ഇസ്രയേൽ ആക്രമണത്തിൽ ചൊവ്വാഴ്ച മുതൽ കൊല്ലപ്പെട്ടത് 12 പലസ്തീനികളെന്ന് യുഎൻ

ലണ്ടൻ: വെസ്റ്റ്ബാങ്കിലെ ഇസ്രയേൽ ആക്രമണത്തിൽ ചൊവ്വാഴ്ച മുതൽ 12 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം.
ചൊവ്വാഴ്ച മുതൽ ഇസ്രയേൽ സുരക്ഷാ സേനയുടെ ആക്രമണത്തിൽ 12 പലസ്തീനികൾ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് മനുഷ്യാവകാശ വിഭാഗം വക്താവ് തമീൻ അൽ-ഖീതൻ പറഞ്ഞു. ആക്രമിക്കപ്പെട്ടവരിൽ ഭൂരിഭാഗവും നിരായുധരാണെന്നാണ് റിപ്പോർട്ട്.
ഗാസയിൽ കടന്നാക്രമണം തുടരാൻ ഇസ്രയേലിന് അവകാശമുണ്ടെന്ന് കഴിഞ്ഞ ദിവസം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഹമാസുമായുള്ള രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾ പരാജയമായാൽ ആക്രമണം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 15 മാസത്തിൽ 47,000 ഗാസ നിവാസികളെ കൊന്നൊടുക്കിയ കടന്നാക്രമണത്തിന് ഞായറാഴ്ചയാണ് താൽക്കാലിക വിരാമമായത്. ആദ്യഘട്ട വെടിനിർത്തലിന്റെ ഏഴാംദിവസമായ ശനിയാഴ്ച നാല് ബന്ദികളെക്കൂടി വിട്ടയക്കുമെന്ന് ഹമാസ് പറഞ്ഞിട്ടുണ്ട്. ഒരു ബന്ദിക്ക് 30 പേർ എന്ന നിലയിൽ ഇസ്രയേൽ ജയിലിൽ കഴിയുന്ന പലസ്തീൻ തടവുകാരും മോചിപ്പിക്കപ്പെടും.
ആറാഴ്ച നീളുന്നആദ്യഘട്ട വെടിനിർത്തലിന്റെ പതിനാറാംദിനമായ ഫെബ്രുവരി നാലിന് രണ്ടാംഘട്ടത്തിനായുള്ള ചർച്ചകൾ ആരംഭിക്കാനിരിക്കെയാണ് നെതന്യാഹുവിന്റെ ഭീഷണി.
അതിനിടെ, ഗാസയിൽ കോൺക്രീറ്റ് കൂമ്പാരങ്ങൾക്കിടയിൽ ഉറ്റവരെ തിരയുന്നത് തുടരുകയാണ് ജനങ്ങൾ. ഇതുവരെ 122 മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റ 306 പേരെയും ആശുപത്രിയിൽ എത്തിച്ചു. റാഫയിൽ ഇസ്രയേൽ ടാങ്കിൽനിന്നുള്ള ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായും റിപ്പോർട്ട്. വെസ്‌റ്റ് ബാങ്കിലും ഇസ്രയേൽ കടുത്ത ആക്രമണം തുടരുന്നു. രണ്ടുപേർ കൂടി കൊല്ലപ്പെട്ടു. ലബനനിൽ കൂടുതൽ കേന്ദ്രങ്ങളിലേക്ക് ഇസ്രയേൽ സൈന്യം കടന്നുകയറിയതായും റിപ്പോർട്ട്.








0 comments