കടുവ സങ്കേതങ്ങള്‍ 
പരിസ്ഥിതിലോലമായി പ്രഖ്യാപിക്കണം

print edition മനുഷ്യ– വന്യജീവി സംഘർഷം പ്രകൃതിദുരന്തം ; സുപ്രീംകോടതി

jammu kashmir
avatar
റിതിൻ പൗലോസ്‌

Published on Nov 18, 2025, 04:38 AM | 2 min read


ന്യൂഡൽഹി

മനുഷ്യ– വന്യജീവി സംഘർഷം പ്രകൃതിദുരന്തമാണെന്നും അവയെ സംസ്ഥാനങ്ങൾ അത്തരത്തില്‍ പരിഗണിക്കണമെന്നും സുപ്രീംകോടതി. മനുഷ്യ– വന്യജീവി സംഘർഷത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്ക്‌ 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നും സുപ്രീംകോടതി ഉത്തരവില്‍ നിര്‍ദേശിച്ചു.


വന്യജീവി സംരക്ഷണത്തിനുള്ള സി‌എസ്‌എസ് ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് വൈൽഡ്‌ലൈഫ് ഹാബിറ്റാറ്റ്‌സ് എന്ന കേന്ദ്രപദ്ധതിക്ക്‌ കീഴിലും 10 ലക്ഷം രൂപയാണ്‌ നഷ്‌ടപരിഹാരം. വന്യജീവി സംരക്ഷണ പരിപാടികളിൽ പൊതുജന വിശ്വാസം നിലനിർത്താൻ സമയബന്ധിതമായ നഷ്ടപരിഹാരം അനിവാര്യമാണ്‌. ഉത്തരാഖണ്ഡിലെ ജിംകോർബറ്റ്‌ ദേശീയ ഉദ്യാനത്തിലെ നിയമലംഘനങ്ങളുടെ പശ്ചാത്തലത്തിൽ കടുവ സങ്കേതങ്ങളുടെ സംരക്ഷണത്തിനായി പുറപ്പെടുവിച്ച ഉത്തരവിലാണ്‌ നിർദേശങ്ങളുള്ളത്‌.


മനുഷ്യ–വന്യജീവി സംഘർഷങ്ങളിൽ മാതൃകാ മാർഗനിർദ്ദേശങ്ങൾ ആറ് മാസത്തിനുള്ളിൽ രൂപീകരിക്കാൻ ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്ക്‌ സുപ്രീംകോടതി നിർദേശം നൽകി. കരട് തയ്യാറാക്കൽ പ്രക്രിയയിൽ സംസ്ഥാനങ്ങളുമായും കേന്ദ്ര ഉന്നതാധികാര സമിതിയുമായും കൂടിയാലോചനയാവാം. മാർഗനിർദേശം പുറത്തിറക്കി ആറുമാസത്തിനുള്ളിൽ സംസ്ഥാനങ്ങൾ നടപ്പാക്കണം.


മരണം, പരിക്ക്‌, വിളനാശം, ആടുമാടുകളുടെ നഷ്‌ടം എന്നിവയ്ക്ക്‌ സുഗമമവും വേഗത്തിലുമുള്ള നഷ്‌ടപരിഹാര സംവിധാനമായിരിക്കണം നടപ്പാക്കേണ്ടത്‌. വന്യജീവി ആക്രമണമുണ്ടായാൽ ഉടനടി പ്രതിരോധിക്കാൻ വനം, റവന്യൂ, പൊലീസ്, ദുരന്തനിവാരണ, തദ്ദേശസ്ഥാപനങ്ങൾ ഏകോപനം നടത്തണമെന്നും ഉത്തരവിൽ പറഞ്ഞു.


കടുവ സങ്കേതങ്ങള്‍ 
പരിസ്ഥിതിലോലമായി പ്രഖ്യാപിക്കണം

ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ കടുവാസങ്കേതങ്ങളും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന്‌ സുപ്രീംകോടതി ഉത്തരവ്‌. ബഫർ സോണുകൾക്ക്‌ പുറമെ ജനവാസമുള്ള വനപ്രാന്തങ്ങളും പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തണം. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം 2018ൽ പുറത്തിറക്കിയ മാർഗനിർദേശത്തോട്‌ യോജിച്ചാണ്‌ ഉത്തരവിലെ പരാമർശങ്ങൾ. ബഫർസോൺ നിലവിലില്ലെങ്കിൽ, പ്രധാനപ്പെട്ട മേഖലയ്‌ക്ക്‌ ചുറ്റും കുറഞ്ഞത് ഒരു കിലോമീറ്റർ സംരക്ഷണ മേഖല പ്രഖ്യാപിക്കണം.


കേരളത്തിൽ പെരിയാർ, പറന്പിക്കുളം എന്നിവയാണ്‌ കടുവ സങ്കേതങ്ങൾ. ദേശീയോദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റും വിജ്ഞാപനം ചെയ്‌തിട്ടുള്ള പരിസ്ഥിതിലോല മേഖലകൾക്ക്‌ തുല്യമായിരിക്കും ഇനി കടുവ സങ്കേതങ്ങൾക്ക്‌ ചുറ്റുമുള്ള ഇത്തരം മേഖലകൾ. എന്നാൽ ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം വ്യത്യസ്‌തമായതിനാൽ വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ദേശീയ കടുവ സംരക്ഷണ അതോറിറ്റി(എൻടിസിഎ) എന്നിവയുമായി കൂടിയാലോചിച്ച്‌ മാർഗനിർദേശങ്ങളിൽ ചെറിയ മാറ്റങ്ങൾ നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക്‌ കോടതി അധികാരം നൽകി.


ഖനനം നിരോധിച്ചു

കടുവ സങ്കേതങ്ങൾ ഉൾപ്പെടുന്ന പരിസ്ഥിതിലോല മേഖലയിൽ 
വ്യാവസായിക ഖനനം നിരോധിച്ചു. തടിമില്ലുകൾ, മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾ, വിദേശ സസ്യങ്ങൾ വച്ചുപിടിപ്പിക്കൽ, അപകടരമായ വസ്‌തുക്കളുടെ നിർമാണം, അനധികൃത മരംവെട്ടൽ തുടങ്ങിയവ നിരോധിച്ചു. അതേസമയം, വന്യമൃഗങ്ങൾക്ക്‌ തടസമുണ്ടാക്കാതെ നിയന്ത്രണങ്ങളോടെ ഹോട്ടലുകൾ നടത്താം. രാത്രിയാത്രയും ഫെൻസിങും റോഡ്‌ വീതികൂട്ടലും ആകാം. സവാരികൾ ബഫർ സോണിൽ മാത്രം ആക്കി. കടുവ സങ്കേതങ്ങളുടെ പരിധിയിൽ വരുന്ന തീർഥാടന കേന്ദ്രങ്ങളിലും നിയന്ത്രണം വേണം. ഉൾക്കാട്ടിലേക്ക്‌ തീർഥാടകർക്ക് കടക്കാനാകാത്തവിധം സംസ്ഥാനങ്ങൾ നിയന്ത്രണ ചട്ടങ്ങൾ ആറുമാസത്തിനകം രൂപീകരിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home