Deshabhimani

ചെറിയ ഉള്ളിയില്‍ തൊട്ടാല്‍ കരയും; കിലോയ്ക്ക് 160 രൂപയായി ഉയര്‍ന്നു

small onion
വെബ് ഡെസ്ക്

Published on Nov 08, 2026, 12:26 PM | 1 min read

തിരുവനന്തപുരം : സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളം തെറ്റിച്ച് സംസ്ഥാനത്ത് ചെറിയ ഉള്ളി വില കുതിക്കുന്നു. കേരളത്തിലെ ചില്ലറവിൽപ്പന ശാലകളിൽ ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് 160 രൂപയായി ഉയർന്നു. ആറ് മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന വിലയാണിത്.


തമിഴ്നാട്ടിലെ മൊത്തവിപണികളിൽ 60 മുതൽ 70 രൂപ വരെയാണ് വില. ഒറ്റയടിക്കാണ് ചെറിയ ഉള്ളിയുടെ വില കുതിച്ചുയർന്നത്. കാലാവസ്ഥാ വ്യതിയാനമാണ് വിളവ് കുത്തനെ കുറയാൻ കാരണമെന്ന് കർഷകർ പറഞ്ഞു. പ്രതികൂല കാലാവസ്ഥ കാരണം തമിഴ്നാട്ടിലടക്കം വടക്കെ ഇന്ത്യയിൽ ഉള്ളി ഉത്പാദന മേഖലകളിൽ ഇത്തവണ വിളവ് പകുതിയിലധികമായി കുറഞ്ഞിരുന്നു. മഴ മൂലം ഉള്ളികൾ അഴുകുന്നതും കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്.
ആറ് മാസം മുന്‍പ് 60 രൂപയായിരുന്നു ചെറിയ ഉള്ളിയുടെ വില. ഓണക്കാലത്ത് 100 കടന്നിരുന്നെങ്കിലും ഓണത്തിന് ശേഷം വിലയിൽ നേരിയ കുറവുണ്ടായി. എന്നാല്‍, ഇടവേളയ്ക്ക് ശേഷം വീണ്ടും വില കുത്തനെ ഉയർന്നിരിക്കുകയാണ്. വിലക്കയറ്റത്തിന്റെ ഏറ്റവും വലിയ ബാധ്യത സാധാരണ ഉപഭോക്താക്കളിലാണ് വന്നു ചേരുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം. എന്നാൽ, പൊതുജനത്തെ ബാധിക്കുന്ന പ്രധാന വിഷയമായിരുന്നിട്ടും വിലക്കയറ്റം നിയന്ത്രിക്കാൻ നടപടികളൊന്നുമെടുക്കാതെ മൗനം തുടരുകയാണ് സർക്കാർ.


നിലവിൽ തമിഴ്നാട്ടിലെ മൊത്തവിപണികളിൽ കിലോയ്ക്ക് 60 മുതൽ 70 രൂപ വരെ നിരക്കിലാണ് കച്ചവടമെങ്കിലും കേരളത്തിലേക്ക് എത്തുമ്പോൾ ഈ തൂക്കനഷ്ടവും കയറ്റിറക്കുകൂലിയും കടത്തുചെലവും ഇടനിലക്കാരുടെ ലാഭവും കൂടി ചേരുമ്പോൾ വില ഇരട്ടിയിലധികമായി മാറുന്നു. ഇതോടെയാണ് കേരളത്തിലെ ചില്ലറവിൽപ്പന ശാലകളിൽ ചെറിയ ഉള്ളി വില 150 രൂപ കടക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home