ad
Deshabhimani

ആഡംബര കപ്പലിൽ ഹന്റാവൈറസ് ബാധ; മൂന്ന് മരണം, കപ്പൽ കടലിൽ തടഞ്ഞു

Hondius

ഹോണ്ടിയസ് ക്രൂയിസ് |Image: REUTERS/Handout via REUTERS

വെബ് ഡെസ്ക്

Published on May 05, 2026, 05:41 PM | 2 min read

കേപ് വെർഡെ : അറ്റ്‌ലാന്റിക് സമുദ്രത്തിൽ യാത്ര തുടരുന്ന 'ഹോണ്ടിയസ്' എന്ന ലക്ഷ്വറി ക്രൂയിസ് കപ്പലിൽ മാരകമായ ഹന്റാവൈറസ് (Hantavirus) ബാധ സ്ഥിരീകരിച്ചു. രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചതായും അഞ്ച് പേർക്ക് കൂടി രോഗബാധ സംശയിക്കുന്നതായും ലോകാരോഗ്യ സംഘടന അറിയിച്ചു. ഇതുവരെ മൂന്ന് യാത്രക്കാർ മരണപ്പെട്ടു. ഒരു ബ്രിട്ടീഷ് പൗരൻ ദക്ഷിണാഫ്രിക്കയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.


മാർച്ചിൽ തെക്കൻ അർജന്റീനയിലെ ഉഷുവയയിൽ നിന്ന് 'അന്റാർട്ടിക് നേച്ചർ എക്സ്പെഡിഷൻ' എന്ന പേരിൽ ആരംഭിച്ച വിനോദയാത്രയാണ് മരണക്കപ്പലായി മാറിയത്. ഒരാൾക്ക് 14,000 മുതൽ 22,000 യൂറോ വരെ (ഏകദേശം 13 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ) ടിക്കറ്റ് നിരക്കുള്ള യാത്രയായിരുന്നു ഇത്. നിലവിൽ പശ്ചിമാഫ്രിക്കൻ തീരത്തുള്ള കപ്പലിൽ ബ്രിട്ടൻ, അമേരിക്ക, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള നൂറ്റിയൻപതോളം യാത്രക്കാരുണ്ട്.


മെയ് 4ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം മരിച്ചവരിൽ ഡച്ച് ദമ്പതികളും ഒരു ജർമൻ പൗരനും ഉൾപ്പെടുന്നു. ഏപ്രിൽ 11ന് ഒരു ഡച്ച് പൗരനാണ് ആദ്യം മരണപ്പെട്ടത്. ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ഭാര്യക്കും രോഗം ബാധിക്കുകയും അവർ മരണപ്പെടുകയും ചെയ്തു. രോഗം ഗുരുതരമായ ഒരു ബ്രിട്ടീഷ് പൗരനെ അസൻഷൻ ദ്വീപിന് സമീപത്തുനിന്ന് ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന് ഹന്റാവൈറസ് ബാധിച്ചതായി ജോഹന്നാസ്ബർഗിലെ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് മൂന്ന് പേർക്ക് നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്.


രോഗബാധയെത്തുടർന്ന് പശ്ചിമാഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ കേപ് വെർഡെ കപ്പലിനോട് കടലിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ കപ്പലിലെ അന്തരീക്ഷം ശാന്തമാണെന്നും യാത്രക്കാരെ പരിശോധനകൾക്ക് ശേഷം ലാസ് പാൽമാസിലോ ടെനറിഫിലോ ഇറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കപ്പൽ ഓപ്പറേറ്റർമാരായ ഓഷ്യൻവൈഡ് എക്സ്പെഡിഷൻസ് അറിയിച്ചു.


രോഗബാധയുള്ള എലികളിലൂടെയാണ് ഈ വൈറസ് പടരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് വളരെ അപൂർവമായതിനാൽ പൊതുജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കി.


ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒന്നായ ട്രിസ്റ്റൻ ഡാ കുൻഹ ഉൾപ്പെടെയുള്ള ദ്വീപുകളിൽ സന്ദർശനം നടത്തിയ ശേഷമാണ് കപ്പൽ കേപ് വെർഡെ തീരത്തെത്തിയത്. മരണപ്പെട്ട ഡച്ച് പൗരന്റെ മൃതദേഹം ഏപ്രിൽ 24 വരെ കപ്പലിൽ തന്നെ സൂക്ഷിച്ചിരുന്നു എന്നത് ആശങ്ക വർധിപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home