'കൊറിയയെ വിടാൻ പറ്റില്ല, എല്ലാം ഡയറിയിലുണ്ട്'; ആത്മഹത്യ ചെയ്ത സഹോദരിമാരുടെ കത്ത് പുറത്ത്

ഗാസിയാബാദ്: മൂന്ന് സഹോദരിമാർ ഒൻപതാം നിലയിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊറിയൻ സംസ്കാരത്തോടും ഗെയിമുകളോടുമുള്ള കുട്ടികളുടെ അമിതമായ ആസക്തിയാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് സൂചിപ്പിക്കുന്നതാണ് മരണത്തിന് മുൻപ് അവർ എഴുതിയ കുറിപ്പ്. "കൊറിയയെ ഉപേക്ഷിക്കാൻ ഞങ്ങൾക്ക് കഴിയില്ല, അതുകൊണ്ട് ഞങ്ങൾ ജീവിതം അവസാനിപ്പിക്കുന്നു" എന്ന് കുട്ടികൾ കുറിപ്പിൽ എഴുതിയതായി അവരുടെ പിതാവ് വെളിപ്പെടുത്തി.
മുറി അകത്തുനിന്ന് പൂട്ടിയ ശേഷമാണ് ഓരോരുത്തരായി താഴേക്ക് ചാടിയത്. പുറത്ത് വലിയ ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. ഉടൻ തന്നെ കുട്ടികളുടെ മുറിക്ക് അരികിലെത്തി. വാതിൽ തകർത്ത് അകത്തുകയറാൻ ശ്രമിച്ചെങ്കിലും, അപ്പോഴേക്കും സഹോദരിമാർ ഒന്നൊന്നായി താഴേക്ക് ചാടിക്കഴിഞ്ഞിരുന്നു.
മരിക്കുന്നതിന് മുൻപ് കുട്ടികൾ എഴുതിയ കുറിപ്പിൽ മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നതിനൊപ്പം, തങ്ങളുടെ മരണത്തിലേക്ക് നയിച്ച കാര്യങ്ങൾ വിശദമായി എഴുതിയ ഒരു ഡയറി വായിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
2020-ലെ കോവിഡ് കാലത്താണ് 12, 14, 16 വയസ്സുള്ള ഈ സഹോദരിമാർ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായത്. കുട്ടികൾ തങ്ങൾക്ക് 'കൊറിയൻ പേരുകൾ' വരെ നൽകിയിരുന്നു. ഗെയിം അഡിക്ഷനെ തുടർന്ന് മാതാപിതാക്കൾ ഇവരെ ശകാരിച്ചിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.
സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ കുറിപ്പിൽ ഒരു കരയുന്ന ഇമോജിയും "സോറി പപ്പ" എന്നും എഴുതിയിട്ടുണ്ട്. ഒപ്പം തങ്ങളുടെ ഡയറിയിൽ എല്ലാമുണ്ടെന്നും അത് വായിക്കണമെന്നും കുട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡയറി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മാതാപിതാക്കളുടെ ശകാരത്തെത്തുടർന്നുള്ള മനോവിഷമമാണോ അതോ ഗെയിമിലെ ഏതെങ്കിലും ടാസ്ക്കുകളുടെ ഭാഗമാണോ ഈ കടുംകൈ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.










0 comments