ad
Deshabhimani

മൂന്ന് ഇറാൻ കപ്പലിന്‍റെ കഥ; ഇന്ത്യൻ സമുദ്രത്തിൽ പുകയുന്ന യുദ്ധവും നയതന്ത്ര നീക്കങ്ങളും

IRANIAN WARSHIP

ഐറിസ് ബുഷർ, ഐറിസ് ദെന, ഐറിസ് ലവൻ

വെബ് ഡെസ്ക്

Published on Mar 07, 2026, 03:15 PM | 1 min read

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ സമുദ്രത്തിൽ മൂന്ന് ഇറാൻ നാവിക കപ്പലുകളെ കേന്ദ്രീകരിച്ച് അരങ്ങേറുന്നത് നാടകീയമായ സംഭവവികാസങ്ങൾ. ഇതിൽ ഒരു പടക്കപ്പൽ അമേരിക്കൻ ആക്രമണത്തിൽ തകർന്നപ്പോൾ, മറ്റ് രണ്ട് കപ്പലുകൾ ഇന്ത്യയുടെയും ശ്രീലങ്കയുടെയും തീരങ്ങളിൽ അഭയം തേടി. അന്താരാഷ്ട്ര തലത്തിൽ യുദ്ധം പടരുന്നതിനിടയിൽ ഇന്ത്യയും ശ്രീലങ്കയും ഈ പ്രതിസന്ധിയിൽ നിർണ്ണായക പങ്കാണ് വഹിക്കുന്നത്.


ഐറിസ് ദെന: സമുദ്രത്തിനടിയിൽ മുങ്ങിയ പടക്കപ്പൽ


മാർച്ച് നാലിന് ശ്രീലങ്കൻ തീരത്തെ ഗാലെയ്ക്ക് സമീപം 40 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ഇറാന്റെ അത്യാധുനിക ഫ്രിഗേറ്റ് 'ഐറിസ് ദെന' അമേരിക്കൻ അന്തർവാഹിനിയുടെ ടോർപ്പിഡോ ആക്രമണത്തിൽ തകർന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്ക ഒരു ശത്രുരാജ്യത്തിന്റെ കപ്പലിനെ ടോർപ്പിഡോ ഉപയോഗിച്ച് തകർക്കുന്നത്. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന 87 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി. 32 പേരെ ജീവനോടെ രക്ഷപ്പെടുത്തിയെങ്കിലും 61 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. വിശാഖപട്ടണത്തെ നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഈ കപ്പൽ.


ഐറിസ് ലവൻ: കൊച്ചിയിൽ സുരക്ഷിതം


ദെന ആക്രമിക്കപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്ത ഇറാന്റെ മറ്റൊരു കപ്പലായ 'ഐറിസ് ലവൻ' ഇന്ത്യയുടെ സഹായം തേടിയിരുന്നു. ഫെബ്രുവരി 28-ന് ഇറാൻ നൽകിയ അഭ്യർത്ഥന പരിഗണിച്ച് മാർച്ച് ഒന്നിന് ഇന്ത്യ കൊച്ചി തുറമുഖത്ത് അടുപ്പിക്കാൻ അനുമതി നൽകി. ദെന തകർക്കപ്പെട്ട അതേദിവസം തന്നെയാണ് 183 നാവികരുമായി ലവൻ കൊച്ചിയിലെത്തിയത്. നിലവിൽ കൊച്ചിയിലെ നാവിക കേന്ദ്രത്തിന്റെ മേൽനോട്ടത്തിലാണ് കപ്പലും ജീവനക്കാരുമുള്ളത്.


ഐറിസ് ബുഷർ: ശ്രീലങ്കൻ കസ്റ്റഡിയിൽ


ഈ സംഭവങ്ങൾക്ക് തൊട്ടുപിന്നാലെ എൻജിൻ തകരാർ റിപ്പോർട്ട് ചെയ്ത 'ഐറിസ് ബുഷർ' എന്ന മൂന്നാമത്തെ കപ്പൽ ശ്രീലങ്കയുടെ സഹായം അഭ്യർത്ഥിച്ചു. ദെന തകർന്നതോടെ മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് ശ്രീലങ്ക ഈ കപ്പലിനെ തങ്ങളുടെ കസ്റ്റഡിയിലെടുത്തു. കപ്പലിലുണ്ടായിരുന്ന 204 നാവികരെ കൊളംബോയ്ക്ക് സമീപത്തെ വെലിസാര നാവിക കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കപ്പൽ പിന്നീട് ട്രിങ്കോമാലി തുറമുഖത്തേക്ക് മാറ്റാനാണ് തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home