ഗാസയിൽ ഭക്ഷണം തേടിയെത്തിയ 35 പേരെ വെടിവച്ചുകൊന്നു

ഫയൽ ചിത്രം
ജറുസലേം: ഗാസയിലെ നെറ്റ്‌സരിം ഇടനാഴിക്കു സമീപം ഭക്ഷണത്തിനായി കാത്തിരുന്ന പലസ്തീൻകാർക്കുനേരെ ഇസ്രയേലി സൈന്യം നടത്തിയ വെടിവയ്‌പ്പിൽ 35 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. നൂറുദിവസത്തിലേറെയായി തുടരുന്ന ഉപരോധത്തിന് ഭാഗിക ഇളവുനൽകിയാണ് ഇസ്രയേൽ–അമേരിക്ക പിന്തുണയുള്ള സന്നദ്ധ സംഘടന ഭക്ഷ്യവസ്തുക്കൾ എത്തിച്ചത്. എന്നാൽ, വിശന്നുവലഞ്ഞ് വിതരണകേന്ദ്രങ്ങളിലെത്തിയ നൂറുകണക്കിനു പേരെ സൈന്യം വെടിവച്ചുകൊന്നു.
ഗാസയിൽ വെളളിയാഴ്ച 82 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആശുപത്രിവൃത്തങ്ങൾ പറഞ്ഞു. മധ്യഗാസയിലെ ദെയ്‌ർ എൽബലായിൽ ഒരു വീടിന് ബോംബിട്ട് എട്ടുപേരെ കൊലപ്പെടുത്തി. മധ്യ ഗാസയിൽ 37 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇതിൽ 23 പേർ സഹായം തേടിയവരാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഗാസ സിറ്റിയിൽ 23 പേർ കൂടി കൊല്ലപ്പെട്ടു. തെക്കൻ ഗാസയിൽ 22 പേരാണ് കൊല്ലപ്പെട്ടത്. ഇവരിൽ 11 പേർ സഹായം തേടിയവരുമായിരുന്നു.
മെയ് 27 ന് ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) ആണ് ഗാസയിൽ സഹായ വിതരണം ആരംഭിച്ചത്. ഇതിനുശേഷം സഹായ കേന്ദ്രങ്ങൾക്ക് സമീപം വിശന്നു വലഞ്ഞ് ആഹാരവും മറ്റ് സഹായങ്ങളും തേടിയെത്തിയ പലസ്തീൻകാർക്ക് നേരെ നിരന്തരം ഇസ്രയേൽ ആക്രമണം നടത്തുകയാണ്. ഈ ആക്രമണങ്ങളിൽ നൂറുകണക്കിന് ആളുകൾ ഇതുവരെ കൊല്ലപ്പെട്ടു.
മാർച്ച് ആദ്യം മുതൽ മെയ് അവസാനം വരെ ഇസ്രയേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് ഗാസയിലെ മുഴുവൻ ജനങ്ങളും ക്ഷാമ ഭീഷണി നേരിടുന്നുണ്ടെന്ന് സഹായ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗാസയിൽ സാധനങ്ങളുടെ സുരക്ഷിതമായ വിതരണം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതായി സഹായ സാമഗ്രികൾ വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയ ഇസ്രയേലിന്റെയും അമേരിക്കയുടെയും പിന്തുണയുള്ള നിഴൽ സംഘത്തെ ഐക്യരാഷ്ട്രസഭ വിമർശിച്ചു.








0 comments