കേന്ദ്രത്തിന് ധനകമ്മി മറികടക്കാന്‍ റിസർവ് ബാങ്കിന്റെ സഹായം


സ്വന്തം ലേഖകൻ
Published on May 25, 2025, 03:11 AM | 1 min read
ന്യൂഡൽഹി :കേന്ദ്രസർക്കാരിന് ധനകമ്മി പരിഹരിക്കാൻ വാരിക്കോരി ‘ലാഭവിഹിതം’ കൈമാറി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ആർബിഐ അനുവദിച്ച 2024–25 വർഷത്തെ റെക്കോഡ് ലാഭവിഹിതമായ 2.69 ലക്ഷം കോടി മുഖേന കേന്ദ്രസർക്കാരിന് 25–26 സാമ്പത്തിക വർഷത്തിലെ ധനകമ്മി 4.2 ശതമാനമായി കുറയ്‌ക്കാനാകും. പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും ഫണ്ടുകൾ തടഞ്ഞുവച്ചും പ്രതിസന്ധിയിലാക്കവെയാണ് കേന്ദ്രസർക്കാർ ആർബിഐയുടെ ‘കൈയയച്ച’ സഹായംകൊണ്ട് ധനകമ്മി മറികടക്കുന്നത്. കേന്ദ്രസർക്കാർ 2025–-2026 സാമ്പത്തിക വർഷം 15.69 ലക്ഷം കോടി രൂപ കടമെടുക്കുമെന്ന് ധനമന്ത്രാലയം നേരത്തേ പാർലമെന്റിനെ അറിയിച്ചിരുന്നു. ഇന്ത്യയുടെ വിദേശകടവും കാര്യമായി വർധിച്ചു. ഈ വസ്‌തുതകൾ മറച്ചുവച്ചാണ് കേന്ദ്രം സംസ്ഥാന സർക്കാരുകളുടെ കടമെടുപ്പിനെ ഊതിപ്പെരുപ്പിച്ച് അവതരിപ്പിക്കുന്നത്. ആർബിഐ 2023–-2024 സാമ്പത്തിക വർഷം കേന്ദ്രസർക്കാരിന് 2.1 ലക്ഷം കോടി കൈമാറിയിരുന്നു. ഇപ്പോൾ സർക്കാരിനുള്ള ലാഭവിഹിതം ഒറ്റയടിക്ക് 27.37 ശതമാനമാണ് വർധിപ്പിച്ചത്. വെള്ളിയാഴ്‌ചത്തെ ആർബിഐ കേന്ദ്രബോർഡ് യോഗത്തിലായിരുന്നു തീരുമാനം. ആഗോള, ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങളും ഭാവിയിലെ വെല്ലുവിളികളും കണക്കിലെടുത്താണ് കേന്ദ്രത്തിനുള്ള വിഹിതം വർധിപ്പിച്ചതെന്ന് ആർബിഐ പ്രതികരിച്ചു. 2020ൽ 57,128 കോടി, 2021ൽ 99,122 കോടി, 2022ൽ 30,307 കോടി, 2023ൽ 87,416 കോടി, 2024ൽ 2,10,874 കോടി എന്നിങ്ങനെ ഒരോ സാമ്പത്തികവർഷവും ആർബിഐ കേന്ദ്രസർക്കാരിന് കൈമാറുന്ന വിഹിതം ഗണ്യമായി വർധിപ്പിക്കുന്നുണ്ട്.









0 comments