പാവപ്പെട്ടവര്‍ക്ക് പഠിക്കാനാകില്ല; സർക്കാർ തീരുമാനം ഉന്നത വിദ്യാഭ്യാസ മേഖലയെയാകെ തകിടംമറിക്കും: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ കോളേജുകള്‍ക്ക് ഇഷ്ടം പോലെ കോഴ്‌സുകള്‍ അനുവദിക്കാമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെയാകെ തകിടംമറിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സര്‍ക്കാര്‍ - എയ്‌ഡഡ് കോളേജുകളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും. എല്ലാ കോഴ്‌സുകളും ഈ മേഖലയിലാകുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് പഠിക്കാനാകില്ല. പണമുള്ളവർക്ക് മാത്രം പഠിക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് കേരളം മാറും. പിഎസ്‍സി മുഖാന്തരം കോളേജ് അദ്ധ്യാപകര്‍ ആകാനുള്ളവരുടെ സ്വപ്‌നങ്ങളും തകര്‍ക്കപ്പെടുകയാണ് ചെയ്യുന്നതെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു
സർക്കാർ മേൽനോട്ടത്തിലുള്ള സ്വാശ്രയവിദ്യാഭ്യാസ സമ്പ്രദായത്തെയാണ് കൈകാര്യം ചെയ്തത്. സാമൂഹ്യനീതി നടപ്പാക്കുന്നതിൽ ഗ്യാരന്റിയുമുണ്ടായിരുന്നു. ഇതെല്ലാം യുുഡിഎഫ് സർക്കാർ പൂർണമായും ഉപേക്ഷിച്ചു. ഇനി മുതല്‍ സ്വാശ്രയ കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനും, സ്വയംഭരണ (എയ്‌ഡഡ്) കോളേജുകളില്‍ അണ്‍എയ്‌ഡഡ് സ്വാശ്രയ കോളേജുകള്‍ ആരംഭിക്കുന്നതിനോ നിലവിലുള്ള കോഴ്‌സുകള്‍ സ്ഥിരമായി സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനോ സര്‍ക്കാരിന്റെ എന്‍ഒസി ആവശ്യമില്ല. ഓട്ടോണമസ് കോളേജുകള്‍ ഇക്കാര്യം സര്‍ക്കാരിനെ കത്ത് വഴി അറിയിച്ചാല്‍ മതിയാകും. സ്വാശ്രയ അണ്‍എയ്‌ഡഡ് കോളേജുകള്‍ക്ക് സീറ്റുകള്‍ യൂണിവേഴ്‌സിറ്റിക്ക് തന്നെ വര്‍ധിപ്പിച്ച് നല്‍കാം. സ്വാശ്രയ കോളേജുകളുടെ നിലവാരവും, നിയന്ത്രണവും ഉറപ്പുവരുത്തുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളാണ് ഇപ്പോള്‍ ഇല്ലാതായിത്തീരുന്നത്. മെറിറ്റും, സാമൂഹ്യ നീതിയും തകര്‍ക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വലിയ അഴിമതിക്ക് വഴിവെക്കുന്ന നീക്കമാണിതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ കാവിവല്‍ക്കരണ അജണ്ടകള്‍ കേരളത്തില്‍ അതേപോലെ നടപ്പിലാക്കുകയാണെന്ന് വ്യക്തമാകുന്നതാണ് കാലടി സർവകലാശാലയിൽ കാണുന്നത്. ബിജെപി ആഗ്രഹിക്കുന്ന രീതിയിലാണ് സർക്കാർ നിലപാടെടുക്കുന്നത്. സമരം ചെയ്യുന്ന വിദ്യാർഥികൾ മാപ്പ് പറയണമെന്നാണ് ഉന്നതവിദ്യാഭ്യാസമന്ത്രിയും പറയുന്നത്. എന്നാൽ മാപ്പ് പറയാൻ ഞങ്ങളില്ല എന്ന് വിദ്യാർഥികൾ വ്യക്തമാക്കി. ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരും.
ഭരണഘടനാ സ്ഥാപനമായ പിഎസ്‍സിയെ തകർക്കാൻ ചില മാധ്യമങ്ങളും സർക്കാരും ശ്രമിക്കുകയാണ്. ഇന്ത്യാ രാജ്യത്ത് ഏറ്റവും ഫലപ്രദമായി പരീക്ഷകള്‍ നടത്തി കുറ്റമറ്റ രീതിയില്‍ മുന്നോട്ടുപോകുന്നതാണ് കേരള പിഎസ്‌സി. 3 ലക്ഷത്തിലേറെ പേര്‍ക്കാണ് ഇത് വഴി തൊഴില്‍ ലഭിച്ചത്. ഇതില്‍ ഏതെങ്കിലും ഒരു ഉദ്യോഗാര്‍ഥി പിഎസ്‍സിയില്‍ ഏതെങ്കിലും ഒരു അഴിമതി നടത്തിയാണ് വന്നത് എന്ന് പറയില്ല. പിൻവാതിൽ നിയമനം വ്യാപകമാക്കാനാണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.








0 comments