വിദ്യാർഥിനിക്കെതിരായ ലൈംഗികാതിക്രം; എല്‍പിയുവില്‍ വിദ്യാർഥി പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി എസ്എഫ്ഐ

ജലന്ധർ: പഞ്ചാബിലെ ലവ്‍ലി പ്രൊഫഷണൽ സർവകലാശാലയിൽ വിദ്യാർഥിനിക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ നടപടി ആവശ്യപ്പെട്ട് നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി എസ്എഫ്ഐ. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കേണ്ട സർവകലാശാല അധികൃതർ സംഭവത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും വിഷയത്തിൽ അടിയന്തരവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
സർവകലാശാല ക്യാമ്പസിലെ ഹോസ്റ്റലിൽ ഒരു തൊഴിലാളി വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് പ്രതിഷേധം. സംഭവം പുറത്തറിയാതിരിക്കാൻ സർവകലാശാല അധികൃതർ വിദ്യാർഥിനിയെ വീട്ടിലേക്ക് അയച്ചുവെന്നും ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. സംഭവം വിദ്യാർഥികളിൽ കടുത്ത പ്രതിഷേധമുണ്ടാക്കി. ശനിയാഴ്ച രാത്രി ആരംഭിച്ച പ്രതിഷേധം ഞായറാഴ്ച കൂടുതൽ ശക്തമായി. വിദ്യാർഥികൾ ജലന്ധർ–ഫഗ്‌വാര ദേശീയപാത ഉപരോധിക്കുകയും ക്യാമ്പസിനുള്ളിൽ വലിയ തോതിൽ പ്രതിഷേധിക്കുകയും ചെയ്തു.
ലൈംഗികാതിക്രമത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായ വിദ്യാർഥി പിന്നീട് ആത്മഹത്യാശ്രമം നടത്തിയിരുന്നു.
വിദ്യാർഥികളുടെ സുരക്ഷയെക്കാൾ സ്ഥാപനത്തിന്റെ പ്രതിച്ഛായ സംരക്ഷിക്കുന്ന സമീപനമാണ് ഭരണകൂടം സ്വീകരിക്കുന്നത്. ക്യാമ്പസിനുള്ളിൽ സ്ത്രീ വിദ്യാർഥികൾ ലൈംഗികാതിക്രമത്തിനിരയാകുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോഴും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടലോ ഉത്തരവാദിത്തമേറ്റെടുക്കലോ ഉണ്ടാകുന്നില്ല.
വിദ്യാർഥികളെ സംരക്ഷിക്കേണ്ട ക്യാമ്പസ് തന്നെ അവരുടെ ജീവനും സുരക്ഷയും ഭീഷണിയിലാക്കുന്ന ഇടമായി മാറുന്നത് അംഗീകരിക്കാനാകില്ല. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തണം. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണം. വിദ്യാർഥിനിക്ക് നീതി ഉറപ്പാക്കുന്നതിനൊപ്പം സർവകലാശാല ഭരണകൂടത്തിന്റെ ഉത്തരവാദിത്തവും നിർണയിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
സ്ത്രീ വിദ്യാർഥികൾക്ക് സുരക്ഷിതമായ ക്യാമ്പസ് ഉറപ്പാക്കാൻ ഘടനാപരമായ മാറ്റങ്ങളും ശക്തമായ സുരക്ഷാ സംവിധാനങ്ങളും വേണം. പരാതികളിൽ ഉടൻ ഇടപെടുന്ന സംവിധാനവും ഭയമില്ലാതെ പരാതി നൽകാൻ കഴിയുന്ന അന്തരീക്ഷവും സൃഷ്ടിക്കണം. എൽപിയുവിന് പുറത്തുള്ള വിദ്യാർഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നതിന് മുമ്പ് ഭരണകൂടം മറുപടി പറയണമെന്നും വിദ്യാർഥികളുടെ സുരക്ഷ സംബന്ധിച്ച ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും എസ്എഫ്ഐ പ്രസിഡന്റ് ആദർശ് എം സജിയും ജനറൽ സെക്രട്ടറി സൃജൻ ഭട്ടാചാര്യയും പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.








0 comments