print edition ബിൽ രാഷ്‌ട്രപതി വൈകിക്കുന്നു ; തമിഴ്‌നാട് സുപ്രീംകോടതിയിൽ

ന്യൂഡൽഹി
നിയമസഭ പാസാക്കിയ മെഡിക്കൽ ബിരുദ പ്രവേശന ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകാത്തതിനെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ. നീറ്റ് എഴുതാതെ 12–ാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം സാധ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ബില്ലിനാണ് അംഗീകാരം നിഷേധിക്കുന്നത്. കേന്ദ്രസർക്കാർ ഉപദേശപ്രകാരം ബില്ലിന് രാഷ്ട്രപതി അംഗീകാരം തടഞ്ഞതായി മാർച്ച് നാലിന് ഗവർണറുടെ സെക്രട്ടറിയേറ്റിൽനിന്ന് അറിയിപ്പ് ലഭിച്ചു. എന്നാൽ കാരണം വ്യക്തമാക്കിയില്ല.
കേന്ദ്രത്തിന്റെ എതിർപ്പുകളിൽ വിശദമായ മറുപടി നൽകി. രാഷ്‌ട്രപതിയുടെ നടപടി ഭരണഘടന വിരുദ്ധമാണെന്നും തമിഴ്നാട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സമവർത്തി പട്ടികയിൽ സംസ്ഥാനത്തിന് നിയമനിർമാണം അനുവദിക്കുന്ന 254 (2) അനുച്ഛേദത്തെ അപ്രസക്തമാക്കുന്നതാണ് നടപടി.
കേന്ദ്ര നിയമങ്ങളിൽനിന്ന് വിഭിന്നമായി ഭരണഘടനാപരമായ മാർഗത്തിലൂടെ നിയമനിർമാണം നടത്താൻ സംസ്ഥാനങ്ങളെ അനുവദിക്കുന്ന മാർഗത്തെ അർഥശൂന്യമാക്കുന്നതാണ് നടപടി. രാഷ്‌ട്രപതിയുടെ നടപടി റദ്ദാക്കി ബിൽ പാസായതായി പ്രഖ്യാപിക്കണം. അല്ലെങ്കിൽ ബിൽ വീണ്ടും രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കായി സമർപ്പിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു. നേരത്തെ തമിഴ്‌നാട് നൽകിയ ഹർജിയിലാണ് ബില്ലിൽ ഒപ്പിടാൻ ഗവർണർക്കും രാഷ്‌ട്രപതിക്കും സുപ്രീംകോടതി സമയപരിധി നിശ്ചയിച്ചത്.








0 comments