ലഡാക്ക് പ്രക്ഷോഭം അക്രമാസക്തം; ബിജെപി ഓഫീസ് കത്തിച്ചു

PHOTO CREDIT: ANI
ലഡാക്ക്: സംസ്ഥാന പദവി നൽകുന്നതുൾപ്പെടെയുള്ള ആവശ്യങ്ങളിൽ കേന്ദ്രസർക്കാർ തുടരുന്ന മൗനത്തിൽ ലഡാക്കിൽ വൻ പ്രതിഷേധം. കേന്ദ്രവും ഭരണകൂടവും ആവശ്യങ്ങൾ അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് യുവാക്കൾ തെരുവിലിറങ്ങിയത്. ലേ അപ്പെക്‌സ് ബോഡി(എൽഎബി)യുടെ നേതൃത്വത്തിലാണ് പ്രതിഷേധം. തെരുവിലിറങ്ങിയ യുവാക്കൾ പൊലീസുമായി ഏറ്റുമുട്ടി. നഗരത്തിലെ ബിജെപി ഓഫീസിന് തീയിടുകയും ചെയ്തു. പ്രതിഷേധ പ്രകടനങ്ങൾ ആക്രമാസക്തമായതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ആറാം പട്ടികയിൽപെടുത്തണമെന്നും ആവശ്യപ്പെട്ട് സെപ്തംബർ 10 മുതൽ ആക്ടിവിസ്റ്റും വിദ്യാഭ്യാസ പ്രവർത്തകനുമായ സോനം വാങ്‌ചുക് ഉൾപ്പെടെ 15 പേർ നിരാഹാര സമരം ആരംഭിച്ചു. ഇതിൽ രണ്ട് പേരുടെ നില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്. സോനം വാങ്‌ചുക് പ്രക്ഷോഭർക്കൊപ്പം ചേർന്നു.
ലേയിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ആളപായമുണ്ടായതായി റിപ്പോർട്ടുകളില്ല. കേന്ദ്ര സർക്കാരുമായി ചർച്ച നടത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് ഒക്ടോബർ ആറിന് ലഡാക്ക് നേതൃത്വവുമായി ചർച്ച നടത്താൻ തയാറാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന് സമ്മതിക്കേണ്ടിവന്നു. പ്രതിഷേധം കടുത്തതോടെ ജനുവരിയിൽ ആഭ്യന്തര മന്ത്രാലയം ഉന്നത തല സമിതി രൂപീകരിച്ചിരുന്നു.
രാജ്യത്തെ ഏറ്റവും പിന്നാക്ക പ്രദേശങ്ങളിലൊന്നാണ് ലഡാക്ക്. ജമ്മു കശ്‌മീരിന്റെ ഭാഗമായി നിലകൊണ്ടിരുന്നതാണ് ലഡാക്കിന്റെ ദുരവസ്ഥയ്‌ക്ക് കാരണമെന്ന് ബിജെപി പ്രചരിപ്പിച്ചിരുന്നു. 2019ൽ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റി. ലഡാക്കിന് കൂടുതൽ സ്വയംഭരണാവകാശം ലഭിക്കുമെന്നും കേന്ദ്രസഹായം ഒഴുകിയെത്തുമെന്നുമായിരുന്നു വാഗ്‌ദാനം.
എന്നാൽ പ്രകൃതിസുന്ദരമായ പ്രദേശത്തെ കോർപറേറ്റുകൾക്ക് തീറെഴുതുകയാണ് മോദിസർക്കാർ ചെയ്തത്. വാഗ്‌ദാനം ചെയ്യപ്പെട്ട വിപുലമായ സ്വയംഭരണാവകാശം ലഭിച്ചില്ലെന്ന് മാത്രമല്ല, ജമ്മു കശ്‌മീർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നപ്പോൾ ലഭിച്ചുവന്ന അധികാരങ്ങൾ പോലും ഹനിക്കപ്പെട്ടു.
തുടർന്ന് സംസ്ഥാന പദവി എന്ന ആവശ്യവുമായി ലേ അപ്പെക്‌സ് ബോഡി(എൽഎബി), കാർഗിൽ ഡമോക്രാറ്റിക് അലയൻസ്(കെഡിഎ) എന്നീ സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ലഡാക്കിന് സംസ്ഥാന പദവി, ഭരണഘടനയുടെ ആറാം പട്ടികയിൽപെടുത്തുക, ലഡാക്കിൽ രണ്ട് ലോക്‌സഭ സീറ്റ്, തദ്ദേശീയ യുവജനങ്ങൾക്ക് തൊഴിൽ സംവരണം എന്നിങ്ങനെ നാല് പൊതുആവശ്യങ്ങളാണ് പ്രതിഷേധക്കാർക്കുള്ളത്.








0 comments