ദേശീയപാത 66 വികസനം: പണം ചെലവാക്കുന്ന ഏക സംസ്ഥാനം കേരളം മാത്രമെന്ന് കേന്ദ്രം

ന്യൂഡൽഹി : ദേശീയപാത വികസനത്തിൽ കേരളം മാതൃകയാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്. ദേശീയപാത 66 വികസനത്തിനായി ഏതെല്ലാം സംസ്ഥാനങ്ങൾ പണം ചെലവാക്കിയിട്ടുണ്ടെന്ന എ എ റഹീം എംപിയുടെ ചോദ്യത്തിന് പാർലമെന്റിൽ നൽകിയ മറുപടിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. കേരളം മാത്രമാണ് ഇത്തരത്തിൽ പണം ചെലവാക്കിയതെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സ്ഥിരീകരിക്കുന്നത്.
എൻഎച്ച് 66 വികസനവുമായി ബന്ധപ്പെട്ട്, കേരള സർക്കാർ ഭൂമി ഏറ്റെടുക്കലിന്റെ ചെലവിന്റെ 25 ശതമാനം പങ്കിടാൻ തയ്യാറായിട്ടുണ്ട് എന്നും പാർലമെന്റിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ദേശീയപാത വികസനം യാഥാർഥ്യയമായത് സംസ്ഥാന സർക്കാരിന്റെ മികവുകൊണ്ടാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ദേശീയപാത 66ൻ്റെ വികസനം എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നു എന്ന കേരളത്തിലെ പ്രതിപക്ഷത്തിന്റെ വാദവും ഈ ഉത്തരത്തിലൂടെ പൊളിയുകയാണ്. കേരളത്തിൽ മാത്രമാണ് ദേശീയപാതയുടെ വികസനം അതിവേഗം പൂർത്തിയാകുന്നതെന്നും കേന്ദ്രത്തിന്റെ മറുപടിയിലൂടെ വ്യക്തമായി.








0 comments