സെനഗൽ തീരത്ത് കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങി; നാലുപേരുടെ മൃതദേഹം കണ്ടെത്തി, നിരവധി പേരെ കാണാതായി

അപകടത്തിൽ തകർന്ന ബോട്ട്| Photo: Gettyimages
ഡക്കാർ : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ സെനഗലിന്റെ തീരത്ത് കുടിയേറ്റക്കാരുമായി പോയ ബോട്ട് അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങി. അപകടത്തിൽ നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 50 മുതൽ 100 വരെ ആളുകൾ ബോട്ടിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നിരവധി പേരെ കാണാതായി.
തലസ്ഥാനമായ ഡക്കാറിന് തെക്ക് യെന്നെ ഗ്രാമത്തിന് സമീപമാണ് അപകടം. അപകടത്തിൽപ്പെട്ട് തകർന്ന ബോട്ട് തീരത്തടിയുകയായിരുന്നു. ബോട്ടിൽനിന്ന് വ്യക്തികളുടെ തിരിച്ചറിയൽ രേഖകളും മൊബൈൽ ഫോണുകളും കണ്ടെത്തി.
ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് ദുരന്തമുണ്ടായത്. രണ്ടാഴ്ചയ്ക്കുള്ളിൽ സെനഗൽ തീരത്തുണ്ടാകുന്ന രണ്ടാമത്തെ വലിയ കുടിയേറ്റ ദുരന്തമാണിത്. കഴിഞ്ഞ മാസം വടക്കുപടിഞ്ഞാറൻ നഗരമായ തിയേപ്പെയ്ക്ക് സമീപം ബോട്ട് മുങ്ങി 39 പേർ മരിച്ചിരുന്നു.
പശ്ചിമ ആഫ്രിക്കയിൽനിന്ന് യൂറോപ്പിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആയിരക്കണക്കിന് ആളുകളാണ് മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുള്ളത്. ഈ വർഷം മാത്രം പശ്ചിമ ആഫ്രിക്കൻ തീരത്ത് 454 പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.







0 comments