ജലാവകാശം സംരക്ഷിക്കാൻ ഉചിത നടപടി സ്വീകരിക്കുമെന്ന് പാകിസ്ഥാൻ

PHOTO CREDIT: X
ഇസ്ലാമാബാദ്: സിന്ധു നദീജല കരാറിൽ പാകിസ്ഥാന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ഉചിതമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ഇഷാഖ് ദർ. കരാർ നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ ഏകപക്ഷീയവും നിയമവിരുദ്ധവുമായ നീക്കം അന്തർരാഷ്‌ട്ര നിയമങ്ങളുടെയും ഉടമ്പടിയിലെ സ്വന്തം വ്യവസ്ഥകളുടെയും വിരുദ്ധമാണ്. പ്രാദേശിക സ്ഥിരതയ്ക്ക് നിർണായകമായ കരാറിന്റെ പവിത്രത സംരക്ഷിക്കപ്പെടണം. ജലത്തെ ആയുധമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ റദ്ദാക്കിയ കരാറിനെക്കുറിച്ച് ചർച്ചചെയ്യാൻ ദറിന്റെ അധൽക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ നിയമ-ജലവിഭവ മന്ത്രി അസം നസീർ തരാർ, അറ്റോർണി ജനറൽ മൻസൂർ അവാൻ എന്നിവർക്കൊപ്പം മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പങ്കെടുത്തു.









0 comments