ad
Deshabhimani

ആദായനികുതി വകുപ്പിന്റെ റെയ്ഡ് അധികാരം: ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

tax
വെബ് ഡെസ്ക്

Published on Mar 09, 2026, 05:28 PM | 1 min read

ന്യൂഡൽഹി: ആദായനികുതി നിയമത്തിലെ132-ാം വകുപ്പ് പ്രകാരം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള പരിശോധന,പിടിച്ചെടുക്കൽ അധികാരങ്ങളുടെ വ്യാപ്തി ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഈ വകുപ്പ് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.


ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. വൻകിട നികുതി വെട്ടിപ്പുകാരെ പിടികൂടാനാണ് ഇത്തരം കർശനമായ വകുപ്പുകൾ നിർമ്മിച്ചിട്ടുള്ളതെന്ന് കോടതി നിരീക്ഷിച്ചു. നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയിൽ മാത്രം തള്ളിക്കളയാനാവില്ല. കാലക്രമേണ വകുപ്പുകൾ കൂടുതൽ കാര്യക്ഷമമാക്കപ്പെടാറുണ്ട് എന്ന് കോടതി നിരീക്ഷിച്ചു.


പരിശോധനയ്ക്ക് മുൻപ് നോട്ടീസ് നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി. ഡിജിറ്റൽ യുഗത്തിൽ തെളിവുകൾ നശിപ്പിക്കാൻ നിമിഷങ്ങൾ മതിയെന്നും,നോട്ടീസ് നൽകിയാൽ ഉപകരണം തന്നെ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


എന്നാൽ ആദായനികുതി ഉദ്യോഗസ്ഥരുടെ അധികാരം അനിയന്ത്രിതമല്ലെന്നും അതിന് കൃത്യമായ നിയമപരിധികളുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.


പരിശോധന നടത്താനുള്ള കാരണം നികുതിദായകനെയോ ട്രൈബ്യൂണലിനെയോ അറിയിക്കേണ്ടതില്ല എന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിക്കാരനായ വിശ്വപ്രസാദ് ആൽവയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ വാദിച്ചു. നികുതി വെട്ടിക്കുന്നവർ മാത്രമല്ല, അവരുമായി ബന്ധപ്പെടുന്ന മൂന്നാം കക്ഷികൾ പോലും ഈ നിയമത്തിലൂടെ വേട്ടയാടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ കോടതി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home