യാത്രാനിരക്കും കുത്തനെ കൂട്ടി; സർവ്വത്ര വിലക്കയറ്റം, കർണാടകയിൽ ജനജീവിതം ദുരിതത്തിലേക്ക്

ബംഗളൂരു: സാധാരണക്കാരുടെ നടുവൊടിച്ച് കർണാടകയിൽ അവശ്യസാധന വിലയും യാത്രാനിരക്കും കുത്തനെ കൂട്ടി. നിത്യോപയോഗ സാധനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട പാലിനും തൈരിനും പിന്നാലെ ഇപ്പോൾ ബസ് ചാർജും വർദ്ധിപ്പിച്ചത് ജനങ്ങൾക്ക് ഇരട്ടപ്രഹരമായി മാറി. സൗജന്യങ്ങൾ നൽകി ഒടുവിൽ ഇരുട്ടടി നൽകുന്നതാണോ സർക്കാരിന്റെ ഗ്യാരണ്ടി?" ജനം ചോദിക്കുന്നു. ഡികെ ശിവകുമാരറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കുഴിച്ചുമൂടി ജനങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിയിവിട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് ഗംഭീരമായ വാഗ്ദാനങ്ങൾ നൽകിയായിരുന്നു സർക്കാരിന്റെ വരവ്. സൗജന്യ യാത്ര, സൗജന്യ വൈദ്യുതി, സ്ത്രീകൾക്ക് സാമ്പത്തിക സഹായം തുടങ്ങി 5 വമ്പൻ ഗ്യാരണ്ടികൾ നൽകിയാണ് കർണാടകയിൽ നിലവിലെ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നത്. എന്നാൽ അധികാരത്തിലേറി മൂന്നര വർഷം പിന്നിടുമ്പോൾ ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിന് പകരം അനിയന്ത്രിതമായ വിലക്കയറ്റം കൊണ്ട് ജനങ്ങളെ വട്ടം കറക്കുകയാണ്.
👉 27 രൂപയായിരുന്ന അര ലിറ്റർ പാക്കറ്റ് പാലിന് ഒറ്റയടിക്ക് 34 രൂപയാക്കി!
👉 28 രൂപയുണ്ടായിരുന്ന പാക്കറ്റ് തൈരിനും വില 34 രൂപയായി വർദ്ധിച്ചു.
👉 ഇതോടെ ഒരു ലിറ്റർ പാലിന്റെ വില 64 രൂപയായി കുതിച്ചുയർന്നിരിക്കുകയാണ്.
കേവലം പാലിൻ്റെയും തൈരിൻ്റെയും വില മാത്രം വർധിക്കുന്നതായിരുന്നില്ല പ്രശ്നം. പാൽവില കൂടിയതോടെ സ്വാഭാവികമായും സാധാരണ ഹോട്ടലുകളിലും ചായക്കടകളിലും ചായയുടെയും കാപ്പിയുടെയും വിലയും ഗണ്യമായി കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇപ്പോൾ തന്നെ വിലക്കയറ്റം കാരണം പലരും കടകളിൽ നിന്ന് ചായ കുടിക്കുന്നത് കുറച്ചിരിക്കുകയാണെന്നും ഇത് തങ്ങളുടെ കച്ചവടത്തെ വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്നും ചെറുകിട കടയുടമകൾ പറയുന്നു.
ഇതിന് പുറമെയാണ് യാത്രാനിരക്കിലെ വൻ വർധനവ്. സംസ്ഥാനത്തെ ബസ് ചാർജിൽ ഏകദേശം 35 ശതമാനത്തിന്റെ വർധനവാണ് കർണാടക സർക്കാർ വരുത്തിയിരിക്കുന്നത്. ഉപജീവനത്തിനായി ബംഗളൂരുവിൽ എത്തിയ ആയിരക്കണക്കിന് മലയാളികളടക്കമുള്ള സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റിക്കുന്നതാണ് സർക്കാർ തീരുമാനം. ഒരു കൈ കൊണ്ട് സൗജന്യം നൽകി മറുകൈ കൊണ്ട് വിലക്കയറ്റം സൃഷ്ടിക്കുന്നത് സർക്കാരിൻ്റെ ഇരട്ടത്താപ്പാണെന്ന് പരക്കെ വിമർശനം ഉയർന്നുകഴിഞ്ഞു.








0 comments