യുപിയിൽ നാശം വിതച്ച് ആഞ്ഞടിച്ച് ചുഴലിക്കാറ്റും മഴയും; 117 മരണം, വ്യാപക നാശനഷ്ടം

യുപിയിലെ കനത്ത മഴയിലും ചുഴലിക്കാറ്റിലും റോഡിലേക്ക് കടപുഴകിയ മരം
ലഖ്‌നൗ: ഉത്തർപ്രദേശിൽ അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും അതിശക്തമായ കാറ്റിലും വ്യാപക നാശനഷ്ടം. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 117 പേർ മരണപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഔദ്യോഗിക വിവരം.
മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിൽ വീശിയടിച്ച കാറ്റാണ് യുപിയെ തകിടം മറിച്ചത്. കനത്ത കാറ്റിലും മഴയിലും പെട്ട് സംസ്ഥാനത്തുടനീളം ഒട്ടേറെ വീടുകൾ തകർന്നു വീണു. നൂറുകണക്കിന് മരങ്ങളും വൈദ്യുതത്തൂണുകളും കടപുഴകി വീണ നിലയിലാണ്.
വിവിധയിടങ്ങളിലായി 114 വളർത്തുമൃഗങ്ങളും ചത്തു. പലയിടങ്ങളിലും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പെട്ടാണ് ആളുകൾ മരണപ്പെട്ടത്. അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും കെട്ടിടാവിഷ്ടങ്ങൾ നീക്കം ചെയ്താണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
പ്രയാഗ് രാജ് (അലഹബാദ്) ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും റിപ്പോർട്ട് ചെയ്തത്. ഇവിടെ മാത്രം 21 പേർ മരണപ്പെട്ടു. ബദോഹി: 18 മരണം, മിർസാപുർ: 15 മരണം, ഫത്തേപുർ: 10 മരണം, ഉന്നാവ്, ബദ്വാൻ: 6 വീതം മരണം, പ്രതാപ്ഗഢ്, ബറേലി: 4 വീതം മരണം, സീതാപൂർ, റായ്ബറേലി, ചന്ദൗലി, കാൺപൂർ ദേഹട്ട്, ഹാർദോയ്, സാംബാൽ: 2 വീതം മരണം, കൗസാബി, ഷാജഹാൻപൂർ, സോനബദ്ര, ലക്ഷ്മിപുർ: 1 വീതം മരണം.
ഇന്നലെ വൈകുന്നേരത്തോടെ അപ്രതീക്ഷിതമായാണ് സംസ്ഥാനത്ത് കാലാവസ്ഥ മാറിയത്. മരങ്ങൾ വീണ് നിരവധി വാഹനങ്ങൾ തകരുകയും ഒട്ടേറെ പ്രമുഖ റോഡുകളിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുകയും ചെയ്തു. വൈദ്യുതി വിതരണവും പലയിടങ്ങളിലും പാടെ തടസ്സപ്പെട്ടിരിക്കുകയാണ്. മഴക്കെടുതിയെത്തുടർന്നുണ്ടായ വൻ ദുരന്തത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കടുത്ത അനുശോചനം രേഖപ്പെടുത്തി.










0 comments