പ്രീണനം തുടർന്ന് മോദിസർക്കാർ ; ഇസ്രയേലിനെ വിമർശിച്ച എസ്‌സിഒ പ്രസ്താവനയിൽനിന്ന് വിട്ടുനിന്നു

ഷാങ്‌ഹായ്
സ്വാതന്ത്ര്യലബ്‌ധി മുതൽ രാജ്യം തുടരുന്ന ‘സ്വതന്ത്ര പലസ്തീൻ’ നയം കാറ്റിൽപ്പറത്തി ഇസ്രയേൽപക്ഷത്തേക്ക് കൂടുമാറിയ നരേന്ദ്ര മോദി സർക്കാർ, ഷാങ്‌ഹായ് സഹകരണ ഉച്ചകോടിയിലും ഇസ്രയേൽ പ്രീണനം തുടർന്നു. പ്രകോപനമില്ലാതെ ഇറാനിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തെ വിമർശിച്ചുള്ള ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. പ്രസ്താവനയിലേക്ക് നയിച്ച ഒരു ചർച്ചയിലും പങ്കെടുത്തില്ലെന്ന് പ്രത്യേക പ്രസ്താവനയിറക്കി കേന്ദ്രസർക്കാർ വിശദീകരിക്കുകയും ചെയ്‌തു. വിഷയത്തിൽ മധ്യമാർഗമാണ് രാജ്യം സ്വീകരിക്കുന്നതെന്നും വ്യക്തമാക്കി.
ചൈന, റഷ്യ, പാകിസ്ഥാൻ എന്നിവയ്ക്ക് പുറമേ, ഇറാനും ഷാങ്‌ഹായ് സഹകരണ കൂട്ടായ്മയിൽ ഇന്ത്യക്കൊപ്പം അംഗമാണ്. കൂട്ടായ്മയിലെ അംഗത്തിനെതിരായ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച എസ്‌സിഒ, ജനവാസ കേന്ദ്രങ്ങൾ, ഗതാഗത സംവിധാനങ്ങൾ, ഊർജ ശൃംഖലകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ ലക്ഷ്യംവച്ച് നടത്തിയ ആക്രമണം യുഎൻ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി. ഇസ്രയേൽ സൈനികാക്രമണം ഇറാന്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണ്. ആക്രമണം ഉടൻ അവസാനിപ്പിക്കണം–- പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രശ്‌നത്തിന് നയതന്ത്ര ചർച്ചകളിലൂടെ പരിഹാരം കാണണമെന്ന് സ്വതന്ത്ര പ്രസ്താവനയിലൂടെ ആവശ്യപ്പെട്ട കേന്ദ്രസർക്കാരാണ്, അതേ ആവശ്യം ഉന്നയിച്ചുള്ള എസ്‌സിഒ പ്രസ്താവനയിൽനിന്ന് വിട്ടുനിന്നത്. വിഷയത്തിൽ വിദേശമന്ത്രി ഇറാൻ വിദേശമന്ത്രിയുമായി ചർച്ച നടത്തിയെന്നും പ്രശ്‌നം രൂക്ഷമാക്കുന്ന ഏത് നടപടിയും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടതായും ചൂണ്ടിക്കാട്ടി. മധ്യദൂരം സ്വീകരിക്കുന്നു എന്ന് പറയുമ്പോൾത്തന്നെ, സമാന ആവശ്യം ഇന്ത്യ ഇസ്രയേലിനോട് ഉന്നയിച്ചതായി പ്രസ്താവനയിൽ പരാമർശമില്ല.
നരേന്ദ്ര മോദി സർക്കാർ ഇസ്രയേൽ അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് ആദ്യമല്ല. ഹമാസ് 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണമാണ് ഇസ്രയേൽ–- പലസ്തീൻ സംഘർഷത്തിന് മൂലകാരണമെന്ന് ദുർവ്യാഖ്യാനം ചെയ്യുന്ന കേന്ദ്രസർക്കാർ, ഗാസയിൽ ഇസ്രയേൽ തുടരുന്ന കൂട്ടക്കുരുതിക്കും വെസ്‌റ്റ് ബാങ്കിൽ അവർ ചെയ്തുകൂട്ടുന്ന കുറ്റകൃത്യങ്ങൾക്കുംനേരെ മൗനം ഭജിക്കുന്നു. ഗാസയിൽ ശാശ്വത വെടിനിർത്തൽ ആവശ്യപ്പെടുന്ന യു എൻ പ്രമേയത്തിൽനിന്നും വ്യാഴാഴ്ച ഇന്ത്യ വിട്ടുനിന്നിരുന്നു. മൂന്നുവർഷത്തിനിടെ നാലാം തവണയാണ് യുഎന്നിൽ മോദി സർക്കാർ ഇസ്രയേൽ അനുകൂല നിലപാട് സ്വീകരിച്ചത്.
0 comments