കർണാടകയിൽ 'മരിച്ച യുവാവ്' കുഴിയിലേക്ക് എടുക്കുന്നതിനിടെ ശ്വസിച്ചു; മരണവീട്ടിൽ നാടകീയ രംഗങ്ങൾ

ഗഡാഗ്: കർണാടകയിൽ ഡോക്ടർമാർ മരണം സ്ഥിരീകരിച്ച യുവാവ് കുഴിയിലേക്ക് എടുക്കുന്നതിനിടെ ശ്വസിച്ചു. ഗഡാഗ്- ബെറ്റാഗേരി നിവാസിയായ നാരായൺ വന്നാൾ (38) ജീവിതത്തിലേക്ക് തിരികെയെത്തിയത് നാടകീയമായി. കർണാടകയിലെ ഗഡാഗ്- ബെറ്റാഗേരിയിലാണ് സംഭവം.
യുവാവ് ധർവാഡിലെ സ്വകാര്യ ആശുപത്രിയിൽ തലച്ചോറിലെ രക്തസ്രാവത്തിനും പിത്താശയ സംബന്ധമായ അസുഖത്തെയും തുടർന്ന് ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പിന്നാലെ നില ഗുരുതരമാവുകയും യുവാവ് കോമ അവസ്ഥയിലേക്ക് പോകുകയും ചെയ്തു. ശേഷമാണ് ആശുപത്രി അധികൃതർ മരണം ഉറപ്പാക്കിയത്.
തുടർന്ന് കുടുംബം സംസ്‌കാരചടങ്ങുകൾ നടത്താൻ തീരുമാനിക്കുകയും യുവാവിന്റെ ശരീരം മറവുചെയ്യാനുള്ള ഒരുക്കങ്ങൾ ചെയ്യുകയുമായിരുന്നു.
എന്നാൽ ചടങ്ങുകളുടെ ഭാഗമായി ഇയാളെ കുഴിയിലേക്ക് എടുക്കുന്നതിനിടെയാണ് ശ്വസിക്കാൻ തുടങ്ങിയത്. നാട്ടുകാർ ഇടപെട്ട് ഉടൻ തന്നെ ബെറ്റാഗേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ ഇയാൾ നിലവിൽ ചികിത്സയിലാണ്.









0 comments