ബഹിരാകാശ നടത്തത്തിൽ സുനിതയ്ക്ക് റെക്കോഡ്

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് നടക്കുന്ന സുനിത വില്യംസ്. photo credit: nasa
വാഷിങ്‌ടൺ : ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിതയെന്ന ചരിത്രമെഴുതി ഇന്ത്യൻ വംശജ സുനിത വില്യംസ്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് അറ്റകുറ്റപണിക്കായി അഞ്ചു മണിക്കൂറും 26 മിനിട്ടും ചെലവിട്ടതോടെയാണ് ഈ നേട്ടം. നാസയുടെ ബഹിരാകാശ സഞ്ചാരിയായ പെഗ്ഗി വിട്‌സൻ സ്ഥാപിച്ച റെക്കോഡാണ് സുനിത മറികടന്നത്. മൂന്നു ദൗത്യങ്ങളിലായി 62 മണിക്കൂറും ആറുമിനിറ്റുമാണ് സുനിത ബഹിരാകാശത്ത് നടന്നത്. പെഗ്ഗി വിട്‌സന്റെ റെക്കോഡ് 60 മണിക്കൂറും 21 മിനിറ്റുമാണ്.
വ്യാഴം വൈകിട്ടായിരുന്നു ഏറ്റവും ഒടുവിൽ സുനിതയുടെ നടത്തം. നിലയത്തിലെ തകരാറിലായ റേഡിയോ കമ്യൂണിക്കേഷൻ യൂണിറ്റിലെ തകരാർ പരിഹരിക്കാൻ സുനിത റോബോട്ടിക് കൈയുടെ സഹായത്തോടെ നീങ്ങുന്ന ദൃശ്യം നാസ തത്സമയം സംപ്രേഷണം ചെയ്‌തു. 1998ൽ നാസയിൽ ചേർന്ന സുനിത 2006 ഡിസംബറിലാണ് ആദ്യമായി നിലയത്തിലെത്തിയത്. ഇന്ത്യൻ വംശജനായ ഡോ. ദീപക് പാണ്ഡെയുടെയും സ്ലോവേനിയക്കാരി ബോണിയുടെയും മകളാണ് സുനിത. കഴിഞ്ഞ ജൂൺ ആറിനാണ് സുനിതയും ബുച്ച് വിൽമോറും നിലയത്തിലെത്തിയത്. ഇവരുടെ മടക്കയാത്ര അനശ്ചിതത്വത്തിലാണ്.









0 comments