ad
Deshabhimani

ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു ഇറാനിയൻ കപ്പലിന് കൂടി ശ്രീലങ്കൻ സുരക്ഷ, 208 പേരെ രക്ഷപ്പെടുത്തി

IRINS Bushehr
വെബ് ഡെസ്ക്

Published on Mar 06, 2026, 01:14 PM | 2 min read

ന്ത്യൻ മഹാസമുദ്രത്തിൽ അമേരിക്കൻ അന്തർവാഹിനി ആക്രമണത്തിൽ യുദ്ധക്കപ്പൽ തകർന്നതിന് പിന്നാലെ മറ്റൊരു ഇറാനിയൻ കപ്പലിന് കൂടി സുരക്ഷ ഒരുക്കി ശ്രീലങ്ക. സഹായം അഭ്യര്‍ഥിച്ച ഇറാന്റെ 'ഐറിസ് ബുഷെഹർ' (IRINS Bushehr) എന്ന കപ്പൽ നാവികസേന കസ്റ്റഡിയിലെടുത്തു. കപ്പലിലുണ്ടായിരുന്ന 208 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.


കപ്പലിലുണ്ടായിരുന്ന 53 ഓഫീസർമാർ, 84 കേഡറ്റ് ഓഫീസർമാർ, 48 സീനിയർ നാവികർ, 23 നാവികർ എന്നിവരടക്കം 208 പേരെ ശ്രീലങ്കൻ അധികൃതർ കൊളംബോയിൽ എത്തിച്ചു. ഇവരുടെ വൈദ്യപരിശോധനയും ഇമിഗ്രേഷൻ നടപടികളും പൂർത്തിയാക്കിയ ശേഷം വെലിസരയിലെ നാവിക താവളത്തിലേക്ക് മാറ്റുമെന്ന് നാവികസേന അറിയിച്ചു.


എൻജിൻ തകരാറിനെത്തുടർന്ന് സഹായം അഭ്യർത്ഥിച്ച കപ്പൽ, കൊളംബോ തുറമുഖത്തിന് പകരം കിഴക്കൻ തീരത്തെ ട്രിങ്കോമാലി തുറമുഖത്തേക്ക് മാറ്റാനാണ് തീരുമാനം. തന്ത്രപ്രധാനമായ ഈ തീരുമാനം ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് കൈക്കൊണ്ടത്.


"രാജ്യത്തിന്റെ അന്തസ്സും

മനുഷ്യരുടെ സുരക്ഷയും പ്രധാനം"


മാനുഷിക പരിഗണനകൾ മുൻനിർത്തി അന്താരാഷ്ട്ര മാരിടൈം കൺവെൻഷനുകൾക്ക് അനുസൃതമായാണ് ഈ ഇടപെടൽ നടത്തുന്നതെന്ന് പ്രസിഡന്റ് വ്യക്തമാക്കി. "ഇതൊരു സാധാരണ സാഹചര്യമല്ലെന്ന് ഞങ്ങൾക്കറിയാം. എങ്കിലും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും അന്താരാഷ്ട്ര കപ്പൽ ഗതാഗത നിയമങ്ങൾ പാലിക്കാനും ഞങ്ങൾ ബാധ്യസ്ഥരാണ്," എന്ന് പ്രസിഡന്റ് ദിസനായകെ പറഞ്ഞു. രാജ്യത്തിന്റെ അന്തസ്സും ഏത് രാജ്യത്തിന്റെ ആയാലും ജീവനക്കാരുടെ സുരക്ഷയും ഒരുപോലെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.



Related News


കഴിഞ്ഞ ദിവസം തകർന്ന 'ഐറിസ് ദേന'യിലെ ശേഷിച്ച ജീവനക്കാർക്കായി ശ്രീലങ്കൻ നാവികസേനയുടെ തിരച്ചിൽ തുടരുകയാണ്. 130 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിനകം 87 മൃതദേഹങ്ങൾ കണ്ടെടുക്കുകയും 32 പേരെ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ തീരത്തിന് ചേര്‍ന്ന് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലാണ് അമേരിക്ക കടന്നു കയറി കൂട്ടക്കൊല നടത്തിയത്. സംഭവത്തിൽ ഔദ്യോഗികമായ ഒരു പ്രതികരണത്തിന് പോലും നരേന്ദ്ര മോദി സര്‍ക്കാര്‍ 24 മണിക്കൂറിൽ അധികം എടുത്തു. ഇത് ലോക വ്യാപകമായി പ്രതിഷേധത്തിനും ആശ്ചര്യത്തിനും ഇടയാക്കിയിരുന്നു.


ശ്രലങ്ക ഏറ്റെടുത്ത വെല്ലുവിളി


ശ്രീലങ്കയെ സംബന്ധിച്ച്, നിലനിൽക്കുന്ന യുദ്ധ സാഹചര്യത്തിൽ ഇത്തരം ഒരു സംരക്ഷണം വലിയ വെല്ലുവിളിയാണ്. അന്താരാഷ്ട്ര അതിര്‍ത്തികളിൽ കടന്നു കയറി ആക്രമണം നടത്തുകയും അതിനെ സൈനികമായി ന്യായീകരിക്കയുമാണ് അമേരിക്കൻ ഭരണകൂടം. ഇതിനിടിയിലാണ് ഒരു നാവിക സേനാ കപ്പിലിന് സംരക്ഷണം നൽകുന്നത്. ശ്രീലങ്കയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് തൊട്ടടുത്ത് നങ്കൂരമിട്ട കപ്പലിന് ഒരു ദിവസം ശ്രീലങ്കൻ സേന കാവൽ നിന്നിരുന്നു.


വാണിജ്യ പ്രാധാന്യമുള്ള കൊളംബോ തുറമുഖത്തിന് തന്നെയും ഇത് ഭീഷണിയാകാം. ശ്രീലങ്കയുടെ നിലനിൽപ്പ് തന്നെ ഇതിനെതിരെ ഒരു ആക്രമണം ഉണ്ടായാൽ അപകടത്തിലാവും. ഇത് ഒഴിവാക്കാൻ കപ്പലിനെ വടക്കുകിഴക്കൻ തീരത്തെ ട്രിങ്കോമാലി തുറമുഖത്തേക്ക് മാറ്റാൻ തീരുമാനിക്കയായിരുന്നു. നിലവിൽ ശ്രീലങ്കൻ നാവികസേനയുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ ഐറിസ് ബുഷെഹർ.


വിശാഖപട്ടണത്ത് നടന്ന സംയുക്ത സൈനികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന ‘ദേന’യെ ബുധനാഴ്ചയാണ് അമേരിക്കൻ അന്തർവാഹിനി ടോർപ്പിഡോ ഉപയോഗിച്ച് തകർത്തത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേരിട്ടുള്ള നിർദേശപ്രകാരം ഇസ്രയേലുമായി ചേർന്നാണ് ഈ നീക്കം നടത്തിയതെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ സൈനിക കരുത്ത് തെളിയിക്കുന്ന വിജയമാണിതെന്നും വിശേഷിപ്പിച്ചു.


ഏകദേശം 70 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇന്ത്യ മഹാസമുദ്രം ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതകളിൽ ഒന്നാണ്. ഇന്ത്യൻ മഹാസമുദ്രത്തിലൂടെയാണ് ഇന്ത്യയുടെ ആകെ വ്യാപാരത്തിന്റെ 90 ശതമാനവും നടക്കുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയുടെ സുരക്ഷ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ളതാണ്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ നാവിക താവളങ്ങളും വിമാനവാഹിനിക്കപ്പലുകളും അന്തർവാഹിനികളും ഉപയോഗിച്ച് ഇന്ത്യ ഈ മേഖലയിൽ ശക്തമായ നിരീക്ഷണം നടത്തുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home