കെട്ടിടങ്ങളുടെ സുരക്ഷാ ഓഡിറ്റുകൾ ഉടനടി നടത്തണം; ഡൽഹി യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐ പ്രതിഷേധം

ന്യൂഡൽഹി : ഡൽഹി സത്യനികേതനിൽ പി ജി കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഡൽഹി സർവകലാശാലയിലെ ആർട്‌സ് ഫാക്കൽറ്റിയിൽ എസ്എഫ്ഐ പ്രതിഷേധ റാലി സംഘടിപ്പിച്ചു. സർവകലാശാലയിലെ ഹോസ്റ്റൽ സൗകര്യങ്ങളുടെ അപര്യാപ്തത കാരണം വിദ്യാർഥികൾ സുരക്ഷിതമല്ലാത്തതും അമിതവാടകയുള്ളതുമായ താമസസ്ഥലങ്ങളിൽ കഴിയേണ്ടിവരുന്ന സാഹചര്യമാണെന്ന് എസ്എഫ്ഐ പ്രതിഷേധത്തിൽ ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്ക് സുരക്ഷിത താമസ സൗകര്യം ഉറപ്പാക്കുന്നതിൽ ഡൽഹി സർക്കാർ പരാജയപ്പെട്ടെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്നും എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ ഡൽഹി സെക്രട്ടേറിയറ്റിലും എസ്‌എഫ്‌ഐ പ്രതിഷേധിച്ചിരുന്നു.
എല്ലാ വിദ്യാർഥികൾക്കും ഹോസ്റ്റൽ സൗകര്യം ഉറപ്പാക്കുക, പിജികളുടെയും സ്വകാര്യ താമസസ്ഥലങ്ങളുടെയും സുരക്ഷാ ഓഡിറ്റുകൾ ഉടനടി നടത്തുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾ അടച്ചുപൂട്ടുക, വിദ്യാർഥികളുടെ താമസസ്ഥലങ്ങളിലെ വാടകയ്ക്ക് പരിധി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളും എസ്‌എഫ്‌ഐ മുന്നോട്ടുവച്ചു. മതിയായ ഹോസ്റ്റൽ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതുവരെ, വിദ്യാർഥികളുടെ താമസ ചെലവുകളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും ഓരോ വിദ്യാർഥിക്കും സുരക്ഷിതമായ താമസ സൗകര്യം ഉറപ്പാക്കുന്നതിനായി പോരാട്ടം തുടരുമെന്നും എസ്‌എഫ്‌ഐ വ്യക്തമാക്കി.









0 comments