മടക്കയാത്രയ്‌ക്ക് തയ്യാറെടുപ്പ് തുടങ്ങി; സുനിത വില്യംസിനെ വരവേൽക്കാം

ഫ്‌ളോറിഡ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഒമ്പതു മാസമായി കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസും ബുച്ച് വിൽമോറും മടക്കയാത്രക്കുള്ള തയ്യാറെടുപ്പ് തുടങ്ങി. നിലയത്തിൽ ചെയ്‌തു തീർക്കേണ്ട അറ്റകുറ്റപണികൾ, കൊളംബസ് ലാബ് മോഡ്യൂളിലെ വൈദ്യുതി, ഡാറ്റാ ലൈനുകളുടെ പരിശോധന എന്നിവ അവർ പൂർത്തിയാക്കി. ഇതിനോടകം ഇരുവരും ആയിരത്തിഅഞ്ഞൂറോളം ശാസ്‌ത്ര പരീക്ഷണങ്ങൾ നടത്തി.
നിലവിൽ 16ന് ഭൂമിയിലേക്ക് ഇവരുടെ മടക്കയാത്ര തുടങ്ങാനാണ് നാസയുടെ തീരുമാനം. സ്‌പേയ്‌സ് എക്‌സിന്റെ ഡ്രാഗൺ ക്രൂ പേടകത്തിൽ പുതുതായി നിലയത്തിൽ എത്തുന്ന നാല് പേർക്ക് ചുമതല കൈമാറിയ ശേഷമായിരിക്കും ഇത്. ആനി മക്‌ലിൻ, നിക്കോളാസ് അയേഴ്‌സ് (നാസ), ടക്കുവ ഒനിഷി (ജപ്പാൻ), അലക്‌സാണ്ടർ ഗോർബുനോവ് (റഷ്യ) എന്നിവരാണ് പുതുതായി നിലയത്തിലേക്ക് പോകുന്നത്. ഇന്ത്യൻ സമയം വ്യാഴം പുലർച്ചെ അഞ്ചിന് കെന്നഡി സ്‌പേയ്‌സ് സെന്ററിൽനിന്ന് ഫാൽക്കൻ 9 റോക്കറ്റാണ് ഇവരുടെ പേടകവുമായി കുതിക്കുക.
ഉച്ചകഴിഞ്ഞ് 3.30ന് പേടകം ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. തുടർന്ന് രണ്ടു ദിവസത്തിനുള്ളിൽ ചുമതല കൈമാറ്റം പൂർത്തീകരിക്കും. നിലവിൽ നിലയത്തിലുള്ള മറ്റൊരു സ്‌പേയ്‌സ് എക്‌സ് ഡ്രാഗൺ ക്രൂ പേടകത്തിലാകും സുനിതയും സംഘവും മടങ്ങുക. സ്‌റ്റാർ ലിങ്ക് പേടകത്തിന്റെ ക്ഷമതാ പരിശോധനയുടെ ഭാഗമായി കഴിഞ്ഞവർഷം ജൂൺ 5നാണ് സുനിതയും ബുച്ച് വിൽമോറും നിലത്തിലേക്ക് യാത്രതിരിച്ചത്. സ്‌റ്റാർലിങ്ക് പേടകത്തിന്റെ തകരാർ മൂലമാണ് ഇരുവരുടേയും യാത്ര അനിശ്‌ചിതമായി നീണ്ടത്.









0 comments