ജീവനക്കാരുടെ സമരം: സർവീസുകൾ റദ്ദാക്കി എയർ കാനഡ

photo credit: Air Canada facebook
ടൊറന്റോ : ജീവനക്കാർ സമരം ആരംഭിച്ചതോടെ നിരവധി സർവീസുകൾ റദ്ദാക്കി എയർ കാനഡ. എയർ കാനഡയുടെ ഒട്ടുമിക്ക സർവീസുകളും റദ്ദാക്കിയതായാണ് വിവരം. ഇതോടെ യാത്രക്കാർ ദുരിതത്തിലായി. 10,000ത്തിലധികം എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡന്റുകളാണ് ശനിയാഴ്ച പുലർച്ചെ മുതൽ പണിമുടക്ക് ആരംഭിച്ചത്. 72 മണിക്കൂർ പണിമുടക്കാണ് ആരംഭിച്ചത്.
എയർലൈനുമായുള്ള കരാറിലുള്ള പ്രശ്നങ്ങളെ തുടർന്നാണ് പണിമുടക്ക് ആരംഭിച്ചതെന്ന് കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് വക്താവ് ഹ്യൂ പൗലിയറ്റ് സ്ഥിരീകരിച്ചു. ശമ്പളത്തിന്റെ കാര്യത്തിലും വിമാനങ്ങൾ പറക്കാത്തപ്പോൾ ഫ്ലൈറ്റ് അറ്റൻഡന്റുകൾ ചെയ്യുന്ന ശമ്പളമില്ലാത്ത ജോലിയുടെ കാര്യത്തിലും തീരുമാനമാകാത്തതിനെത്തുടർന്നാണ് പണിമുടക്കെന്ന് യൂണിയൻ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും വലിയ എയർലൈനാണ് എയർ കാനഡ. സർക്കാർ നിർദ്ദേശിച്ച മധ്യസ്ഥതയിൽ ഏർപ്പെടാനുള്ള എയർലൈനിന്റെ ആവശ്യം യൂണിയൻ നിരസിച്ചതോടെയാണ് പണിമുടക്ക് ആരംഭിച്ചത്. ഫെഡറൽ ജോബ്സ് മന്ത്രി പാറ്റി ഹജ്ഡു വെള്ളിയാഴ്ച രാത്രി എയർലൈനുമായും യൂണിയനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ശനിയാഴ്ച പുലർച്ചെ 1 മണിയോടെ ഫ്ലൈറ്റ് അറ്റൻഡന്റുകൾ ജോലി നിർത്തി സമരം ആരംഭിച്ചു.
പ്രതിദിനം 700 ഓളം വിമാന സർവീസുകളാണ് എയർ കാനഡ നടത്തുന്നത്. സർവീസുകൾ റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാർ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങി. പ്രവർത്തനങ്ങൾ പൂർണ്ണമായും പുനരാരംഭിക്കാൻ ഒരു ആഴ്ച വരെ എടുത്തേക്കാമെന്ന് എയർ കാനഡ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മാർക്ക് നാസർ പറഞ്ഞു. യാത്ര തടസ്സപ്പെട്ട യാത്രക്കാർക്ക് എയർലൈനിന്റെ വെബ്‌സൈറ്റിലോ മൊബൈൽ ആപ്പിലോ പൂർണ്ണമായ റീഫണ്ടിന് ആവശ്യപ്പെടാമെന്ന് എയർ കാനഡ അറിയിച്ചു.
മറ്റ് കനേഡിയൻ, വിദേശ എയർലൈനുകൾ വഴി ബദൽ യാത്രാ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുമെന്നും എന്നാൽ തിരക്ക് കാരണം മറ്റ് എയർലൈൻ ബുക്കിങ്ങുകളെല്ലാം നിറഞ്ഞതിനാൽ കാലതാമസം നേരിടേണ്ടി വരുമെന്നും എയർലൈൻ അറിയിച്ചു.








0 comments