നേപ്പാളിലെ മിന്നൽപ്രളയം: ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് യുഎസ്ജിഎസ്, പുതിയ റിപ്പോർട്ട്

കാഠ്മണ്ഡു: നേപ്പാളിൽ വൻ നാശനഷ്ടം മിന്നൽ പ്രളയത്തിന് കാരണം ഭൂകമ്പമല്ലെന്നും, ഹിമപാത തകർച്ചയും ശക്തമായ ഉരുൾപൊട്ടലുമാണെന്ന് യു എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ആഗസ്റ്റ് 26ന് പ്രാദേശിക സമയം രാവിലെ 8.37ന് നേപ്പാൾ-ചൈന അതിർത്തി പ്രദേശത്ത് 4.4 തീവ്രതയുള്ള ഭൂകമ്പമുണ്ടായതായി യുഎസ്ജിഎസ് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ഉപഗ്രഹ ചിത്രങ്ങളും സെസ്മിക് സാങ്കേതിക വിവരങ്ങളും കൂടുതൽ പരിശോധിച്ചതോടെ, പ്രദേശത്ത് ഭൂകമ്പം ഉണ്ടായിട്ടില്ലെന്നും വൻതോതിൽ മണ്ണും പാറകളും ഒഴുകിയെത്തിയതാണ് ദുരന്തത്തിന് കാരണമായതെന്നും സ്ഥിരീകരിച്ചു. ചൈനയിൽ നിന്ന് നേപ്പാളിലേക്ക് ഒഴുകുന്ന ഭോട്ടെ കോസി നദിയുടെ കൈവഴിയായ ലെൻഡെ ഖോല നദിയിലേക്ക് മലഞ്ചെരിവിൽ നിന്ന് വൻ മണ്ണിടിച്ചിൽ ഉണ്ടായി. ഇതാണ് പ്രളയത്തിന് കാരണമായി.
5.2 തീവ്രതയുള്ള ഭൂകമ്പത്തിന് തുല്യമായ ആഘാതം സൃഷ്ടിച്ച വൻ മണ്ണിടിച്ചിലാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഭൂകമ്പത്തെത്തുടർന്നുണ്ടായ മണ്ണിടിച്ചിൽ നദിയിലെ ഒഴുക്ക് തടസ്സപ്പെടുത്തിയതാകാം ദുരന്തത്തിന് കാരണമെന്നാണ് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ ആദ്യം വ്യക്തമാക്കിയിരുന്നത്.
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മരണസംഖ്യ തുടർച്ചയായി ഉയരുന്നതായും നിരവധിയാളുകളെ കാണാതായിട്ടുണ്ടെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു. ടിബറ്റൻ അതിർത്തിയിൽനിന്നുള്ള ഭോട്ടെ കോസി നദിയിലുണ്ടായ മിന്നൽപ്രളയത്തിൽപെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ 170 ആയി. കാണാതായവർക്കായി തിരച്ചിൽ ശക്തമാക്കി.
നേപ്പാൾ സൈന്യവും പൊലീസും ദുരന്തനിവാരണ സേനയും ചേർന്നാണ് ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. റോഡുകളും പാലങ്ങളും വീടുകളും പ്രളയത്തിൽ ഒലിച്ചുപോയി. പല പ്രധാന പാതകളിലും ഗതാഗതം പൂർണമായി തടസ്സപ്പെട്ടത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.








0 comments