Deshabhimani

print edition മദ്യനയം 
രസിച്ചില്ല: കരട്‌ കൈപ്പറ്റാതെ മുഖ്യമന്ത്രി

v d satheesan
avatar
സ്വന്തം ലേഖകൻ

Published on Nov 20, 2026, 07:18 AM | 1 min read

തിരുവനന്തപുരം : എക്‌സൈസ്‌ വകുപ്പ്‌ തയ്യാറാക്കിയ കരട്‌ മദ്യനയത്തില്‍ രസിക്കാതെ മുഖ്യമന്ത്രി വി ഡി സതീശൻ. എക്‌സൈസ്‌ മന്ത്രിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ നയം മുഖ്യമന്ത്രി കൈപ്പറ്റിയില്ല. യുഡിഎഫ്‌ ഉപസമിതി പരിശോധിച്ചശേഷം മന്ത്രിസഭയിൽ വച്ചാൽമതിയെന്നാണ്‌ മുഖ്യമന്ത്രിയുടെ നിർദേശം. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന സംബന്ധിച്ച നിർദേശം നയത്തിൽ ഉൾപ്പെടുത്താത്തതാണ്‌ അദ്ദേഹത്തെ ചൊടിപ്പിച്ചത്‌. യുഡിഎഫ്‌ സർക്കാരിന്റെ ആദ്യ ബജറ്റിൽ വീര്യംകുറഞ്ഞ മദ്യം വിൽക്കുന്നതിനുള്ള നികുതി കുറച്ചുകൊണ്ടുള്ള വി ഡി സതീശന്റെ പ്രഖ്യാപനം പ്രതിഷേധത്തിനിടയാക്കിയിരുന്നു. എക്‌സൈസ്‌ മന്ത്രിയോടുപോലും ആലോചിക്കാതെ, തന്നിഷ്‌ടപ്രകാരമാണ്‌ ബജറ്റ്‌ അവതരണത്തിൽ മുഖ്യമന്ത്രി നികുതിയിളവ്‌ പ്രഖ്യാപിച്ചത്‌. കർണാടക മദ്യലോബിക്കുവേണ്ടിയാണ്‌ തീരുമാനമെന്ന്‌ വിമർശമുയർന്നിരുന്നു.

വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട് ബക്കാർഡി നൽകിയ അപേക്ഷ അതിവേഗം ധനവകുപ്പ്‌ അംഗീകരിക്കുകയും പിന്നീട് ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തുകയുമായിരുന്നു. എന്നാല്‍ താനൊന്നുമറിഞ്ഞില്ലെന്നും വീര്യംകുറഞ്ഞ മദ്യം വിൽക്കുന്നതിന്‌ എതിരാണെന്നും മന്ത്രി എം ലിജു തുറന്നടിച്ചു. ഇതോടെ മുഖ്യമന്ത്രി പ്രതിക്കൂട്ടിലായി. അതിനുശേഷമാണ്‌ കരട്‌ മദ്യനയം തയ്യാറാക്കാൻ മന്ത്രി എം ലിജുവിനെ ചുമതലപ്പെടുത്തിയത്‌. നവംബര്‍ 30ന്‌ പുതിയ നയം പ്രഖ്യാപിക്കുമെന്ന്‌ മന്ത്രി നേരത്തേ അറിയിച്ചിരുന്നു. ബുധനാഴ്‌ച കരട്‌ നയം സമർപ്പിച്ചപ്പോൾ ‘ആദ്യം യുഡിഎഫ്‌ ഉപസമിതി പരിശോധിക്കട്ടെ’ എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

ഇത് മന്ത്രിയെ ആക്ഷേപിക്കുന്നതിന് തുല്യമായി. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ പിഎസ് സി അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഏകപക്ഷീയമായി നടത്തിയ പ്രഖ്യാപനത്തെ എ പി അനില്‍കുമാറിനൊപ്പം എം ലിജുവും ശക്തമായി എതിര്‍ത്തിരുന്നു. ഇതിന്റെ പ്രതികാരം കൂടിയായാണ് മദ്യനയത്തെ തള്ളിപ്പറഞ്ഞത്. കോൺഗ്രസ്‌ നേതാവിനെ അധ്യക്ഷനും ഘടകകക്ഷി നേതാക്കളെ അംഗങ്ങളുമാക്കി ഉപസമിതിക്ക്‌ രൂപം നൽകാനും മുഖ്യമന്ത്രി നിർദേശിച്ചതായാണ്‌ വിവരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home