print edition അക്രമികളേ മാറൂ, വായന തുടരട്ടെ


സ്വന്തം ലേഖകൻ
Published on Oct 26, 2026, 01:30 AM | 1 min read
ന്യൂഡൽഹി : ആർഎസ്എസ്, ബിജെപി ആക്രമണങ്ങൾക്കിടയിലും പശ്ചിമബംഗാളിൽ സിപിഐ എം ബുക്ക് സ്റ്റാളുകളിൽ റെക്കോഡ് വിറ്റുവരവ്. 12 ജില്ലകളിലെ ബുക്ക്സ്റ്റാളുകളിൽ മാത്രം വിറ്റുവരവ് ഒരു കോടി കടന്നു. കഴിഞ്ഞവർഷം 48 ലക്ഷം രൂപയുടെ വിൽപ്പനയാണ് നടന്നത്. 11 ജില്ലകളിലെ സ്റ്റാളുകളിലെ കണക്ക് വരാനുണ്ട്.
ബുക്ക്സ്റ്റാളുകളെ ലക്ഷ്യമിട്ട് ആർഎസ്എസ്, ബിജെപി ഗുണ്ടാസംഘം നടത്തിയ ആക്രമണങ്ങൾക്കെതിരായ ജനങ്ങളുടെ മറുപടിയാണിതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സുജൻ ചക്രവർത്തി പറഞ്ഞു. ബംഗാളിലാകെ 292 ബുക്ക്സ്റ്റാളുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. വായന സംസ്കാരത്തിന് എതിരായ അതിക്രമത്തിനെതിരെ നിരവധിപേർ ഐക്യദാർഢ്യവുമായി രംഗത്തെത്തി. ഇതിന്റെ ഫലമായാണ് റെക്കോർഡ് വിറ്റുവരവെന്നും സുജൻ ചക്രവർത്തി പറഞ്ഞു.
പശ്ചിമബംഗാളിൽ ദുർഗാപൂജ ആഘോഷവേളയിൽ സിപിഐ എം ഉൾപ്പെടെ ഇടതുപക്ഷപാർടികൾ പതിറ്റാണ്ടുകളായി ബുക്ക് സ്റ്റാളുകൾ ഒരുക്കാറുണ്ട്. ബിജെപി അധികാരത്തിലേറിയതിനുപിന്നാലെയാണ് ഗുണ്ടാസംഘങ്ങൾ ബുക്ക്സ്റ്റാളുകൾ അക്രമിച്ചത്. ബിജെപി നിർദേശ പ്രകാരം കൊൽക്കത്ത മുനിസിപ്പൽ കോർപറേഷനും ബുക്ക്സ്റ്റാളുകൾക്കെതിരെ തിരിഞ്ഞു. 17ന് ദക്ഷിണ കൊൽക്കത്ത ജാദവ്പുരിലെ ബുക്ക്സ്റ്റാൾ പൊളിക്കാൻ കോർപറേഷൻ അധികൃതരും പൊലീസും കേന്ദ്രസേനയും ബുൾഡോസറുമായി എത്തി. സിപിഐ എം നേതാക്കളും നാട്ടുകാരും ബുൾഡോസർ തടഞ്ഞു.
വടക്കൻ കൊൽക്കത്തയിലെ നഗേർ ബസാറിൽ സിപിഐ എം ബുക്ക്സ്റ്റാളിൽ എത്തിയ അക്രമികൾ പുസ്തകങ്ങൾ വലിച്ചുകീറുന്നതിന്റെയും നിലത്തിട്ട് ചവിട്ടുന്നതിന്റെയും ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപമായി പ്രചരിച്ചു. ഇതോടെ അക്ഷരവിരോധികൾക്ക് എതിരെ ജനവികാരം ശക്തമായി. ദുർഗയിലോ ദുർഗാപൂജയിലോ വിശ്വാസമില്ലാത്തവരെ ദുർഗാപൂജ പന്തുകളിലോ പരിസരങ്ങളിലോ പുസ്തകങ്ങൾ വിൽക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രസ്താവിച്ചിരുന്നു. അതിനുശേഷമാണ് ആക്രമണങ്ങൾ തുടർക്കഥയായത്.









0 comments