ad
Deshabhimani

കെനിയയിൽ യുഎസ് എബോള ക്വാറന്റൈൻ സെന്ററിനെതിരെ ജനരോഷം; വെടിവെയ്പ്പിൽ രണ്ടു മരണം

Kenya.jpg

എബോള ബാധിച്ച യുഎസ് പൗരന്മാർക്കായി രാജ്യത്ത് ക്വാറന്റൈൻ സെന്റർ നിർമിക്കാനുള്ള നീക്കത്തിനെതിരെ കെനിയയിൽ നടന്ന പ്രതിഷേധം

വെബ് ഡെസ്ക്

Published on Jun 02, 2026, 09:46 PM | 1 min read

നെയ്‌റോബി: എബോള ബാധിച്ച യുഎസ് പൗരന്മാർക്കായി രാജ്യത്ത് ക്വാറന്റൈൻ സെന്റർ നിർമിക്കാനുള്ള നീക്കത്തിനെതിരെ കെനിയയിൽ കനത്ത ജനകീയ പ്രതിഷേധം. നാന്യുകി നഗരത്തിൽ പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാസേന നടത്തിയ വെടിവെയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു.


സംഘർഷസാഹചര്യം കണക്കിലെടുത്ത് ക്വാറന്റൈൻ സെന്റർ നിർമ്മാണവുമായി ബന്ധപ്പെട്ട തുടർനടപടികൾ കെനിയൻ ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് വിലക്കി. കൂടാതെ, പദ്ധതിക്കായി യുഎസുമായി ഒപ്പുവെച്ച ഉഭയകക്ഷി കരാറുകളും അനുബന്ധ രേഖകളും ഏഴ് ദിവസത്തിനകം പരസ്യപ്പെടുത്താൻ ഹൈക്കോടതി കെനിയൻ സർക്കാരിനോട് കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.


വിദേശങ്ങളിൽ നിന്നുള്ള മാരക രോഗബാധിതരെ പരിചരിക്കാനുള്ള ശേഷി കെനിയയുടെ ദുർബലമായ ആരോഗ്യരംഗത്തിനില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജികൾ പരിഗണിച്ചാണ് കോടതിയുടെ അടിയന്തര ഇടപെടൽ.


കോംഗോയിലും ഉഗാണ്ടയിലും പടരുന്ന എബോള വൈറസിന്റെ അതിതീവ്ര വകഭേദമായ 'ബുണ്ടിബുഗ്യോ' സ്ഥിരീകരിച്ച യുഎസ് പൗരൻമാർക്കായി കെനിയയിലെ ലൈകിപിയ വ്യോമസേനാ താവളത്തിൽ 50 ബെഡ്ഡുകളുള്ള അത്യാധുനിക ക്വാറന്റീൻ സെന്റർ നിർമിക്കാനായിരുന്നു നീക്കം.


എന്നാൽ, സ്വന്തം രാജ്യത്ത് എബോള പടരാൻ ഈ നീക്കം കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ കൂട്ടത്തോടെ തെരുവിലിറങ്ങുകയായിരുന്നു. ലൈക്കിപിയ വ്യോമതാവളത്തിന് സമീപം നടന്ന പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിലാണ് പ്രതിഷേധക്കാരിൽ ഒരാൾക്ക് വെടിയേറ്റത്. ഇയാളെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


പ്രകടനവുമായി നേരിട്ട് ബന്ധമില്ലാത്ത വഴിപോക്കനായ മറ്റൊരാളും സംഘർഷത്തിനിടയിലെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു. പ്രക്ഷോഭകരെ റോഡിൽ നിന്ന് പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ലാത്തിച്ചാർജ്ജും പ്രയോഗിച്ചതോടെ നഗരം യുദ്ധക്കളമായി മാറി.


കോംഗോയിലും അയൽരാജ്യങ്ങളിലും എബോള വീണ്ടും റിപ്പോർട്ട് ചെയ്തതോടെ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളെല്ലാം കടുത്ത ജാഗ്രതയിലാണ്. നിലവിൽ കെനിയയിൽ ഇതുവരെ ഒരു എബോള കേസ് പോലും ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല.


ഈ സാഹചര്യത്തിൽ അമേരിക്കൻ പൗരന്മാരെ രാജ്യത്ത് എത്തിച്ച് പാർപ്പിക്കുന്നത് വലിയ പൊതുജനാരോഗ്യ ഭീഷണിയാകുമെന്നാണ് ജനങ്ങളും വിവിധ മനുഷ്യാവകാശ സംഘടനകളും ഒരേസ്വരത്തിൽ ആരോപിക്കുന്നത്. നിലവിലെ കോടതി ഉത്തരവ് സർക്കാരിനും യുഎസ് നയതന്ത്ര വിഭാഗത്തിനും വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home