നൊബേല്‍ പുരസ്കാരം ട്രംപിന് സമര്‍പ്പിക്കുന്നതായി മരിയ കൊറിന

കാരക്കസ് : തനിക്കു ലഭിച്ച സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമര്‍പ്പിക്കുന്നതായി വെനസ്വേലൻ പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോ. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്ക് ട്രംപ് ഒപ്പം നിന്നെന്നു വ്യക്തമാക്കിക്കൊണ്ടാണ് എക്സ് പോസ്റ്റ് വഴി മരിയ കൊറിന പുരസ്കാരം ട്രംപിന് സമർപ്പിച്ചത്.
വെനസ്വേലക്കാരുടെ പോരാട്ടത്തിനുള്ള അംഗീകാരമാണിതെന്നും ദൗത്യത്തിന് അന്താരാഷ്ട്ര സഖ്യകക്ഷികളിൽ നിന്ന് തുടർന്നും പിന്തുണ ലഭിക്കണമെന്നും അവര്‍ എക്സില്‍ കുറിച്ചു. " "ഈ പുരസ്കാരം വെനിസ്വേലയിലെ ജനങ്ങൾക്കും നമ്മുടെ ലക്ഷ്യത്തിന് നിർണായക പിന്തുണ നൽകിയ പ്രസിഡന്റ് ട്രംപിനും ഞാൻ സമർപ്പിക്കുന്നു! നമ്മൾ വിജയത്തിന്റെ പടിവാതിൽക്കലാണ്, സ്വാതന്ത്ര്യവും ജനാധിപത്യവും നേടുന്നതിന് പ്രസിഡന്റ് ട്രംപിന്റെയും, അമേരിക്കയിലെയും ലാറ്റിനമേരിക്കയിലെയും ജനങ്ങളുടെയും പിന്തുണ വേണം" അവർ കുറിച്ചു. വെനിസ്വേലയ്ക്ക് സമീപം യുഎസ് നാവിക സേനയെ വിന്യസിച്ചതുൾപ്പെടെ പ്രസിഡന്റ് മഡുറോയ്‌ക്കെതിരായ ട്രംപിന്റെ തുടർച്ചയായ സൈനിക സമ്മർദ്ദങ്ങളെ നിരന്തരമായി പിന്തുണച്ച വ്യക്തിയാണ് മച്ചാഡോ. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മരിയ കൊറിനയുടെ എക്സ് പോസ്റ്റ് ഷെയർ ചെയ്തു.
വെനസ്വേലയില്‍ നിക്കോളാസ് മഡൂറോയുടെ നേതൃത്വത്തിലുള്ള ജനകീയ ഇടതുപക്ഷസര്‍ക്കാരിന്റെ മുഖ്യവിമര്‍ശകയും കടുത്ത അമേരിക്കന്‍, ഇസ്രയേല്‍ പക്ഷപാതിയും തീവ്രവലതുപക്ഷ നേതാവുമായ മരിയ കൊറിനയ്ക്ക് സമാധാനത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചതോടെ പുരസ്കാരത്തിന്റെ ഉദ്ദേശ്യ ശുദ്ധിയിൽ ചോദ്യങ്ങളുയർന്നിരുന്നു. രണ്ടുവര്‍ഷം നീണ്ട ഇസ്രയേലിന്റെ ഗാസ വംശഹത്യയില്‍ മൗനംപാലിച്ച നേതാവിനാണ് സമാധാന നൊബേൽ നൽകുന്നത്. ഇടതുപക്ഷ ഭരണത്തെ അട്ടിമറിക്കാനുള്ള പാശ്ചാത്യതന്ത്രങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന മരിയ കൊറീന മച്ചാഡോയെ "വെനസ്വേലയുടെ മാര്‍ഗരറ്റ് താച്ചർ' എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ വാഴ്‌ത്തുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെ തീവ്രവലതു സഖ്യങ്ങളുമായും ഇവര്‍ക്ക് അടുത്ത ബന്ധമുണ്ട്.








0 comments