ഇന്ത്യയ്‌ക്ക് യഥാർഥത്തിൽ സ്വാതന്ത്രം ലഭിച്ചോ?; സോനംവാങ്ചുക്കിന്റെ ഭാര്യ


സ്വന്തം ലേഖകൻ
Published on Oct 02, 2025, 05:53 PM | 1 min read
ന്യൂഡൽഹി: ലഡാക്കിന്റെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ ജയിലിലടച്ച പരിസ്ഥിതിപ്രവർത്തകൻ സോനംവാങ്‌ചുക്കിനെ അറസ്റ്റ് ചെയ്ത സർക്കാർ നടപടിക്കെതിരെ ആഞ്ഞടിച്ച് ഭാര്യ ഗീതാഞ്‌ജലി ആങ്മോ. ഇന്ത്യയ്‌ക്ക് യഥാർഥത്തിൽ സ്വാതന്ത്രം ലഭിച്ചെന്ന് പറയാൻ കഴിയുമോ എന്ന് അവർ എക്‌സിൽ കുറിച്ചു. 1857ൽ 24,000 ബ്രിട്ടീഷുകാർ 135,000 ഇന്ത്യൻ ശിപായികളെ ഉപയോഗിച്ച് 30 കോടി ജനങ്ങളെ രാജ്ഞിയുടെ ആജ്ഞാനുസരണം അടക്കിഭരിച്ചു. എന്നാൽ, ഇപ്പോൾ ചുരുക്കം ചില ഉദ്യോഗസ്ഥർ 2400 പൊലീസുകാരെ ആയുധമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ആജ്ഞാനുസരണം മൂന്നുലക്ഷം ലഡാക്കികളെ അടിച്ചമർത്തുകയാണെന്നും ഗീതാഞ്‌ജലി കുറ്റപ്പെടുത്തി. ദേശീയ സുരക്ഷാനിയമപ്രകാരം അറസ്‌റ്റ് ചെയ്യപ്പെട്ട സോനം വാങ്‌ചുക്കിനെ ജോധ്‌പുർ സെൻട്രൽ ജയിലിൽ അടച്ചിരിക്കുകയാണ്.
അതേസമയം സോനംവാങ്‌ചുക്കിനെ വിട്ടയക്കാൻ അടിയന്തിരഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്‌ജലി ആങ്മോ രാഷ്ട്രപതിക്ക് നൽകി. ഒരു കാരണവും ഇല്ലാതെയാണ് വാങ്ചുക്കിനെ അധികൃതർ ജയിലിലടച്ചതെന്നും ഫോണിലോ നേരിട്ടോ അദ്ദേഹവുമായി സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും ഹിമാലയൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്‌സ് ലഡാക്ക് (എച്ച്‌ഐഎഎൽ) ഡയറക്ടർ കൂടിയായ ഗീതാഞ്‌ജലി രാഷ്ട്രപതി ദ്രൗപതിമുർമുവിന് അയച്ച നിവേദനത്തിൽ പറഞ്ഞു.
‘എന്റെ ഭർത്താവിന്റെ അന്യായ തടങ്കലിന് പുറമേ ഭരണസംവിധാനവും ഏജൻസികളും ഞങ്ങളെ തുടർച്ചയായി വേട്ടയാടുകയും നിരീക്ഷിക്കുകയും ചെയ്യുന്നത് തികച്ചും അപലപനീയമാണ്. വാങ്ചുക്കിന് നേരെ നടക്കുന്നത് ഒരു മര്യാദയുമില്ലാത്ത കടന്നാക്രമണങ്ങളാണ്. ഇന്ത്യൻ സൈന്യത്തിന് ലഡാക്കിൽ താവളങ്ങൾ ഉണ്ടാക്കാനും ലഡാക്കി ജനതയിൽ രാജ്യസ്‌നേഹം വളർത്താനും യത്നിച്ച വ്യക്തിയാണ് വാങ്ചുക്ക്. അതിർത്തികളിൽ ഐക്യവും സമാധാനപൂർണമായ സഹവർത്തിത്വവും ഉറപ്പാക്കാൻ അദ്ദേഹം വളരെ യത്നിച്ചു. ലഡാക്കിന്റെ സ്വന്തം പുത്രനെ ഇത്രയും തരംതാഴ്‌ന്ന രീതിയിൽ ആക്രമിക്കുന്നത് തന്ത്രപരമായ പാളിച്ചയാണെന്ന് തന്നെ പറയേണ്ടി വരും’– ഗീതാഞ്‌ജലി നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു.








0 comments