ഫോർദോയ്ക്ക് നേരെ വീണ്ടും ആക്രമണം; സ്ഥിരീകരിച്ച് ഇറാൻ സ്റ്റേറ്റ് മീഡിയ: പിന്നിൽ ആര്?

ഫോർദോ
തെഹ്റാൻ: ഇറാന്റെ ആണവ കേന്ദ്രമായ ഫോർദോയ്ക്ക് നേരെ വീണ്ടും ആക്രമണം. ഇനാനിയൻ സ്റ്റേറ്റ് ടെലിവിഷനാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. ഞായറാഴ്ച ഇറാന്റെ ആണവ നിലയങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയിരുന്നു. പിന്നാലെയാണ് തിങ്കളാഴ്ച വീണ്ടും ആക്രമണമുണ്ടായത്. അതേസമയം, ഇസ്രയേലിന് നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി.
കഴിഞ്ഞ ദിവസം ഫോർദോ, നഥാൻസ്, എസ്ഫാൻ എന്നീ ഇറാൻ ആണവ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ ഞായറാഴ്ച നടന്ന ആക്രമണത്തിൽ തകർന്നത് ഫോർദോ കേന്ദ്രമാണെന്നും തിങ്കളാഴ്ച വീണ്ടും ആക്രമണമുണ്ടായെന്നും ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഇറാനിൽ വ്യോമാക്രമണം നടത്തുകയാണെന്ന് ഇസ്രയേൽ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴുണ്ടായ ആക്രമണം ആരാണ് നടത്തിയതെന്നോ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്നും വ്യക്തമല്ല.
ഞായറാഴ്ച യുഎസ് അത്യാധുനിക ബങ്കർ-ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് ഫോർദോ കേന്ദ്രത്തിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായാണ് കരുതുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സമിതിയുടെ തലവൻ വിയന്നയിൽ പറഞ്ഞു. വളരെ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ തലവൻ റാഫേൽ ഗ്രോസി പറഞ്ഞു.
ദിവസങ്ങളായി നടന്നുകൊണ്ടിരുന്ന ഇസ്രയേൽ ഇറാൻ സംഘർഷത്തിലേക്ക് കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിലൂടെ അമേരിക്കയും കടന്നുവന്നതോടെ പശ്ചിമേഷ്യയിൽ സ്ഥിതിഗതകൾ വഷളായിരിക്കുകയാണ്. അമേരിക്ക എല്ലാ പരിധികളും ലംഘിച്ചെന്നും ദീർഘകാലത്തിന് ഇതിന്റെ അനന്തര ഫലം അനുഭവിക്കേണ്ടിവരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഇറാൻ നടത്താനിടയുള്ള എല്ലാ ആക്രമണങ്ങളും തടുക്കാൻ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതായി ഇസ്രയേൽ അറിയിച്ചു. ഇസ്രയേലിന്റെ വടക്കൻ, മധ്യ പ്രദേശങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇറാൻ ആക്രമണം നടത്തിയത്. ജനങ്ങളോട് അഭയകേന്ദ്രങ്ങളിലേക്ക് പോകാൻ പറഞ്ഞതായും ഇസ്രയേൽ അറിയിച്ചു. ഇസ്രയേൽ നഗരങ്ങളായ ഹൈഫ, ടെൽ അവീവ് എന്നിവ ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തിയതെന്ന് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.








0 comments