ഒടുവിൽ ഇടപെട്ട് ട്രംപിന്റെ 'ബോർഡ് ഓഫ് പീസ്': ഗാസയിൽ സഹായം എത്തിക്കണമെന്ന് നിർദ്ദേശം, പരിഹാസവുമായി ഇസ്രയേൽ

ഗാസ സിറ്റി:കനത്ത ശൈത്യവും വെള്ളപ്പൊക്കവും മൂലം ദുരിതത്തിലായ ഗാസയിലെ അഭയാർഥികൾക്ക് അടിയന്തര മാനുഷിക സഹായങ്ങൾ എത്തിക്കാൻ ട്രംപിന്റെ നേതൃത്വത്തിലുള്ള ബോര്‍ഡ് ഓഫ് പീസ് ഇസ്രയേലിനോട് നിര്‍ദ്ദേശിച്ചു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ പതിനായിര കണക്കിന് മനുഷ്യര്‍ ദുരിതം അനുഭവിക്കുന്നത് മാധ്യമങ്ങൾ ലോകത്തിന് മുന്നിൽ എത്തിച്ചതോടെയാണ് വാക്കാലുള്ള നടപടി. "ഇത് ശൈത്യകാല ഭീഷണിയല്ല, മറിച്ച് അടിയന്തരമായി ഇടപെടേണ്ട മാനുഷിക ദുരന്തമാണ്," എന്ന് ബോർഡ് ഓഫ് പീസ് പ്രസ്താവനയിൽ പറഞ്ഞു.
ഗാസയിലേക്കുള്ള എല്ലാ കവാടങ്ങളും ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്. ഇതിനകത്തെ ജനങ്ങളെ കോൺസൺട്രേഷൻ ക്യാമ്പിൽ എന്ന പോലെ തടഞ്ഞ് വെച്ച് താമസിപ്പിച്ചിരിക്കയാണ്. എന്നാൽ, തണുപ്പുകാലവും വെള്ളപ്പൊക്കവും നേരിടാൻ സജ്ജരാകണമെന്ന് ഇസ്രായേലിന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായി ബോർഡ് അവകാശപ്പെട്ടു.
ഇസ്രയേലിന്റെ ഭാഗത്തുനിന്നും അനുകൂല പ്രതികരണമല്ല ഉണ്ടായത്. പരിഹാസ രൂപത്തിലുള്ള മറുപടിയാണ് പരസ്യപ്പെടുത്തിയത്. ആയുധങ്ങൾ ശേഖരിക്കുന്നതിന് പകരം അടിസ്ഥാന സൗകര്യ വികസനത്തിന് ഹമാസ് പണം ചെലവഴിക്കണമായിരുന്നു എന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം 'എക്‌സി'ൽ കുറിച്ചു. "മഴ പെയ്യുമ്പോഴെല്ലാം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ ഹമാസിന് കഴിയില്ല," എന്നും നിഷേധാത്മകമായി പ്രതികരിച്ചു.
രണ്ടു ദിവസത്തിൽ അധികമായി ഗാസയിൽ കനത്ത മഴയാണ്. പതിനായിര കണക്കിന് താത്കാലിക കൂടാരങ്ങൾ ഒഴുകിപ്പോയി. വെള്ളക്കുത്തിൽ അകപ്പെട്ട അഞ്ചുപേരെ കണ്ടെത്താനായില്ല. ഗാസയിലെ ഭൂരിഭാഗം ജനങ്ങളും അക്രമവും വംശീയ സൈനിക ഭീഷണികളും കാരണം അന്താരാഷ്ട്ര നിബന്ധന പ്രകാരമുള്ള അഭയാര്‍ഥി ക്യാമ്പുകളിലാണ്. ഇതിനിടയിൽ അവരുടെ സ്ഥലങ്ങളിൽ ഇസ്രയേൽ സര്‍ക്കാര്‍ സഹായത്തോടെയുള്ള അധിനിവേശ കുടിയേറ്റവും നടക്കുന്നു.
ബോര്‍ഡ് ഓഫ് പീസിന്റെ വെടിനിര്‍ത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും ഗാസയിൽ നിത്യേന ഇസ്രയേൽ ആക്രമണം തുടരുന്നു. ഇസ്രയേൽ തെരഞ്ഞെടുപ്പ് വേളയിൽ ഉടനീളം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആക്രമണ ഭീഷണി ആവര്‍ത്തിച്ചു. 2023 ഒക്ടോബർ 7-ലെ ആക്രമണത്തിൽ പങ്കാളികളായ എല്ലാവരെയും ഇല്ലാതാക്കും എന്നായിരുന്നു വാക്കുകൾ.








0 comments