ബംഗാളിൽ റീപോളിങ് തുടങ്ങി, രണ്ട് മണ്ഡലങ്ങളിലായി 15 ബൂത്തുകളിൽ പുനര്‍വോട്ടെടുപ്പ്

image courtesy- ANI/ X
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ അക്രമവും ക്രമക്കേടും ആരോപിക്കപ്പെട്ടതിന്റെ ഭാഗമായി സൗത്ത് 24 പർഗാനാസ് ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലായി 15 ബൂത്തുകളിൽ ഇന്ന് പുനർവോട്ടെടുപ്പ്. തിങ്കളാഴ്ച വോട്ടെണ്ണൽ നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടതിൻ പ്രകാരമാണ് തിരക്കിട്ട വോട്ടെടുപ്പ്.
മഗ്രാഹട്ട് പശ്ചിം മണ്ഡലത്തിലെ 11 പോളിംഗ് സ്റ്റേഷനുകളിലും ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ 4 സ്റ്റേഷനുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രിൽ 29-ന് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ ഈ ബൂത്തുകളിൽ വ്യാപകമായ അക്രമങ്ങളും ക്രമക്കേടുകളും നടന്നതായി പരാതി ഉയർന്നിരുന്നു. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് പതിവ് രീതിയിൽ വൈകുന്നേരം 6 മണി വരെ തുടരും.
കേന്ദ്ര സേനയുടെ കനത്ത കാവലിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വെബ്കാസ്റ്റിംഗ് വഴി തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. നിലവിൽ വോട്ടെടുപ്പ് സമാധാനപരമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഡയമണ്ട് ഹാർബർ മണ്ഡലത്തിൽ തൃണമൂലിന്റെ പന്ന ലാൽ ഹൽദറും ബിജെപിയുടെ ദീപക് കുമാർ ഹൽദറും തമ്മിലാണ് പ്രധാന മത്സരം. മഗ്രാഹട്ട് പശ്ചിമിൽ തൃണമൂലിന്റെ മുഹമ്മദ് സമീം അഹമ്മദ് മൊല്ലയും ബിജെപിയുടെ ഗൗർസുന്ദർ ഘോഷും തമ്മിൽ ഏറ്റുമുട്ടുന്നു. ബിജെപി ഉന്നയിച്ച പരാതി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തിരക്കിട്ട് പുനർവോട്ടെടുപ്പ് പ്രഖ്യാപിച്ചത്. ഫാൽട്ട മണ്ഡലത്തിലും പുനർവോട്ടെടുപ്പിന് ആവശ്യം ഉയര്‍ന്നിരുന്നു. ഇത് ആവശ്യമാണോ എന്ന കാര്യത്തിൽ കമ്മീഷൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.









0 comments