ഇന്ദിരാഗാന്ധിയുടെ നിർദ്ദേശപ്രകാരം നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാർ തെറ്റായിരുന്നു: പി ചിദംബരം

ന്യൂഡൽഹി: ഓപ്പറേഷൻ ബ്ലൂസ്റ്റാർ തെറ്റായിരുന്നുവന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. എന്നാൽ സംഭവത്തിൽ ഇന്ദിരാ ഗാന്ധിയെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും ആ തെറ്റിന് സ്വന്തം ജീവൻ അവര്‍ക്ക് വിലയായി നൽകേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിമാചൽ പ്രദേശിലെ കസൗലിയിൽ നടന്ന ഖുശ്വന്ത് സിംഗ് സാഹിത്യോത്സവത്തിൽ പത്രപ്രവർത്തകൻ ഹരീന്ദർ ബവേജയുടെ 'ദേ വിൽ ഷോട്ട് യു, മാഡം' എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ച മോഡറേറ്റ് ചെയ്യുന്നതിനിടെയാണ് ചിദംബരത്തിന്റെ പ്രസ്താവന.
1984-ൽ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ സിഖ് തീവ്രവാദികളെ ഒഴിപ്പിക്കാൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നിർദ്ദേശപ്രകാരം നടത്തിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തെറ്റായ മാർഗമായിരുന്നുവെന്നായിരുന്നു ചിദംബരത്തിന്റെ പ്രസ്താവന. ഓപ്പറേഷൻ ഇന്ദിരാഗാന്ധിയുടെ മാത്രം തീരുമാനമായിരുന്നില്ല. സൈന്യം, പൊലീസ്, ഇന്റലിജൻസ്, സിവിൽ സർവീസ് എന്നിവരെല്ലാം ചേർന്നെടുത്ത തീരുമാനമായിരുന്നു- അദ്ദേഹം പറഞ്ഞു. ഇവിടെ ഉണ്ടായിരുന്ന ഏതെങ്കിലും സർവീസ് ഉദ്യോഗസ്ഥരോട് അനാദരവ് കാണിക്കുന്നില്ല, പക്ഷേ സുവർണ്ണക്ഷേത്രം വീണ്ടെടുക്കാനുള്ള തെറ്റായ മാർഗമായിരുന്നു അതെന്നും മൂന്ന് നാല് വർഷങ്ങൾക്ക് ശേഷം, സൈന്യത്തെ അകറ്റി നിർത്തി സുവർണ്ണക്ഷേത്രം വീണ്ടെടുക്കാനുള്ള ശരിയായ മാർഗം ഞങ്ങൾ കാണിച്ചുതന്നുവെന്നും ചിദംബരം പറയുന്നു.
സിഖ് മതത്തിന്റെ പുണ്യസ്ഥലങ്ങളിലൊന്നായ ക്ഷേത്രത്തിലേക്ക് ഇന്ത്യൻ സൈന്യം കയറി നടത്തിയ ഓപ്പറേഷനിൽ സുവർണ്ണ ക്ഷേത്രത്തിനുള്ളിൽ ഒളിച്ചിരുന്ന ഭിന്ദ്രൻവാല കൊല്ലപ്പെടുകയായിരുന്നു. ക്ഷേത്രത്തിലെ അകാൽ തഖ്ത് തകർന്ന സൈനിക നടപടി സിഖ് സമൂഹത്തിനുള്ളിൽ വലിയ പ്രതിഷേധത്തിന് കാരണമായി. മാസങ്ങൾക്കുശേഷം, ഇന്ദിരാ ഗാന്ധിയെ അവരുടെ സിഖ് അംഗരക്ഷകർ വെടിവച്ചു കൊന്നു. കൊലപാതകത്തെത്തുടർന്ന് സിഖുകാർക്കെതിരെ വ്യാപകമായ അക്രമവും നടന്നു.
സർക്കാർ കണക്കുകൾ പ്രകാരം ഡൽഹിയിലും മറ്റിടങ്ങളിലുമായി 3000-ത്തിലധികം സിഖുകാർ കലാപത്തിൽ കൊല്ലപ്പെട്ടുവെന്നതാണ് ചരിത്രം. 'വൻ മരം വീഴുമ്പോൾ ഭൂമി കുലുങ്ങും' എന്ന മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട പരാമർശവും വലിയ വിവാദത്തിന് വഴിവെച്ചു. ഗാന്ധിയന്‍ പ്രസ്ഥാനമെന്ന് അവകാശപ്പെട്ടിരുന്ന കോണ്‍ഗ്രസിന്‍റെ പൊള്ളത്തരം കൂടിയാണ് സിഖ് വംശഹത്യയിലൂടെ 1984 ല്‍ പുറത്തുവന്നത്. ഈ ചോരക്കറ മായ്ക്കാന്‍ നിരവധി രാഷ്ട്രീയ നിക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തിയെങ്കിലും അതൊന്നും ഗുണം ചെയ്തിരുന്നില്ല എന്നതും ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു.
പകരത്തിന് പകരം എന്ന ലക്ഷ്യം വച്ച് കോണ്‍ഗ്രസ് നടത്തിയ ക്രൂരതയെ ലോകമാകെ വിമര്‍ശിച്ചു. ഇതിന് ഇന്ധനമാകുക കൂടിയായിരുന്നു രാജീവ് ഗാന്ധിയുടെ വന്‍മരം പരാമര്‍ശം.ഇന്ദിര ഗാന്ധിയെ പ്രവേശിപ്പിച്ചിരുന്ന ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) പരിസരത്ത് "രക്തത്തിനു പകരം രക്തം' എന്ന മുദ്രാവാക്യം മുഴങ്ങി. ജനക്കൂട്ടം അക്രമാസക്തരായി. ബസുകളും ഇതര വാഹനങ്ങളും തടഞ്ഞുനിർത്തി സിഖുകാരെ ആക്രമിക്കുകയും ചിലരെയൊക്കെ ജീവനോടെ കത്തിക്കുകയും ചെയ്തു. എയിംസിലേക്ക് വന്ന അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയിൽസിങ്ങിന്റെ വാഹനത്തിനുനേരെപോലും കല്ലേറുണ്ടായി.
ഓപ്പറേഷൻ ബ്ലൂ സ്റ്റാർ സമയത്ത് അന്നത്തെ കരസേനാ മേധാവിയായിരുന്ന ജനറൽ അരുൺ ശ്രീധർ വൈദ്യയെ 1986-ൽ പൂനെയിൽ വെച്ച് രണ്ട് സിഖുകാർ കൊലപ്പെടുത്തി. ഹർജീന്ദർ സിംഗ് ജിൻഡയും സുഖ്‌ദേവ് സിംഗ് സുഖയും ആയിരുന്നു ആ രണ്ട് പേർ. ഇരുവരെയും വധശിക്ഷയ്ക്ക് വിധിക്കുകയും 1992 ഒക്ടോബർ 7-ന് തൂക്കിലേറ്റുകയും ചെയ്തു.
അതേസമയം, ബ്ലൂസ്റ്റാർ ഓപ്പറേഷൻ തെറ്റായിരുന്നു എന്ന് പറഞ്ഞ ചിദംബരം രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ കറുത്ത ഏടായ സിഖ് വംശഹത്യയെ തള്ളിപ്പറയാൻ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ് .








0 comments