2030ഓടെ വാഹനങ്ങൾക്കുള്ള സെമികണ്ടക്ടർ ചിപ്പുകൾക്ക് വില ഇരട്ടിയാകും: നിതി ആയോഗ്

ന്യൂഡൽഹി: വാഹനങ്ങളിൽ ഉപയോഗിക്കുന്ന സെമികണ്ടക്ടർ ചിപ്പുകളുടെ വില 2030 ആകുമ്പോഴേക്കും ഇരട്ടിയാകുമെന്ന് നീതി ആയോഗ് റിപ്പോർട്ട്.
നിലവിലെ ശരാശരി വില 50000 (600 യുഎസ് ഡോളർ) രൂപയിലധികമാണ്. ഇത് ഒരുലക്ഷത്തിലധികമാകുമെന്നാണ് (1,200 യുഎസ് ഡോളർ) നിതി ആയോഗിന്റെ പുതിയ റിപ്പോർട്ട് .
ഇലക്ട്രിക് പവർട്രെയിനുകൾ, സ്മാർട്ട് ഡ്രൈവിംഗ് എന്നിവയുൾപ്പെടെ ഓട്ടോമൊബൈൽ രംഗത്ത് നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം വർധിച്ചുവരുന്നതിനാലാണ് ഈ വർധനവ്. പരമ്പരാഗത ഇന്ധന അധിഷ്ഠിത വാഹനങ്ങളിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് (ഇവി) മാറിക്കൊണ്ട് ആഗോള ഓട്ടോമോട്ടീവ് മേഖല നിരന്തരമായി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ് കണക്റ്റിവിറ്റി, ഓട്ടോണമസ് ഡ്രൈവിംഗ് തുടങ്ങിയ സവിശേഷതകൾ ഉൾക്കൊള്ളുന്നതിനാൽ ഇലക്‌ട്രോണിക് വാഹനങ്ങൾക്ക് സെമികണ്ടക്ടർ ചിപ്പുകൾ ആവശ്യമാണ്. വിലവർധനവിന്റെ പ്രധാനകാരണം ഈ ആവശ്യകതയാണ്.
റിപ്പോർട്ട് അനുസരിച്ച്, 2022 ൽ ആഗോള തലത്തിൽ ഓട്ടോമോട്ടീവ് ഭാഗങ്ങളുടെ വിപണിയുടെ മൂല്യം ഏകദേശം 2 ലക്ഷം കോടി രൂപയായിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെയും സ്മാർട്ട് മൊബിലിറ്റി സൊല്യൂഷനുകളുടെയും ഉയർച്ചയോടെ സെമികണ്ടക്ടർ ചിപ്പുകൾക്കുള്ള ആവശ്യം കുതിച്ചുയരാൻ പോകുകയാണ്. ഇത് ഓട്ടോമോട്ടീവ്, ടെക്നോളജി മുതലായ മേഖലകൾ നവീകരിക്കുകയും ഈ രണ്ടുമേഖലകളുടെ സഹകരണത്തിന് തുടക്കം കുറിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ട് പറയുന്നു.








0 comments