Deshabhimani

print edition യുപി ബിജെപിയിൽ 
ഭിന്നത രൂക്ഷം

bjp clash
avatar
സ്വന്തം ലേഖകൻ

Published on Nov 08, 2026, 12:30 AM | 1 min read

ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന ഉത്തർപ്രദേശിൽ ഉൾപാർടിപ്രശ്‌നങ്ങൾ ബിജെപിക്ക്‌ തലവേദനയാകുന്നു. അതൃപ്‌തരായ നേതാക്കളെയും പ്രവർത്തകരെയും അനുനയിപ്പിക്കുന്നതിനുള്ള തിരക്കിട്ട നീക്കങ്ങളിലേക്ക്‌ ദേശീയ നേതൃത്വം കടന്നു. ദേശീയ അധ്യക്ഷൻ നിതിൻ നബിൻ കഴിഞ്ഞ രണ്ടുമാസത്തിനിടെ പലവട്ടം യുപി സന്ദർശിച്ച്‌ അതൃപ്‌തരായ നേതാക്കളുമായും പ്രവർത്തകരുമായും കൂടിക്കാഴ്‌ച നടത്തി.

തഴയപ്പെട്ട മുൻ എംഎൽഎമാർ, മുൻ എംപിമാർ, മുൻ സംസ്ഥാന– ജില്ലാ പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ, സജീവമല്ലാത്ത മറ്റ്‌ നേതാക്കൾ തുടങ്ങിയവരുമായാണ്‌ നബിൻ കൂടിക്കാഴ്‌ച നടത്തിയത്‌. സെപ്‌തംബറിൽ സഹാരൻപുരിലും ഒക്‌ടോബറിൽ വാരണാസിയിലും കഴിഞ്ഞ ബുധനാഴ്‌ച ഗോരഖ്‌പുരിലുമെത്തി നബിൻ അതൃപ്‌തരായ നേതാക്കളെ കണ്ടു.


മുതിർന്ന നേതാക്കളെ കണ്ട്‌ പൂച്ചെണ്ട്‌ കൈമാറുന്നവർക്ക്‌ മാത്രമാണ്‌ ബിജെപിയിൽ പരിഗണന ലഭിക്കുന്നതെന്ന പരാതിയാണ്‌ ദേശീയ അധ്യക്ഷൻ വിളിച്ച യോഗത്തിൽ കൂടുതലായും ഉയർന്നത്‌. ബിജെപിക്കൊപ്പം ദീർഘകാലം നിലയുറപ്പിച്ചവർക്ക്‌ പരിഗണന കിട്ടുന്നില്ലെന്നും മറ്റ്‌ പാർടികളിൽ നിന്ന്‌ എത്തുന്നവർക്ക്‌ അനർഹമായ സ്ഥാനമാനങ്ങൾ നൽകുകയാണെന്നും പ്രാദേശിക നേതാക്കൾ പരാതിപ്പെട്ടു.


കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ ബിജെപിക്ക്‌ തിരിച്ചടി നേരിട്ടിരുന്നു. ഒക്‌ടോബറിൽ 11 എംഎൽസി സീറ്റുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിലും ബിരുദധാരി മണ്ഡലങ്ങളിൽ ബിജെപിക്ക്‌ വലിയ തോൽവി നേരിട്ടു. അഞ്ചിൽ നാല്‌ ബിരുദധാരി മണ്ഡലങ്ങളിലും മുഖ്യപ്രതിപക്ഷമായ സമാജ്‌വാദി പാർടിയാണ്‌ ജയിച്ചത്‌.


യോഗി ആദിത്യനാഥിന്റെ ഭരണത്തിനെതിരായ വികാരം പല ബിജെപി നേതാക്കളിലും പ്രകടമാണ്‌. യോഗി ഭരണത്തിൽ ഠാക്കൂർ വിഭാഗക്കാർക്ക്‌ മാത്രം പരിഗണന ലഭിക്കുന്നുവെന്ന ആക്ഷേപമാണ്‌ മറ്റ്‌ വിഭാഗക്കാർ പ്രധാനമായും ഉയർത്തുന്നത്‌. യാദവർ ഒഴികെയുള്ള പിന്നോക്ക വിഭാഗക്കാർ കഴിഞ്ഞ രണ്ട്‌ തെരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പമാണ്‌ നിലയുറപ്പിച്ചത്‌. ഇ‍ൗ വോട്ടുകളിലേക്ക്‌ കടന്നുകയറാൻ എസ്‌പി നടത്തുന്ന ശ്രമങ്ങളും ബിജെപിയെ അസ്വസ്ഥമാക്കുന്നുണ്ട്‌.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home