മോദി വീണ്ടും അമേരിക്കയിലേക്ക്, ട്രംപ് കൂടിക്കാഴ്ചയും ചർച്ചയിൽ

ന്യൂഡൽഹി: സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ വാർഷിക ഉന്നതതല സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്. ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ പ്രഭാഷകരുടെ താൽക്കാലിക പട്ടിക പ്രകാരം നരേന്ദ്ര മോദി സമ്മേളനത്തിന് എത്തുമെന്നാണ് റിപ്പോർട്ട്. ഡൊണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇതിനിടയിൽ അവസരം ഒരുക്കാനാണ് ശ്രമം.
80-ാമത് യുഎൻജിഎ സമ്മേളനം സെപ്റ്റംബർ 9 ന് ആരംഭിക്കും. സെപ്റ്റംബർ 23 മുതൽ 29 വരെയാണ് ഉന്നതതല പൊതുചർച്ചകൾ.
ഈ വർഷം ഫെബ്രുവരിയിൽ വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് ഹൗസിൽ ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി മോദി യുഎസിലേക്ക് പോയിരുന്നു. ഇത് പ്രകാരം 2025 അവസാനത്തോടെ പരസ്പര ബഹുമേഖലാ ഉഭയകക്ഷി വ്യാപാര കരാർ (ബിടിഎ) ധാരണ പുറത്തു വരും എന്നായിരുന്നു വാർത്തകൾ. മോദിയും ട്രംപും അവരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പരസ്പര ധാരണയെ കുറിച്ച് അവകാശം ഉന്നയിക്കയും ചെയ്തു.
ഉഭയകക്ഷി വ്യാപാര (BTA) കരാറിനായുള്ള ആറാം റൗണ്ട് ചർച്ചകൾക്കായി ഓഗസ്റ്റ് 25 മുതൽ യുഎസിൽ നിന്നുള്ള ഒരു സംഘം ഇന്ത്യ സന്ദർശിക്കും എന്ന് പ്രസ്താവന ഇറക്കി.
എന്നാൽ ഇതിനിടയിൽ തന്നെ അവകാശവാദങ്ങൾ തള്ളി ട്രംപ് ഇരട്ട പ്രതികാര ചുങ്കവുമായി രംഗത്ത് എത്തി. ആഗസ്ത് 27 മുതൽ പ്രാബല്യത്തിൽ വരുന്ന റഷ്യൻ എണ്ണ വാങ്ങുന്നതിന് എതിരായ 25 ശതമാനം ഉൾപ്പെടെ രാജ്യത്തിന് മേൽ 50 ശതമാനം തീരുവ ചുമത്തി.
യുഎൻ സമ്മേളനം ചേർന്നത് നിർണ്ണായക ഘട്ടത്തിൽ
ഐക്യരാഷ്ട്രസഭ ആസ്ഥാനത്തെ വർഷത്തിലെ ഏറ്റവും തിരക്കേറിയ നയതന്ത്ര സീസൺ എന്നാണ് പൊതുസമ്മേളനം വിശേഷിപ്പിക്കപ്പെടുന്നത്. ഉന്നതതല സെഷൻ വർഷം തോറും സെപ്റ്റംബറിലാണ് ആരംഭിക്കുന്നത്.
ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെയും ഉക്രെയ്ൻ സംഘർഷത്തിന്റെയും തുടർച്ചയായ സാഹചര്യത്തിലാണ് ഈ വർഷത്തെ സെഷൻ.
ട്രംപ് തന്റെ രണ്ടാം പ്രസിഡന്റ് കാലാവധിയുടെ പ്രചാരണം ശക്തമാക്കിയാണ് മുന്നേറുന്നത്. സമാധാന നൊബേൽ സമ്മാനം വരെ രാജ്യങ്ങളെ കൊണ്ട് നിർദ്ദിശിപ്പിച്ചു. അർമേനിയയും അസർബൈജാനും, കംബോഡിയയും തായ്‌ലൻഡും, ഇസ്രായേലും ഇറാനും, റുവാണ്ടയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും, ഈജിപ്തും എത്യോപ്യയും, സെർബിയയും കൊസോവോയും തമ്മിലുള്ള സമാധാന കരാർ തന്റെ മികവാണെന്ന് ആവർത്തിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മെയ് സംഘർഷം അയച്ചതിന്റെ അവകാശവും സ്വയം പ്രഖ്യാപിച്ചു.
ഇന്ത്യയുമായും പാകിസ്ഥാനുമായും ഉള്ള അമേരിക്കയുടെ ബന്ധം "മാറ്റമില്ലാതെ തുടരുന്നു" എന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് ഇതിനിടെ പ്രതികരിച്ചത്.








0 comments