ഭാര്യയെയും മകനെയും രണ്ട് പൂജാരിമാരെയും വെടിവെച്ചുകൊന്ന് യുവാവ്; പൊലീസ് ഏറ്റുമുട്ടലിൽ പ്രതി മരിച്ചു

ലക്നൗ: ഭാര്യയെയും രണ്ട് പൂജാരിമാരെയും വെടിവെച്ച ശേഷം സ്വന്തം മൂന്ന് മക്കളെ ബന്ദികളാക്കിയയാൾ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ഉത്തർപ്രദേശിലെ അസംഗഢിലാണ് സംഭവം. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ അരവിന്ദ് എന്നയാൾ സ്വന്തം മകനെയും വെടിവെച്ചിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.
വീട്ടിലെത്തിയ അരവിന്ദ് സിംഗ്, തന്റെ ഭാര്യ ബബിത സിംഗ് (32), മഹേന്ദ്ര പാഥക് (60), അഖിലേഷ് മിശ്ര (50) എന്നീ രണ്ട് പൂജാരിമാരുമായി ചേർന്ന് പൂജയിൽ ഏർപ്പെട്ടിരിക്കുന്നത് കണ്ടു. ഇതേച്ചൊല്ലി വാക്കുതർക്കമുണ്ടാവുകയും, പ്രകോപിതനായ അരവിന്ദ് കൈവശമുണ്ടായിരുന്ന ലൈസൻസുള്ള തോക്കെടുത്ത് ആദ്യം ഭാര്യയെയും തുടർന്ന് രണ്ട് പൂജാരിമാരെയും വെടിവെക്കുകയുമായിരുന്നു.
അതിനുശേഷം മൂന്ന് മക്കളെയും ഒരു മുറിയിൽ പൂട്ടിയിട്ട് ഇയാൾ ബന്ദികളാക്കി. തുടർന്ന് വിവരമറിഞ്ഞെത്തിയ പൊലീസിന് മുന്നിൽ ഇയാൾ കീഴടങ്ങാൻ തയ്യാറായില്ല. പ്രതിയായ അരവിന്ദ് പുറത്തുവരാൻ വിസമ്മതിക്കുകയും രാവിലെയവരെ കാത്തിരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. എന്നാൽ പിന്നീട് ഇയാൾ വീടിനുള്ളിൽ നിന്ന് പൊലീസിന് നേരെ വെടിയുതിർത്തു.
ഇതോടെയാണ് പൊലീസ് വീടിനുള്ളിൽ കടന്നതും ഏറ്റുമുട്ടലിൽ പ്രതി കൊല്ലപ്പെട്ടതുമെന്ന് വാരണാസി സോൺ അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് നവീൻ അറോറ പറഞ്ഞു. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ അരവിന്ദിനെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരും മരണത്തിന് കീഴടങ്ങി. 10 വയസും 11 മാസവും പ്രായമുള്ള രണ്ട് പെൺകുട്ടികളെ പൊലീസ് പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി.









0 comments