂപ്പര്‍ താരങ്ങള്‍ സിനിമയെ പിന്നോട്ട് വലിക്കുന്നില്ലേ.
= അവരൊന്നും താരങ്ങളായി ജനിച്ചവരല്ല. എനിക്ക് തോന്നിയിട്ടുള്ളത് ലോകസിനിമയിലെ ആദ്യത്തെ സൂപ്പര്‍താരം ചാര്‍ളി ചാപ്ളിനാണ്. ഈ പരിവേഷമൊക്കെ അവര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാണ്. അവരുടെ സമര്‍പ്പണം പ്രധാനഘടകമാണ്. ഞാന്‍ സിനിമയില്‍ വന്നിട്ട് 19 വര്‍ഷമായി. പക്ഷേ, കൊമേഴ്സ്യല്‍ സിനിമയുടെ ഭാഗമായിട്ട് രണ്ട് വര്‍ഷം പോലും ആയിട്ടില്ല.
നമ്മുടെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അവരുടെ ഒരു ഡെഡിക്കേഷന്‍ കണ്ട് ഞാന്‍ അന്തം വിട്ടുപോയിട്ടുണ്ട്. രാവും പകലുമില്ലാതെ, വെയിലെന്നും മഴയെന്നുമില്ലാതെ, ഉറക്കംപോലുമില്ലാതെ അവര്‍ പണി എടുക്കാന്‍ വേണ്ടി വന്നുനില്‍ക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നും. ഞാന്‍ ലാലേട്ടനോട് ചോദിച്ചിട്ടുണ്ട്, “എത്രയോ വര്‍ഷമായി ഈ മഴനനഞ്ഞും വെയിലുകൊണ്ടും അഭിനയിക്കുന്നു’. മടുപ്പുതോന്നുന്നില്ലേ’ എന്ന്. “മടുപ്പോ? ഞാന്‍ എന്‍ജോയ് ചെയ്യുകയാണ്’ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. അവരുടെ കഠിന പ്രയത്നംകൊണ്ടാണത്. അഭിനയം അവര്‍ക്ക് സമര്‍പ്പണമാണ്. അതുകൊണ്ടാണ് അവര്‍ താരപദവിയിലേക്ക് എത്തിയത്.
? മിമിക്രിയില്‍നിന്നും നാടകത്തില്‍നിന്നും കുറെപ്പേര്‍ സിനിമയിലേയ്ക്ക് വന്നിട്ടുണ്ട്. താങ്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നാടകത്തില്‍നിന്നാണ് വരുന്നത്. അങ്ങനെ വന്നവര്‍ വളരെ പെട്ടന്ന് ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചു. എന്തുകൊണ്ടാണത്.
= അത് എനിക്ക് ലഭിച്ച കഥാപാത്രങ്ങളുടെ ഗുണമാണെന്ന് ഞാന്‍ പറയും. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും മിടുക്കാണത്. മഹേഷിന്റെ പ്രതികാരത്തിലെ ആര്‍ടിസ്റ്റ് ബേബിയും തൊണ്ടിമുതലും ദൃക്സാക്ഷിയിലെ എഎസ്ഐ ചന്ദ്രനും ഉണ്ടാകുന്നതിനുപിന്നില്‍ തിരക്കഥാകൃത്തിന്റെ ഭാ
വനയാണുള്ളത്. അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി ഞാന്‍ കരുതുന്നു.
? ന്യൂജനറേഷന്‍ സിനിമകളിലൂടെയാണ് താങ്കള്‍ ശ്രദ്ധേയനാകുന്നത്. ഇത്തരം സിനിമകളെക്കുറിച്ച് എന്താണ് അഭിപ്രായം.
= ആ വാക്കിനോട് എനിക്ക് വിയോജിപ്പാണ്. ന്യൂജനറേഷന്‍ എല്ലാ കാലത്തുമുണ്ട്. ശശികുമാര്‍ സാറും കൃഷ്ണന്‍ നായരുമൊക്കെ സിനിമ എടുത്തകാലത്താണ് പത്മരാജന്‍ സാര്‍, കെ ജി ജോര്‍ജേട്ടനുമൊക്കെ സിനിമ ചെയ്യുന്നത്. അത് അക്കാലത്തെ ന്യൂജനറേഷന്‍ സിനിമയാണ്. അവര്‍ ആ വാക്ക് ഉപയോഗിച്ചില്ലെന്നേയുള്ളൂ.
? പക്ഷേ, പുതിയൊരു ചലച്ചിത്രഭാഷ രൂപപ്പെടുത്താന്‍ പുതിയ ചെറുപ്പക്കാരുടെ ഇത്തരം സിനിമയ്ക്ക് കഴിഞ്ഞിട്ടില്ലേ.
= അടൂര്‍ സാറും കെ ജി ജോര്‍ജേട്ടനുമൊക്കെ ഇത്തരത്തില്‍ ചലച്ചിത്രഭാഷ രൂപപ്പെടുത്തിയവരാണ്. അന്ന് നിലവിലിരുന്ന സിനിമാസമ്പ്രദായങ്ങളില്‍നിന്ന് വ്യത്യസ്തമായാണ് അവര്‍ സിനിമ എടുത്തത്. കെ ജി ജോര്‍ജിന്റെ സിനിമ ഇന്ന് കാണുമ്പോള്‍പ്പോലും പുതിയതായി നമുക്ക് തോന്നും. അടുത്ത തലമുറയ്ക്കുപോലും ന്യൂജനറേഷന്‍ ആയി തോന്നാവുന്നതാണ് കെ ജി ജോര്‍ജിന്റെ സിനിമകള്‍. പൂന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുകയും കോടമ്പക്കത്ത് ജീവിക്കുകയും ചെയ്തതുകൊണ്ടാണ് തനിക്ക് ഇത്തരം സിനിമ ചെയ്യാന്‍ കഴിഞ്ഞതെന്ന് ജോര്‍ജേട്ടന്‍ എവിടെയോ പറഞ്ഞതായി ഓര്‍ക്കുന്നു.
? ആദ്യമായി അഭിനയിച്ച സിനിമ ഏതാണ്.
= യൂണിവേഴ്സിറ്റി കോളെജില്‍ ഡിഗ്രിക്ക് തേഡ് ഇയര്‍ പഠിക്കുമ്പോള്‍ പി എ ബക്കര്‍ സംവിധാനം ചെയ്ത പി കൃഷ്ണപിള്ളയെക്കുറിച്ചുള്ള സിനിമയാണ് ഞാന്‍ ആദ്യം അഭിനയിച്ചത്. പ്രേംകുമാറായിരുന്നു അതില്‍ സഖാവായി അഭിനയിച്ചത്. കരുണാകരനായിരുന്നു അന്ന് മുഖ്യമന്ത്രി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്തായിരുന്നു ഷൂട്ട് നടക്കുന്നത്. കരീം എന്നുപറയുന്ന ഒരു മുതലാളിയായിരുന്നു നിര്‍മാതാവ്. കരുണാകരന്‍ കൂര്‍മബുദ്ധിയുള്ള രാഷ്ട്രീയക്കാരനായിരുന്നു. പി കൃഷ്ണപിള്ളയെക്കുറിച്ചുള്ള സിനിമ ഇലക്ഷന് മുമ്പ് ഇറങ്ങിയാല്‍ പണി കിട്ടുമെന്ന് വിചാരിച്ച് നിര്‍മാതാവിനെ പിടിച്ച് ഏതോ കാര്യത്തിന് അകത്തിട്ടു. അങ്ങനെ നിര്‍മാതാവില്ലാതെ ആ പടം പാതി വഴിയില്‍ മുടങ്ങിപ്പോയി.
? തിലകന്റെ ഒരു വിടവിലേക്കാണ് അലന്‍സിയര്‍ എന്ന നടന്‍ എത്തിയതെന്ന് പലരും അഭിപ്രായപ്പെടുന്നു. എന്തു തോന്നുന്നു.
= ആ വിടവിലേയ്ക്ക് ദയവുചെയ്ത് എന്നെക്കൊണ്ടിരുത്തരുത്. കാരണം അങ്ങനെയൊരു വിടവില്ല. താരതമ്യം ചെയ്യുന്നിടത്ത് വലിയ ഭാരമാണ് നമുക്ക് നേരിടേണ്ടിവരിക. എനിക്ക് ഞാന്‍ ചെയ്യുന്നതുപോലെയേ ചെയ്യാന്‍ കഴിയൂ. തിലകന്‍ ചേട്ടന്‍ ചെയ്യുന്നത് അദ്ദേഹത്തിനുമാത്രമേ കഴിയൂ. എന്നെ സംബന്ധിച്ചിടത്തോളം അത്തരം താരതമ്യം പേടിയും ഭാരവുമാണുണ്ടാക്കുന്നത്. തിലകന്‍ ചേട്ടനാവാന്‍ എനിക്ക് ഒരിക്കലും കഴിയില്ല. എനിക്ക് ഞാന്‍ ആവാനേ കഴിയൂ.
? കാസര്‍കോട്ട് ചെയ്തതുപോലെ ഒരു പരിപാടി ഇനിയും ചെയ്യുമോ.
= തീര്‍ച്ചയായും. എനിക്ക് നാടകം ഇഷ്ടമായതുകൊണ്ടാണ് ഞാന്‍ ഇത് ചെയ്യുന്നത്. ഉന്നയിക്കുന്ന വിഷയത്തെക്കാള്‍ നാടകം അഭിനയിക്കാനുള്ള താല്‍പ്പര്യമാണ് എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തോടുള്ള പ്രതികരണം എന്ന നിലയ്ക്ക് ഞാനൊരു പ്ളേ ചെയ്തു. സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുന്ന ഒരു പെണ്‍കട്ടിയെ പങ്കെടുപ്പിച്ച് തൃശൂരില്‍ നടന്ന കഴിഞ്ഞ ഇറ്റ്ഫോക്കില്‍, സ്ട്രീറ്റ്പ്ളേയുടെ ഭാഗമായാണ് അത് അവതരിപ്പിച്ചത്. പെണ്‍കുട്ടിയെ കുരിശില്‍ തറയ്ക്കാന്‍ പ്രേക്ഷകരില്‍ നിന്നും ഞാന്‍ ഓരോരുത്തരെയും വിളിച്ചു. കൈയിലും കാലിലും ആണി അടിക്കുന്നതുപോലെ ചുവപ്പു ചായം പ്രേക്ഷകര്‍ തേക്കും. പിന്നെ മുള്‍ക്കിരീടം തലയില്‍വച്ചു. എന്നിട്ട് ഞാന്‍ പറയും, നിങ്ങളുടെ സഹോദരിയോ കാമുകിയോ നിങ്ങളുടെ മകളോ ഭാര്യയോ ആണ് ഈ കുരിശില്‍ കിടക്കുന്നന്തെങ്കില്‍ എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്. അപ്പോള്‍ എല്ലാവരും വളരെ സെന്റിമെന്റലായി അഭിനയിക്കുകയാണ്. ഭയങ്കര സെന്റിമെന്റലാണ് എല്ലാവരും. എന്റെ മകളെ എന്തിനാണ് ഇങ്ങനെ കുരിശില്‍ തറച്ചത് എന്നൊക്കെ പറഞ്ഞത് ഭയങ്കര കരച്ചിലുകളൊക്കെയാണ്. അവസാനം “”ഈ കുട്ടിക്ക് എന്താണ് പറയാനുള്ളത്, അവള്‍ പറയട്ടെ’’ എന്നു ഞാന്‍ പറഞ്ഞു. “”നിങ്ങള്‍ കണ്ടതല്ലേ, ഇവരൊക്കെത്തന്നെയാണ് എന്നെ കുരിശില്‍ തറച്ചത്. നീ വീടിനു വെളിയില്‍ ഇറങ്ങരുത്, മറ്റവനുമായി സംസാരിക്കരുത്, ജീന്‍സ് ഇടരുത്. ഇതൊക്കെ തീരുമാനിച്ചത് ഈ പറയുന്ന ഭര്‍ത്താവും കാമുകനും സഹോദരനും അച്ഛനുമൊക്കെയാണ്”— എന്ന് കുട്ടി പറയുമ്പോള്‍ “”മിണ്ടരുത്” എന്ന് പറഞ്ഞ് ഞാന്‍ അവളുടെ വായപൊത്തി. “”നീ ആണുങ്ങള്‍ക്ക് എതിരെയാണ് വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇനി മിണ്ടിയാല്‍ നിന്റെ വായിലേക്ക് പുരുഷ...” എന്നു പറഞ്ഞ് ഞാന്‍ നിര്‍ത്തുമ്പോള്‍ അവള്‍ എന്നെ തള്ളിമാറ്റി, “”ഞാന്‍ ഉയിര്‍ക്കും. ഇനി എത്ര തവണ കുരിശില്‍ തറച്ചാലും ഞാന്‍ ഉയിര്‍ക്കും’’ എന്നു പറഞ്ഞുകൊണ്ടാണ് നാടകം അവസാനിക്കുന്നത്.
? സിനിമാ നടന്‍ എന്ന പരിവേഷം ഉള്ളതുകൊണ്ട് പൊതു സ്ഥലങ്ങളില്‍ ഇത്തരം പരിപാടി അവതരിപ്പിക്കുന്നതില്‍ വലിയ തടസ്സമുണ്ടാവില്ലേ.
= ഇല്ല. ഞാന്‍ ജനങ്ങള്‍ക്കിടയില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന ആളാണ്. അത്തരം താരപരിവേഷം ഉണ്ടാകുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..